Sorry, you need to enable JavaScript to visit this website.

കുക്ക് പറഞ്ഞ കഥ

ചിക്കൻ ഒരു പ്രശ്‌നമല്ലായിരുന്നു. എന്നാൽ ബീഫും മട്ടനും മീനും അങ്ങനെയല്ല. ചിക്കൻ വിതരണ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരളുണ്ടായതുകൊണ്ട് ഡേറ്റ് തീരാറായ ചിക്കൻ കൊണ്ടുവന്നു തള്ളും. അയൽ ഫഌറ്റുകളിലുള്ളവർക്കു കൂടി കൊടുത്താണ് അത് തീർക്കാറുള്ളത്. മീനാണ് ഒരിക്കൽ വലിയ പ്രശ്‌നമായത്. തെറ്റിദ്ധാരണയായിരുന്നു കാരണം. 
പുതുതായി എത്തിയ കുക്ക് കഥ പറയുകയാണ്. നല്ല വായാടി കുക്ക്. അടുക്കള കഥകൾ കേൾക്കാൻ മുറിയിലുള്ള എല്ലാവർക്കും താൽപര്യവും. 
മീനിന്റെ കാര്യം തന്നെ. ഒന്നു ചോദിക്കാനുണ്ട്. മൽബു ഇടയ്ക്കു കയറി പറഞ്ഞു.
അന്തേവാസികൾക്കെല്ലാം മീൻ കഷ്ണം ഉറപ്പാക്കാൻ നിങ്ങൾ ടൂത്ത് പിക് ടെക്‌നിക് ഉപയോഗിക്കാറുണ്ടോ?
ഏയ്, എനിക്ക് ഇതുവരെ അത് ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഞാൻ ജോലി ചെയ്തിടത്തൊക്കെ പൊതുവെ എല്ലാം ഷെയർ ചെയ്യുന്ന സ്വഭാവമുള്ള നല്ലയാളുകളായിരുന്നു. എപ്പോഴും ഒരുമ കാത്തുസൂക്ഷിക്കാൻ കൊതിക്കുന്ന തങ്കം പോലുള്ള മനുഷ്യന്മാർ. അഞ്ചു പേരും ആറു മീൻ കഷ്ണവുമുണ്ടെങ്കിൽ ആറാമത്തേത് തുല്യമായി വീതിക്കും. മറ്റെയാൾക്ക് കിട്ടിയെന്ന് ഉറപ്പു വരുത്തിയ ശേഷമേ അവർ സ്വന്തം മീനായാലും മട്ടൻ പീസായാലും കഴിക്കുകയുള്ളൂ.
പിരിഞ്ഞുപോയ കുക്കിന്റെ അനുഭവവും നിങ്ങളുടെ മുഖങ്ങളും കാണുമ്പോൾ ഇവിടെ ടൂത്ത്പിക് ടെക്‌നിക് വേണ്ടിവരുമെന്ന് ഞാൻ ഭയപ്പെടുന്നു.
ഞങ്ങളുടെ മുഖത്തിന് എന്താണ് കുഴപ്പം? ഹമീദിന് സഹിച്ചില്ല.
വലിഞ്ഞുമുറുകയിരിക്കയല്ലേ നിങ്ങളുടെ മുഖങ്ങൾ. പോയി കണ്ണാടിയിൽ നോക്ക്. എല്ലാവർക്കും ബോധ്യമാകും.
എത്രയെത്ര മുഖങ്ങൾ ഞാൻ കണ്ടിരിക്കുന്നു. ഒന്നു നോക്കിയാൽ മതി, ക്ഷിപ്ര കോപിയാണോ കാര്യങ്ങൾ തമാശയായി എടുക്കുമോ എന്നൊക്കെ അറിയാം.
ഇയാൾ മഹാ മുൻകോപിയാണ്. ദേഷ്യം അടക്കാനുള്ള കഴിവില്ല. ഹമീദിനെ നോക്കി കുക്ക് പറഞ്ഞപ്പോൾ മൽബു ഹമീദിന്റെ കൈയിൽ അമർത്തിപ്പിടിച്ചു. 
ഇവിടെയും ഒരുമ തന്നെയാണ്. ടൂത്ത്പിക് ടെക്‌നിക്കൊന്നും ആവശ്യമില്ല 
-കുക്കും ഹമീദും തമ്മിൽ മുറുകുമായിരുന്ന സംഘർഷത്തിൽ അയവു വരുത്തി മൽബു പറഞ്ഞു.
ഒരു ബാച്ചിലർ റൂമിൽ അഞ്ചോ ആറോ പേരുണ്ടെങ്കിൽ അയക്കൂറയോ ആവോലിയോ പൊരിക്കുന്ന ദിവസം എല്ലാവർക്കും വലിയ പീസുറപ്പിക്കാൻ പേരെഴുതിയ കടലാസ് പിടിപ്പിച്ച ടൂത്ത്പിക് കുത്തിവെക്കുന്നതാണ് ടൂത്ത്പിക് ടെക്‌നിക്. 
ഇതൊക്കെ അടുക്കള കാര്യമല്ലേ എന്നു ചോദിക്കാമെങ്കിലും ഒരുമ അടുക്കളയിലും ഡൈനിംഗ് ടേബിളിലും തുടങ്ങണമെന്ന പക്ഷക്കാരനാണ് കുക്ക്. 
സാധാരണ നിയമിക്കപ്പെടുന്ന കുക്കുകൾ അന്തേവാസികളുടെ പ്രശ്‌നങ്ങളിലേക്കോ സ്വകാര്യതയിലേക്കോ ഇടപെടാനൊന്നും പാടില്ല. ഭക്ഷണം ഉണ്ടാക്കുക. മാസാവസാനം ശമ്പളം വാങ്ങുക. ഇതു മതി.
ഇതിപ്പോൾ സംസാര പ്രിയനായതിനാലും കേൾവിക്കാരുള്ളതിനാലും മാത്രം കഥ പറച്ചിൽ തുടരുന്നു. 
പറയൂ, മീനിന്റെ പേരിലുണ്ടായ മിസണ്ടർസ്റ്റാൻഡിംഗ് എന്താണ്. മൽബു പ്രോത്സാഹിപ്പിച്ചു.


