Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനത്തിന്റെ മഹാ കേന്ദ്രമായി  കേരളം

ഇന്ത്യയിലാകെ ഒന്നര ലക്ഷത്തിൽ താഴെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികൾ. അവരിൽ അമ്പത്തെട്ടായിരത്തിലധികം പേരും കേരളത്തിൽ! 

അവകാശ വാദങ്ങളെല്ലാം വെറുതെയായിപ്പോയിരിക്കുന്നു. കോവിഡ് മഹാമാരി നേരിടുന്ന കാര്യത്തിൽ കേരളം വല്ലാതെ തോറ്റുപോകുന്നുവെന്നത് പല വഴിക്ക് ആശങ്ക പരത്തുകയാണിപ്പോൾ. മഹാരോഗം പൊട്ടിപ്പുറപ്പെട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും കേരളത്തിൽ രോഗത്തിന്റെ തീവ്രത കുറഞ്ഞില്ല. ഇപ്പറഞ്ഞ വിഷയത്തിൽ കേരളത്തിനും മഹാരാഷ്ട്രക്കും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കത്തെഴുതേണ്ടി വന്നത് നാട്ടിന് ഒരിക്കലും അഭിമാനകരമല്ല. ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരും പൊതുജനാരോഗ്യ സംവിധാനവുമെല്ലാമുള്ള നാടാണ് കേരളം. എല്ലാം എത്രയോ പതിറ്റാണ്ടുകളായി നാട് കൈവരിച്ചെടുത്ത നേട്ടം. സ്വാതന്ത്ര്യ പൂർവ കാലത്ത് നാടു ഭരിച്ച ഭരണാധികാരികൾ പോലും തങ്ങളുടെ ഭരണയിടം മികച്ച ആരോഗ്യ സംവിധാനം നിലവിലുള്ള നാടായി മാറണമെന്ന് ആഗ്രഹിക്കുകയും അതിനായി കഠിനമായി  പ്രവർത്തിക്കുകയും ചെയ്തുവെന്നതൊക്കെ ചരിത്ര സത്യം. രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന നിലവിലുള്ള ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വല്ലാതെ തകർന്നു പോയതാണ് കേന്ദ്ര ആരോഗ്യ സംവിധാനത്തെ  ആശങ്കയിലാക്കിയതെന്ന് കാണാവുന്നതാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് ഇനിയും വിപുലമാക്കാനും നേരത്തേ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റിവായവരെയും  നിർബന്ധമായും ആർ.ട.ി.പി.സി.ആർ ടെസ്റ്റിന് വിധേയമാക്കണമെന്നും  കത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.  ആദ്യനാളുകളിൽ രോഗം വരാതിരിക്കാനും പകരാതിരിക്കാനും  കാണിച്ച കരുതലും ജാഗ്രതയും ഇപ്പോൾ  എവിടെയോ പോയ്മറഞ്ഞു? കോവിഡ് രോഗിയുടെ റൂട്ട് മാപ്പുണ്ടാക്കി സഞ്ചാര വഴികളിൽ പ്രതിരോധം തീർത്ത കേരളം ഇന്നതല്ലാം മറന്നുപോയി. രാജ്യത്തെ ആകെയുള്ള കോവിഡ് രോഗികളിൽ നാലിൽ മൂന്നു പേരും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ്.  രാജ്യത്തെ ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.79 ശതമാനമാണെങ്കിൽ  കേരളത്തിൽ അത് എട്ടു ശതമാനത്തിനടുത്ത് നിൽക്കുന്നു.  ഇന്ത്യയിലാകെ ഒന്നര ലക്ഷത്തിൽ താഴെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികൾ.  അവരിൽ അമ്പത്തെട്ടായിരത്തിലധികം പേരും കേരളത്തിൽ!   കേരളത്തിന്റെ പാരമ്പര്യത്തിന്  ചേരാത്ത വിധം രോഗികളോട് ക്രൂരമായി പെരുമാറിയ ജനതയുമായിരുന്നു മലയാളി എന്നത് ഇന്ന് എല്ലാവരും മറക്കാൻ ശ്രമിക്കുന്ന കറുത്ത കാലം.   