Sorry, you need to enable JavaScript to visit this website.

ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്നു; 'പൊഗരു'വിനു 14 വെട്ട്

ബെംഗളൂര-ബ്രാഹ്മണ സമുദായത്തെ ആക്ഷേപിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളുമുണ്ടെന്ന് ആരോപണമുയര്‍ന്ന കന്നഡ സിനിമ 'പൊഗരു'വിലെ 14 രംഗങ്ങള്‍ പിന്‍വലിച്ചു. സിനിമയ്‌ക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കര്‍ണാടക ബ്രാഹ്മിണ്‍ ഡെവലപ്‌മെന്റ് ബോര്‍ഡും ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സും നടത്തിയ ചര്‍ച്ചയിലാണ് വിവാദരംഗങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത്. ചിത്രത്തിന്റെ സംവിധായകന്‍ നന്ദകിഷോര്‍ നേരത്തേ സംഭവത്തില്‍ മാപ്പുപറഞ്ഞിരുന്നു. ഒരു സമുദായത്തെയും ബോധപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് നന്ദകിഷോര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കുശേഷം തിയേറ്ററുകളിലെത്തിയ വന്‍കിട ചിത്രമാണ് ധ്രുവ സര്‍ജയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന പൊഗരു. ചിത്രത്തിലെ ചില രംഗങ്ങള്‍ ബ്രാഹ്മണ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണവുമായി യൂട്യൂബില്‍ ബെംഗളൂരു സ്വദേശി വീഡിയോയിട്ടതോടെയാണ് പ്രതിഷേധം തുടങ്ങിയത്. തുടര്‍ന്ന് വിവിധ ബ്രാഹ്മണസമുദായ സംഘടനകള്‍ കര്‍ണാടക ഫിലിം ചേംബറിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ബി.ജെ.പി. നേതാവ് ശോഭ കരന്തലജെയും ചിത്രത്തിനെതിരേ രംഗത്തെത്തി. പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്. കഥയില്‍ മാറ്റങ്ങള്‍ വരാത്ത രീതിയിലാണ് രംഗങ്ങള്‍ വെട്ടിമാറ്റുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
 

Latest News