Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് കൂടുന്നുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം; കൂടുതല്‍ ജാഗ്രത അനിവാര്യം

റിയാദ് - രണ്ടു ദിവസമായി സൗദിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുകയാണെന്നും  കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.
24  മണിക്കൂറിനിടെ സൗദിയില്‍ 356 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 308 കൊറോണ ബാധിതര്‍ രോഗമുക്തി നേടുകയും അഞ്ചു കൊറോണ രോഗികള്‍ മരിക്കുകയും ചെയ്തു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ സൗദി അറേബ്യ ഇനിയും സ്ഥിരതയുടെ ഘട്ടത്തിലെത്തിയിട്ടില്ലെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.  ആറു പ്രവിശ്യകളിലായി 12 മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം  അടച്ചു. പതിനെട്ടു ദിവസത്തിനിടെ 153 പള്ളികളാണ് മന്ത്രാലയം അടച്ചത്. ഇതില്‍ 135 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്നു. റിയാദ് പ്രവിശ്യയില്‍ ആറു മസ്ജിദുകളും അല്‍ജൗഫ് പ്രവിശ്യയില്‍ രണ്ടു പള്ളികളും കിഴക്കന്‍ പ്രവിശ്യ, ജിസാന്‍, അല്‍ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ ഓരോ മസ്ജിദുകളുമാണ് പുതുതായി അടച്ചത്.
പത്തു പള്ളികള്‍ വ്യാാഴാഴ്ച മന്ത്രാലയം തുറന്നു. റിയാദ്, ജിസാന്‍, മക്ക, അസീര്‍ എന്നീ പ്രവിശ്യകളില്‍ രണ്ടു മസ്ജിദുകള്‍ വീതവും കിഴക്കന്‍ പ്രവിശ്യയിലും മദീനയിലും ഓരോ പള്ളികളുമാണ് തുറന്നത്. വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി, അടച്ച പള്ളികള്‍ അണുവിമുക്തമാക്കാന്‍ 24 മുതല്‍ 48 വരെ മണിക്കൂര്‍ എടുക്കുന്നതായി ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വാക്‌സിന്‍ വിതരണം വിപുലമാക്കിയിട്ടുണ്ട്. ഇതുവരെ 6,39,587 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
പശ്ചിമ റിയാദില്‍ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ലെബന്‍ (അല്‍അഹ്മദിയ) ഡിസ്ട്രിക്ടിലെ പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സെന്ററാണ് വാക്‌സിന്‍ സെന്ററായി റിയാദ് ഫസ്റ്റ് ഹെല്‍ത്ത് ക്ലസ്റ്റര്‍ മാറ്റിയിരിക്കുന്നത്. അല്‍ഖസീം പ്രവിശ്യയിലെ ബുറൈദയില്‍ രണ്ടു വാക്‌സിന്‍ സെന്ററുകള്‍ കൂടി തുറന്നു. ഖുദൈറ ഹെല്‍ത്ത് സെന്ററിലും അല്‍ഫായിസക്ക് തെക്കുള്ള ഹെല്‍ത്ത് സെന്ററിലുമാണ് വാക്‌സിന്‍ സെന്ററുകള്‍ തുറന്നിരിക്കുന്നത്. ഇതോടെ അല്‍ഖസീം പ്രവിശ്യയിലെ വാക്‌സിന്‍ സെന്ററുകളുടെ എണ്ണം അഞ്ചായി.
നാലു കൊറോണ വാക്‌സിനുകളെ കുറിച്ചു കൂടി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പഠിച്ചുവരികയാണെന്ന് അതോറിറ്റി വക്താവ് തൈസീര്‍ അല്‍മുഫറജ് പറഞ്ഞു. ഇതില്‍ ഏതെങ്കിലും വാക്‌സിന്‍ അംഗീകരിക്കുന്ന പക്ഷം അതേകുറിച്ച് പരസ്യപ്പെടുത്തും. സൗദിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്കു കീഴിലെ നിരീക്ഷണ സംഘം കൊറോണ വാക്‌സിന്‍ ഫാക്ടറി സന്ദര്‍ശിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തും. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം കൊറോണ വൈറസിന് അംഗീകാരം നല്‍കുന്ന കാര്യം ശാസ്ത്ര സമിതിക്കു മുന്നില്‍ വെക്കും. ഈ സമിതിയാണ് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. രണ്ടാമത് സ്വീകരിക്കുന്ന ഡോസ് വാക്‌സിന്‍ ആദ്യം സ്വീകരിച്ച അതേയിനം വാക്‌സിന്‍ തന്നെയായിരിക്കണം. വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്. കൊറോണ ചികിത്സക്ക് ഏതെങ്കിലും മരുന്ന് ഫലപ്രദമാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെന്നും തൈസീര്‍ അല്‍മുഫറജ് പറഞ്ഞു. നിലവില്‍ സൗദിയില്‍ രണ്ടു വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ഫൈസര്‍-ബയോന്‍ടെക്, അസ്ട്രസെനിക്ക വാക്‌സിനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്.

 

 

Latest News