ന്യൂദല്‍ഹി- പുതുച്ചേരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന, വികസനപദ്ധതികൾക്ക് തറക്കല്ലിടുന്ന ചടങ്ങ് അൽപസമയത്തിനകം നടക്കും. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി നിരവധി പദ്ധതികളുടെ ആരംഭം കുറിക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിച്ചേരുക. രണ്ടിടങ്ങളിലും അസംബ്ലി തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിലാണ് ഈ ചടങ്ങുകൾ നടക്കുന്നത്.
യാത്രയെക്കുറിച്ച് സൂചിപ്പിച്ച് പ്രധാനമന്ത്രി ചെയ്ത ട്വീറ്റ് ഇങ്ങനെ പറയുന്നു: 'ചില വികസനപദ്ധതികൾക്ക് തുടക്കമിടുന്നതിന് പുതുച്ചേരിയിലേക്കും തമിഴ്നാട്ടിലേക്കും പോകുന്നു. സാമ്പത്തികവളർച്ചയ്ക്കും ജീവിതായാസം കുറയ്ക്കുന്നതിനും ഉതകുന്ന പദ്ധതികളാണിവ.'
ഉച്ചയ്ക്ക് മുമ്പായി പുതുച്ചേരിയിലെ പരിപാടി അവസാനിക്കും. അടുത്ത പരിപാടി കോയമ്പത്തൂരിലാണ്. 12,400 കോടിയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുക. പുതുച്ചേരിയിൽ ഒരു മൈനർ പോർട്ടിന്റെ തറക്കല്ലിടൽ ചടങ്ങാണ് നടക്കുന്നത്. ഒരു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ബ്ലഡ് ബാങ്കും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പുതുച്ചേരിയിൽ പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് ട്രാഫിക് തടസ്സങ്ങളുണ്ടാകുമെന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലും അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുക.
പുതുച്ചേരിയിലെ "ഓപ്പറേഷൻ താമര"യുടെ വിജയത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനമെന്ന പ്രത്യേകതയുമുണ്ട്.






