തിരുവനന്തപുരം- കോവളം മണ്ഡലത്തിലെ സി.പി.എം രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ ബി.ജെ.പിയിൽ ലയിച്ചതായി അവകാശവാദം. മുല്ലൂർ സി.പി.എം ബ്രാഞ്ച് ഓഫിസ് ബി.ജെ.പി കാര്യാലമായി പ്രവർത്തിക്കുമെന്ന് ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്. എന്നാൽ അത് പാർട്ടി ഓഫിസ് ആയിരുന്നില്ലെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ബി.ജെ.പിയിൽ ചേർന്നതെന്നും സി.പി.എം കോവളം ഏരിയാ കമ്മിറ്റി വ്യക്തമാക്കി.
തിരുവനന്തപുരത്ത് എൻ.ഡി.എയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ഓഫിസ് ഉദ്ഘാടനത്തിന് ശേഷമായിരുന്നു സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും വിഴിഞ്ഞം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മുക്കോല പ്രഭാകരന്റെ നേതൃത്വത്തിൽ നൂറിലേറെ പ്രവർത്തകർ ബി.ജെ.പിയിൽ ചേർന്നത്. മുല്ലൂർ, തോട്ടം ബ്രാഞ്ച് കമ്മിറ്റി അപ്പാടെ ബി.ജെ.പിയിൽ ലയിച്ചുവെന്ന് ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് വ്യക്തമാക്കി.