ആവോലി ബിരിയാണി വെച്ച ദിവസമായിരുന്നു അത്. ഒരു വെള്ളിയാഴ്ച. അയൽ ഫഌറ്റുകളിലുള്ളവർ പോലും ചോദിച്ചിരുന്നു. ഇന്ന് അവിടെ സൂപ്പറാണെന്ന് തോന്നുന്നല്ലോ. മണമടിച്ചിട്ടു വയ്യ. വായിൽ വെള്ളമൂറുന്നു.
എല്ലാവരും പള്ളിയിൽ പോയി വന്ന ശേഷമാണ് ഭക്ഷണം കഴിക്കാൻ ഇരിക്കേണ്ടത്. എറമൂക്കയാണ് ആദ്യമെത്തിയത്. 
ഡൈനിംഗ് ടേബിളിൽ ബിരിയാണിക്കു ശേഷം നർബന്ധമായ സ്‌പെഷ്യൽ പായസം വരെ നിരത്തിയ ശേഷം ഞാനൊന്ന് വിശ്രമിക്കുകയായിരുന്നു.
എറമൂക്ക വന്നപാടെ കൈ പോലും കഴുകാതെ നേരെ ബിരിയാണിക്കു മുന്നിൽ പോയി ഇരുന്നു. കൈ കഴുകണമെന്ന സുന്നത്ത് ഇപ്പോഴാണല്ലോ എല്ലാവരും മുറുകെ പിടിക്കുന്നത്. അന്നൊക്കെ ജുമുഅക്ക് പോകുമ്പോൾ അംഗസ്‌നാനം വരുത്തിയ  കൈ മതി. എത്ര പേർക്ക് കൈ കൊടുത്താലും കൈ കഴുകണമെന്ന് നിർബന്ധം പിടിക്കാറില്ല. 
എന്നിട്ടെന്തുണ്ടായി. കോവിഡിലേക്കും സുന്നത്തിലേക്കൊന്നും പോയി നീട്ടിപ്പറയാതെ ചുരുക്ക് -ഹമീദിന് വീണ്ടും സഹി കെട്ടു. പക്ഷേ കുക്കുമായി കലാപമൊന്നും ഉണ്ടായില്ല.
എറമുക്കാക്ക് പിന്നാലെ പള്ളിയിൽ നിന്നെത്തിയ ഹുസൈൻക്ക ഡൈനിംഗ് ടേബിളും കടന്ന് അടുത്ത മുറയിൽ യുട്യൂബിലെ പാട്ട് കേൾക്കുകയായിരുന്ന എന്റെ അടുത്തേക്ക് പാഞ്ഞെത്തി.
അയാൾ ശരിക്കുമൊരു കള്ളനാണ്. 
ആര് ? 
അപ്പുറത്തിരിക്കുന്ന ആ മുതല് തന്നെ. 
എന്താ സംഭവം? അയാൾ ഇപ്പോ ഇങ്ങോട്ട് എത്തീട്ടേയുള്ളൂ.
അയൾ വേറെ പ്ലേറ്റുകളിൽനിന്ന് ആവോലി കഷ്ണങ്ങൾ മോഷ്ടിക്കുന്നു.
ഏയ് അങ്ങനെ ചെയ്യുമോ? 
എറമുക്കാനെ എനിക്കറിയം. കൊളസ്‌ട്രോൾ പേടിച്ച് മീനും മട്ടനും ബീഫുമൊക്കെ കുറക്കുന്നയാളാണ്. അങ്ങനെയൊരാൾ മറ്റൊരാളുടെ മീൻ കഷ്ണമെടുക്കില്ല. ഉറപ്പാണ്.
പോയി നോക്ക്.
ഹുസൈൻക്കനെയും കൂട്ടി ഞാൻ ടേബിളിനടുത്ത് ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച കരളലയിപ്പിക്കുന്നതായിരുന്നു. 
ഹലാക്കിന്റെ സസ്‌പെൻസ് കള. പറഞ്ഞു തീർക്ക് -ഹമീദ് വീണ്ടും ഇടപെട്ടു.
അതേയ്, എറമുക്കാന്റെ പ്ലേറ്റിൽ ഒറ്റ മീൻ കഷ്ണവുമില്ല. സ്വന്തം പ്ലേറ്റിൽ ഉണ്ടായിരുന്നതെല്ലാം മറ്റുള്ളവരുടെ പ്ലേറ്റിലേക്ക് മാറ്റി അയാൾ പച്ചച്ചോറ് തിന്നുകയായിരുന്നു. 
ഞാൻ ഹുസൈൻക്കന്റെ മുഖത്തേക്ക് കടുപ്പിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. പക്ഷേ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

Latest News