നാട്ടിലേക്കുള്ള യാത്ര മുടങ്ങിയ നിസാര്‍ സഅദി മുന്നറിയിപ്പ് നല്‍കുന്നു
റിയാദ്- നിയമ ലംഘകരില്ലാത്ത രാജ്യം കാമ്പയിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ആരംഭിച്ചിരിക്കുന്ന കര്‍ശന പരിശോധനയില്‍ ഇഖാമ കൈവശമില്ലാത്ത നിരപരാധികളും കുടുങ്ങുന്നു.
തൊഴില്‍, ഇഖാമ നിയമ ലംഘകരെ കണ്ടെത്തി പിടികൂടാനാണ് വ്യാപക റെയഡ് നടക്കുന്നത് എന്നതിനാല്‍ ഒരു കാരണവശാലും ഇഖാമ കൈയില്‍ കരുതാതെ പുറത്തിറങ്ങരുത്. വിവിധ വകുപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരും വ്യാപക റെയ്ഡും പരിശോധനകളും നടത്തുന്നതിനാല്‍ ഏതു നിമിഷവും ഇഖാമ പരിശോധിക്കാന്‍ സാധ്യതയുണ്ട്. പാസ്‌പോര്‍ട്ട്, ഇഷ്യൂ ചെയ്ത റീ എന്‍ട്രി എന്നിവ ഉണ്ടായാലും ഇഖാമയില്ലെങ്കില്‍ അറസ്റ്റിലാകുമെന്ന് ബിന്‍ഗൈത്ത് ട്രാവല്‍ ഏജന്‍സിയില്‍ ജോലി നോക്കുന്ന മടിക്കേരി സ്വദേശി നിസാര്‍ സഅദിയുടെ അനുഭവം തെളിയിക്കുന്നു.
നാട്ടില്‍ പോകാന്‍ ഒരുങ്ങിയ നിസാറിന് റീ എന്‍ട്രി ഇഷ്യൂ ചെയ്ത ശേഷം പാസ്‌പോര്‍ട്ട് കൈപ്പറ്റി ഇഖാമ കമ്പനിയില്‍ നല്‍കിയതാണ് വിനയായത്. നാട്ടിലേക്കുള്ള യാത്ര മുടങ്ങി. പാസ്‌പോര്‍ട്ടും റീ എന്‍ട്രിയും കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല. വളരെ അത്യാവശ്യ കാര്യത്തിനായാണ് നിസാര്‍ നാട്ടില്‍ പോകാനിരുന്നത്. പാസ്‌പോര്‍ട്ടുമായി ഉച്ചക്ക് പുറത്തിറങ്ങിയപ്പോഴാണ് പരിശോധനയില്‍ പെട്ടത്.
ഒരു കാരണവശാലും ഇഖാമ കൈവശമില്ലാതെ പുറത്തിറങ്ങരുതെന്നാണ് നിസര്‍ ഫേസ്ബുക്കിലുടേയും വാട്ട്‌സാപ്പ് സന്ദേശത്തിലൂടേയും പ്രവാസികളെ ഉണര്‍ത്തുന്നത്.