Sorry, you need to enable JavaScript to visit this website.

സമുദായ വിരുദ്ധരെ സ്ഥാനാർഥികളാക്കരുത്; ചങ്ങനാശ്ശേരി അതിരൂപതയുടെ നിർദേശം വിവാദത്തിൽ

കോട്ടയം- സമുദായ വിരുദ്ധരെ ഒരിക്കലും സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കരുതെന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ നിർദേശം രാഷ്ട്രീയ സംവാദത്തിന് വീണ്ടും ചൂടു പകർന്നു. 
തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയവുമായി ബന്ധപ്പെടുന്ന ഇടയലേഖനം ഇക്കുറി ഉണ്ടാവില്ലെന്ന കർദിനാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ നിർദേശം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരെ സ്ഥാനാർഥികളാക്കണമെന്നാണ് ചങ്ങനാശ്ശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനത്തിൽ പറയുന്നത്. ഇരു മുന്നണികൾക്കും ക്രൈസ്തവരുടെ പ്രത്യേകിച്ച് കത്തോലിക്ക സമുദായത്തിന്റെ വോട്ട് നിർണായകമായിരിക്കെ ഈ പ്രസ്താവനയ്ക്ക് പ്രസക്തിയേറുകയാണ്.
സമുദായ വിരുദ്ധ നിലപാടുകളും ആദർശങ്ങളും ഉള്ളവർ സമുദായത്തിന്റെ പേരിൽ നിയമസഭയിൽ കടന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്നു മാത്രമല്ല, ആപത്കരവുമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ ക്രൈസ്തവ സമൂഹം യു.ഡി.എഫിൽനിന്ന് അകലുന്നു എന്ന വിലയിരുത്തൽ ഉയർന്നിരുന്നു. അതേ സമയം അടുത്തയിടെ ചാണ്ടി ഉമ്മൻ ക്രൈസ്തവരെ പരാമർശിച്ചു വിവാദ പ്രസ്താവന നടത്തിയിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവി പ്രയോഗവും വിവാദത്തിലായിരുന്നു.


പള്ളിത്തർക്കത്തിൽ ശാശ്വത പരിഹാരം കണ്ടെത്താത്തതിന്റെ പേരിൽ ഓർത്തുഡോക്‌സ് സഭ ഉമ്മൻചാണ്ടിക്ക് എതിരായിരുന്നു. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭ ഇടതുമുന്നണിയിൽ ചേക്കേറിയ ജോസ് കെ. മാണിയെ പൂർണമായും പിന്തുണക്കുകയും ചെയ്തു. തുടർന്നും ഈ പിന്തുണ ജോസ് കെ. മാണിക്കുണ്ടാകുമെന്നാണ് കരുതുന്നത്. എന്നും സഭയോട് ചേർന്ന് നിന്നിരുന്ന കെ.എം. മാണിയെപോലെ ജോസ് കെ. മാണിയെയും പോലുള്ള നേതാക്കളെയാണ് സഭയ്ക്കു താൽപര്യം. പക്ഷേ എൽ.ഡി.എഫിന്റെ പല നിലപാടുകളോടും സഭകൾക്കു യോജിപ്പുമില്ല.
മധ്യകേരളത്തിലെ പ്രധാന സഭയാണ് ചങ്ങനാശ്ശേരി സഭ. കോട്ടയം ജില്ലയിലെ വോട്ടുബാങ്കു രാഷ്ട്രീയത്തെ ഈ പ്രസ്താവന സ്വാധീനിക്കുമെന്ന് ഇരുമുന്നണികളും വിശ്വസിക്കുന്നു. യു.ഡി.എഫിന്റെ പ്രധാന വോട്ടു ബാങ്കായ ക്രൈസ്തവ സഭയുടെ അകൽച്ച കുറച്ചൊന്നുമല്ല യു.ഡി.എഫിനെ തളർത്തിയത്. ഇനിയും ഇത്തരത്തിലുള്ള മനോഭാവം സഭയോട് വെച്ചു പുലർത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പോലെ അവർത്തിക്കുമെന്നുള്ള മുന്നറിയിപ്പുകൂടിയാണ് സഭയുടെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് സഭയോട് ആലോചിച്ചു വേണമെന്ന പരോക്ഷ നിർദേശവും സഭ നൽകുന്നുണ്ട്. 


സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരും പലപ്പോഴും സമുദായത്തിന്റേയും സഭയുടേയും പേരിൽ ഇത്തരം സ്ഥാനങ്ങളിൽ എത്താറുണ്ട്. അവർ സമുദായത്തിന് എതിരായ നടപടികൾ എടുക്കുന്നു. അത് ഒഴിവാക്കേണ്ടതുണ്ട്.' ഈ നിർദ്ദേശം തന്നെ ക്രൈസ്തവ സഭക്കെതിരെ തിരിയുന്നവർക്ക് നേരെയുള്ള ഒളിയമ്പാണ്. വിശ്വാസം കൊണ്ടും ജീവിതംകൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാമനോഭാവത്തോടെ വിമർശിക്കുന്നവരുമായ ചില സമുദായാംഗങ്ങൾ സമുദായ വിരുദ്ധത വളർത്തുന്നതായും ലേഖനം ചൂണ്ടിക്കാണിക്കുന്നു. സഭയെ വിമർശിക്കുന്നവരെയൊന്നും സഭ പിന്താങ്ങില്ല എന്ന ഉറച്ച തീരുമാനമാണ് സഭയുടെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏതായാലും ക്രൈസ്തവ സഭകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില ഉറപ്പുകൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തം.

 

Tags

Latest News