Sorry, you need to enable JavaScript to visit this website.

പ്രവാസികളോടുള്ള ചിറ്റമ്മനയം  കേന്ദ്രം അവസാനിപ്പിക്കുക -മാസ്സ് 

തബൂക്ക് - നിരവധി പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ കോവിഡിന്റെ മറവിൽ ദ്രോഹിക്കുന്ന നടപടികൾ കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നു മാസ്സ് തബൂക്ക് (മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ്) കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. 
വിദേശങ്ങളിൽനിന്നും നാട്ടിലേക്ക് വരുന്നവർ വരുന്നതിനു 72 മണിക്കൂർ മുമ്പായി എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നാട്ടിൽ ഇറങ്ങിയതിന് ശേഷം വീണ്ടും സ്വന്തം ചെലവിൽ ഒരു ടെസ്റ്റ് കൂടി നടത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥ. വിദേശത്ത് ഏകദേശം 5000 ഓളം രുപ ചെലവിട്ട് പരിശോധന നടത്തി ആ സർട്ടിഫിക്കറ്റുമായി നാട്ടിലെത്തുമ്പോൾ വീണ്ടും 2000 ഓളം രൂപ മുടക്കി ടെസ്റ്റ് നടത്തുകയും പോരാത്തതിന് ക്വാറന്റൈനിൽ ഇരിക്കാൻ കൂടി നിർബന്ധിക്കുന്നത് പ്രവാസികളോട് കാണിക്കുന്ന കടുത്ത ദ്രോഹമാണ്. നാട്ടിൽ സകല കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തി രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും വിഹരിക്കുമ്പോളാണ് കോവിഡിനെ ചെറുക്കാനെന്ന പേരിൽ കേന്ദ്ര സർക്കാർ പ്രവാസികളുടെ നെഞ്ചത്ത് കേറുന്നത്. 
കോവിഡ് വാക്‌സിൻ എടുത്തവർക്കും പിഞ്ചു കുഞ്ഞുങ്ങൾക്കും വരെ ഈ നിബന്ധനയുള്ളത് കുടുംബമായി നാട്ടിലേക്ക് വരുന്ന കുടുംബങ്ങളുടെ മേൽ അധിക സാമ്പത്തിക ഭാരമാണ് അടിച്ചേൽപിക്കുന്നത്. അതിനാൽ ഈ നിബന്ധനകൾ എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നു കേന്ദ്രസർക്കാരിനോട് മാസ്സ് തബൂക്ക് പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു. നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്രവിദേശകാര്യ മന്ത്രിക്കും കത്തയക്കാനും കമ്മിറ്റി തീരുമാനിച്ചു.
കഴിഞ്ഞ വർഷം രോഗവ്യാപനം തുടങ്ങുന്ന സമയം കേരളസർക്കാർ നാട്ടിലെത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു വേണമെന്ന് പറഞ്ഞപ്പോൾ വ്യാപക പ്രതിക്ഷേധം ഉയർത്തി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും കുത്തിത്തിരിപ്പ് നടത്തി  പ്രതിക്ഷേധിച്ചവർ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ ഈ നിലപാടിൽ മൗനം അവലംബിക്കുന്നത് ഇരട്ടത്താപ്പാണ്. പ്രവാസികളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ട സംസ്ഥാന എം.പിമാരുടെ നിലപാടുകൾ പ്രതിഷേധാർഹമാണെന്നും മാസ്സ് തബൂക്ക് കുറ്റപ്പെടുത്തി.
നാട്ടിലേക്ക് വരുന്നവർക്ക് വിദേശങ്ങളിൽ നിന്നുള്ള കോവിഡ് പരിശോധന നിബന്ധന കേന്ദ്രസർക്കാർ ഒഴിവാക്കുകയും നാട്ടിലെ എയർ പോർട്ടിലെത്തുമ്പോൾ സൗജന്യമായി പരിശോധന നടത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തണമെന്നും മാസ്സ് തബൂക്ക് അവശ്യപ്പെട്ടു.          

 

Tags

Latest News