മഹാമാരിയുടെ തുടക്കത്തിൽ നാടു കാണാൻ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ അയ്യായിരത്തിൽപരം പേർ രോഗപശ്ചാത്തലത്തിൽ അനുഭവിച്ച പ്രയാസങ്ങൾ കഴിഞ്ഞ വർഷം വലിയ തോതിൽ വാർത്തയായതാണ്. കേരളത്തിൽ അകപ്പെട്ടുപോയ ആ മനുഷ്യർ അന്നനുഭവിച്ച പ്രയാസങ്ങൾക്ക് കൈയും കണക്കുമുണ്ടായിരുന്നില്ല.  വിദേശത്ത് നിന്ന് വരുന്നവരാണ് രോഗം കൊണ്ടു വരുന്നതെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുന്ന കാര്യത്തിൽ അന്ന് ഭരണാധികാരികളും അവരെ പിന്തുണക്കുന്നവരും മുന്നിലുണ്ടായിരുന്നു. രോഗലക്ഷണമുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഒരു വിദേശി ആരും അറിയാതെ  വിമാന യാത്രക്ക് മുതിർന്നപ്പോൾ കേരളമാകെ ആ സംഭവം ആഘോഷമാക്കിയത് ഇന്നലെ കഴിഞ്ഞതു പോലെ എല്ലാവരും ഓർക്കുന്നുണ്ടാകും. അതാ, അവരാണ്, അവർ തന്നെയാണ് രോഗം കൊണ്ടുവരുന്നവരെന്ന് പറഞ്ഞ് കേരളം അന്ന് ആ നിർഭാഗ്യവാന്മാർക്ക് നേരെ ചീറിയടുത്തു. അത്ര കണ്ട് സംസ്‌കാരശൂന്യരായ ജനതയാണെന്ന് കുറച്ചു പേരെങ്കിലും  അന്ന്  ലോകത്തിന് കാണിച്ചു കൊടുത്തു. ലോഡ്ജിൽ മുറി കിട്ടാഞ്ഞതിനെത്തുടർന്ന് ഒരു മനുഷ്യന് സെമിത്തേരിയിൽ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നിരുന്നു. ഇറ്റലിയിൽനിന്നെത്തിയ യുവാവും ഫ്രഞ്ചുകാരിയായ സുഹൃത്തും വാഹനം കിട്ടാതെ മണിക്കൂറുകളോളം പൊരിവെയിലത്ത് റോഡിൽ നടന്നുതളർന്നപ്പോൾ കേരളം അവർക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചത് ഇപ്പോൾ ഓർക്കുമ്പോൾ  നാണം തോന്നുന്നുണ്ടാകാം.  നാണിച്ചിട്ടു കാര്യമില്ല, അതായിരുന്നു അന്നവസ്ഥ. പേടിയല്ല ജാഗ്രതയാണാവശ്യം എന്ന് അധികൃതർ  വെറുതെ ഭംഗി വാക്കു പറഞ്ഞതല്ലാതെ മറ്റൊരു മാറ്റവും ആരും കൊണ്ടുവന്ന് തന്നിട്ടില്ല. 
ഇന്നിപ്പോൾ കോവിഡിന്റെ മഹാ കേന്ദ്രമായി കേരളം മാറിപ്പോയിരിക്കുന്നു. ഇത് നിയന്ത്രിക്കാൻ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുമ്പോൾ ഭരണ കൂടത്തിന് ധൈര്യമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് കാല അമിതാധികാര പ്രയോഗമൊന്നും ഇനിയാരും നടപ്പാക്കാൻ ധൈര്യപ്പെടില്ല. അതുകൊണ്ട് സെക്ടറൽ മജിസ്‌ട്രേട്ടുമാരും  മറ്റുമൊക്കെ ഇനി കേവലം അലങ്കാര പദവി മാത്രമാകും. ഭരിക്കുന്നെങ്കിൽ കോവിഡ് കാലത്ത് ഭരിക്കണമെന്ന് പ്രൊഫ. കൽപറ്റ നാരായണൻ അന്നൊരിക്കൽ കടുത്ത വിമർശം ചൊരിഞ്ഞതോർക്കുക. രണ്ട് മാസത്തോളം നീണ്ട ലോക്ഡൗൺ കാലത്ത്  ജനം ശരിക്കും ശ്വാസംമുട്ടിയായിരുന്നു ജീവിച്ചത്. വല്ലാതെ പേടിച്ചു പോയിരുന്നു അന്ന് മനുഷ്യർ. രോഗത്തെ മാത്രമല്ല മനുഷ്യർ അന്ന് ഭയപ്പെട്ടത്,  ഭരിക്കുന്നവരെയുമായിരുന്നു. ഇപ്പറഞ്ഞ ദുരിതങ്ങളുടെയൊന്നും  ഒരു ഗുണവും കേരളത്തിന് കിട്ടിയില്ലല്ലോ എന്ന് സങ്കടപ്പെടാൻ പോലും എവിടെയും ആരെയും ഇന്ന് കാണാനില്ല. 
