Sorry, you need to enable JavaScript to visit this website.

ആർത്തിയുള്ളവരെ ആർക്കും തടയാനാകില്ല: സർക്കാരിന്റെ വീഴ്ചയെക്കുറിച്ച് വി നാരായണസ്വാമി

പുതുച്ചേരി- അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പുതുച്ചേരി കോൺഗ്രസ് ഭരണത്തിലുണ്ടാകരുതെന്ന് ഉറപ്പാക്കുകയാണ് ബിജെപി ചെയ്തിരിക്കുന്നതെന്ന് രാജിവെച്ച മുഖ്യമന്ത്രി വി നാരായണസ്വാമി. ഇതാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി മന്ത്രിസഭയെ വീഴ്ത്താൻ അവർ ശ്രമിച്ചതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് എപ്പോഴും പുതുച്ചേരിയെ പിന്നണിയിൽ നിന്ന് നിയന്ത്രിക്കാൻ താൽപര്യമായിരുന്നെന്നും നാരായണസ്വാമി പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗവർണർ സ്ഥാനത്തു നിന്ന് കിരൺ ബേദിയെ നീക്കുന്നതിൽ തങ്ങൾ വിജയിച്ചെങ്കിലും പുതിയ ഗവർണറായ തമിളിസൈ സൌന്ദരരാജനും സമാനമായ നിലപാടെടുക്കുന്നയാളാണെന്നും നാരായണസ്വാമി പറഞ്ഞു. ബിജെപി ആവശ്യപ്പെടുന്നത് ചെയ്യുകയാണ് അവർ. കിരൺബേദി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ റിവ്യൂ മീറ്റിങ് സംഘടിപ്പിച്ച് സമാന്തരഭരണം നടത്താൻ ശ്രമിക്കുകയായിരുന്നു. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ അവർ ഇടപെട്ടു.

എന്നിരിക്കിലും തങ്ങൾ അഞ്ചുവർഷം ഏതാണ്ട് പൂർത്തിയാക്കിയെന്ന് നാരായണസ്വാമി പറഞ്ഞു. ഓരോദിവസവും തങ്ങൾ പോരാടിയാണ് മുമ്പോട്ടു പോയത്. ഇനിയും ആ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നടക്കാത്ത വാഗ്ദാനങ്ങൾ നൽകിയാണ് തന്റെ കൂടെയുള്ള വിശ്വസ്തരെപ്പോലും ബിജെപി പാട്ടിലാക്കിയതെന്ന് നാരായണസ്വാമി പറഞ്ഞു. പുതുച്ചേരിയിലെ നേതാക്കളെ വശത്താക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയായിരുന്നു കേന്ദ്രം. മറ്റ് സംസ്ഥാനങ്ങളിലും ഇതേ മാതൃക അവർ പിന്തുടരുന്നു. എന്തുകൊണ്ടാണ് ഈ അഞ്ച് വർഷക്കാലവും എംഎൽമാർ ഇത് ചെയ്യാതിരുന്നതെന്നും നാരായണസ്വാമി ചോദിച്ചു. സർക്കാരിന്റെ കാലാവധി കഴിയാൻ പോകുമ്പോൾ കിട്ടിയ നേട്ടത്തിനു പിന്നാലെ പോയിരിക്കുകയാണ് അവർ.

മൂന്ന് മാസം മുമ്പു തന്നെ ബിജെപിയുടെ നീക്കം താൻ അറിഞ്ഞിരുന്നെന്ന് നാരായണസ്വാമി ആവർത്തിച്ചു. താൻ എംഎൽഎമാർക്ക് ആത്മവിശ്വാസം നൽകാൻ ശ്രമിച്ചെിരുന്നു. എന്നാൽ ആർത്തിയുള്ളവരെ ആർക്കും തടയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതെസമയം സർക്കാരിന്റെ വീഴ്ചയ്ക്കു കാരണം വൻ അഴിമതികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി സാമിനാഥൻ പറഞ്ഞു.

Latest News