Sorry, you need to enable JavaScript to visit this website.

മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ച ബസ്  അപകടം: ഒമാനി ഡ്രൈവർക്ക് ശിക്ഷയിൽ ഇളവ് 

ദുബായ്- എമിറേറ്റിൽ 17 പേർ മരിച്ച ദാരുണമായ ബസ് അപകടത്തിന് കാരണക്കാരനായ ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷയിൽ അപ്പീൽ കോടതി ഇളവ് നൽകി. 55 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന്റെ തടവ് ശിക്ഷ ഏഴു വർഷത്തിൽനിന്ന് ഒരു വർഷമാക്കിയാണ് കോടതി കുറച്ചത്. 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ബ്ലഡ് മണിയും നൽകണമെന്ന വിധിയിൽ മാറ്റമില്ല. നഷ്ടപരിഹാര തുക മരിച്ചവരുടെ ബന്ധുക്കൾക്കാണ് നൽകേണ്ടത്. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനുള്ള ഉത്തരവും പിൻവലിച്ചിട്ടുണ്ട്. ഈ ബസ്സപകടത്തിൽ മരിച്ച 17 പേരിൽ എട്ടു പേർ മലയാളികളായിരുന്നു. 2019 ജൂലൈ മാസത്തിലാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. ഒമാനിൽനിന്ന് ദുബായിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപെട്ടത്. 
ദുബായ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാശിദിയ്യ എക്‌സിറ്റിൽ ബസ് ട്രാഫിക് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ 12 ഇന്ത്യക്കാരും രണ്ടു പാക്കിസ്ഥാനികളും ഉൾപ്പെടും. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ സ്വദേശികളായ ജമാലുദ്ദീൻ, വാസുദേവൻ വിഷ്ണുദാസ്, കിരൺ ജോണി, കോട്ടയം സ്വദേശി കെ. വിമൽ കുമാർ, രാജൻ പുതിയ പുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങുന്നവരാണ് ബസ്സിലുണ്ടായിരുന്നത്. ഡ്രൈവർക്ക് ഏഴു വർഷം തടവും അര ലക്ഷം ദിർഹം പിഴയുമാണ് നേരത്തെ വിധിച്ചിരുന്നത്. ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും ട്രാഫിക് കോടതി ഉത്തരവിട്ടിരുന്നു.
 

Tags

Latest News