വീടും തെരുവുമാകെ ഇന്ന് കോവിഡ് രോഗികളാണ്. എവിടെയും ഒരു നിയന്ത്രണവും കാണാനില്ല. കടകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ അകലം പാലിക്കാൻ വരച്ചിട്ട വെളുത്ത  കള്ളികൾ ഇന്ന് ജനത്തെ നോക്കി പരിഹസിക്കുന്നു. തിരുവനന്തപുരം ജില്ലാ കലക്ടർ പദവിയിലിരിക്കുന്ന ഡോ. നവജോത് ഖോസയായിരുന്നു ബ്രേക്ക് ദി ചെയിൻ എന്ന ആശയം കേരള സർക്കാരിന് നൽകിയത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവർത്തിക്കവേ, വൈദ്യശാസ്ത്രവും പഠിച്ച അവരുടെ പ്രതിഭയിൽ നിന്നുണ്ടായ ഈ മുദ്രാവാക്യവും  രാഷ്ട്രീയക്കാർ  സ്വന്തമാക്കി ഉപയോഗിച്ചതല്ലാതെ ഇതിനൊന്നും തുടർച്ചയുണ്ടായില്ല.  ഇപ്പറഞ്ഞ ബ്രേക്ക് ദി ചെയിൻ  ആശയം ഡോ.ഖോസയുടെതാണെന്നറിയാവുന്നവർ പോലും വിരളമായിരിക്കും.   വാർഡിൽ ഒരു കോവിഡ് ബാധിതനുണ്ടെന്ന് റിപ്പോർട്ട് കിട്ടിയാൽ  ആ വാർഡാകെ കണ്ടെയ്ൻമെന്റ് സോണാക്കി അടച്ചിടുകയായിരുന്നു ആദ്യനാളുകളിൽ ചെയ്തത്. രോഗം ബാധിച്ചവർ  സ്വന്തം വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുന്ന തരത്തിലേക്ക് സംവിധാനം  മാറി. ഇപ്പോൾ  നാമമാത്ര നിയന്ത്രണം പോലുമില്ല. വരാനിരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പാണ്.   ആൾക്കൂട്ടങ്ങളുടെ ആഘോഷ കാലം.  മുഖാവരണം  മാത്രമാണ് ആകെ ബാക്കിയുള്ള പ്രതിരോധ രീതി. മുഖമറ ധരിക്കുന്നുണ്ടെങ്കിലും അത് മൂക്കും വായും മറയ്ക്കുന്ന വിധത്തിലല്ല. പൊതുസ്ഥലങ്ങളിലെയും   വിപണികളിലെയുമെല്ലാം  സാനിറ്റൈസർ  ഇന്ന് ഒഴിഞ്ഞ പാത്രങ്ങൾ മാത്രമായി മാറി.  
കർണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിൽനിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ അവസ്ഥയാണിപ്പോൾ. ഇപ്പറഞ്ഞ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ ഇങ്ങോട്ട് വന്നപ്പോൾ  അവരെ  മരണത്തിന്റെ വ്യാപാരികളായി കണ്ടവരെയൊക്കെ  നമുക്കിപ്പോൾ സൗകര്യപൂർവം  മറന്നുകളയാം.  എല്ലാവരും ചേർന്ന് കോവിഡ് മഹാമാരിയിൽ  കേരളത്തെ ഒന്നാമതെത്തിച്ചത് പക്ഷേ  എങ്ങനെ മറക്കാനാകും.  


 

Latest News