Sorry, you need to enable JavaScript to visit this website.

അമേരിക്കൻ ബോണ്ടുകളിൽ 13,640 കോടിയുടെ സൗദി നിക്ഷേപം

റിയാദ്- അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യയുടെ നിക്ഷേപം 13,640 കോടി ഡോളർ (51,150 കോടി റിയാൽ) ആയി കഴിഞ്ഞ വർഷാവസാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2020 നവംബർ അവസാനത്തിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 13,760 കോടി ഡോളറായിരുന്നു. ഒരു മാസത്തിനിടെ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപത്തിൽ 120 കോടി ഡോളറിന്റെ (0.9 ശതമാനം) കുറവ് രേഖപ്പെടുത്തി. ലോകത്ത് അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ പ്രധാന നിക്ഷേപകരുടെ കൂട്ടത്തിൽ പതിനാലാം സ്ഥാനം സൗദി അറേബ്യ നിലനിർത്തി. 


അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപത്തിൽ 78 ശതമാനവും ദീർഘകാല നിക്ഷേപമാണ്. ഈ ഗണത്തിൽ പെട്ട 10,560 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ സൗദി അറേബ്യ നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ ഹ്രസ്വകാല നിക്ഷേപങ്ങളാണ്. 2019 അവസാനത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷാവസാനം അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 24.1 ശതമാനം തോതിൽ കുറഞ്ഞു. സൗദി നിക്ഷേപങ്ങളിൽ 4,340 കോടി ഡോളറിന്റെ കുറവാണുണ്ടായത്. 2019 അവസാനത്തിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 17,980 കോടി ഡോളറായിരുന്നു. 


അമേരിക്കൻ ബോണ്ടുകളിൽ ഗൾഫ് രാജ്യങ്ങൾ നടത്തിയ നിക്ഷേപങ്ങളുടെ 59.4 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്. ആറു ഗൾഫ് രാജ്യങ്ങളും കൂടി അമേരിക്കൻ ബോണ്ടുകളിൽ ആകെ 22,980 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കുവൈത്ത് 4,660 കോടി ഡോളറും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇ 3,220 കോടി ഡോളറും നാലാം സ്ഥാനത്തുള്ള ഖത്തർ 800 കോടി ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഒമാൻ 570 കോടി ഡോളറും ബഹ്‌റൈൻ 91.6 കോടി ഡോളറും അമേരിക്കൻ ബോണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. 
അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 2020 ജനുവരിയിൽ 18,290 കോടി ഡോളറായും ഫെബ്രുവരിയിൽ 18,440 കോടി ഡോളറായും വർധിച്ചിരുന്നു. മാർച്ച് മുതലാണ് നിക്ഷേപം കുറയാൻ തുടങ്ങിയത്. മാർച്ചിൽ 15,910 ഉം ഏപ്രിലിൽ 12,530 ഉം മേയിൽ 12,350 ഉം കോടി ഡോളറായി അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപങ്ങൾ കുറഞ്ഞു. ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ജൂൺ മുതൽ സൗദി അറേബ്യ നിക്ഷേപങ്ങൾ വർധിപ്പിക്കാൻ തുടങ്ങി. ജൂലൈയിൽ നിക്ഷേപങ്ങൾ 12,460 കോടി ഡോളറായും ഓഗസ്റ്റിൽ 13,000 കോടി ഡോളറായും സെപ്റ്റംബറിൽ 13,120 കോടി ഡോളറായും ഒക്‌ടോബറിൽ 13,420 കോടി ഡോളറായും നവംബറിൽ 13,760 കോടി ഡോളറായും അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം വർധിച്ചു. ഡിസംബറിൽ ഇത് 13,640 കോടി ഡോളറായി കുറയുകയായിരുന്നു. 


2019 ൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 4.8 ശതമാനം തോതിൽ വർധിച്ചിരുന്നു. 820 കോടി ഡോളറാണ് ആ വർഷം അമേരിക്കൻ ബോണ്ടുകളിൽ സൗദി അറേബ്യ അധികം നിക്ഷേപിച്ചത്. 2018 അവസാനത്തിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 17,160 കോടി ഡോളറായിരുന്നു. 
2018 ൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 16.4 ശതമാനം തോതിൽ വർധിച്ചിരുന്നു. ആ വർഷം 2,420 കോടി ഡോളർ സൗദി അറേബ്യ അമേരിക്കൻ ബോണ്ടുകളിൽ അധികം നിക്ഷേപിച്ചു. 2017 അവസാനത്തിൽ അമേരിക്കൻ ബോണ്ടുകളിലെ സൗദി നിക്ഷേപം 14,740 കോടി ഡോളറായിരുന്നു. 
 

Tags

Latest News