ഹാലാന്റും എംബാപ്പെയുമാണ് പുതുയുഗത്തിന്റെ കളിക്കാർ. 21 തികയും മുമ്പ് ഇത്രയും മികച്ച ഫോമിലെത്താൻ മെസ്സിക്കും ക്രിസ്റ്റിയാനോക്കും പോലും സാധിച്ചിട്ടില്ല
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ രണ്ട് യുവ വിസ്മയങ്ങളുടെ വാരമാണ് കടന്നുപോയത്. ലിയണൽ മെസ്സിയെ നിഷ്പ്രഭമാക്കി ബാഴ്‌സലോണക്കെതിരെ ഹാട്രിക് നേടിയ പാരിസ് സെയ്ന്റ് ജർമാന്റെ കീലിയൻ എംബാപ്പെ. സെവിയയുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ബൊറൂസിയ ഡോർട്മുണ്ടിനെ മുന്നിൽ നിന്ന് നയിച്ച എർലിംഗ് ഹാലാന്റ്.
എംബാപ്പെയുടെ ഹാട്രിക്കാണ് പ്രചോദനമായതെന്നും അതിന്റെ ആവേശത്തിലാണ് ഇരട്ട ഗോളടിച്ചതെന്നും ഹാലാന്റ് പറഞ്ഞു. രണ്ടു ഗോളടിച്ച ഹാലാന്റ് മൂന്നാം ഗോൡന് വഴിയൊരുക്കുകയും ചെയ്തു. എംബാപ്പെയുടെ ഹാട്രിക്കിൽ പി.എസ്.ജി 4-1 ന് ജയിച്ചപ്പോൾ ഹാലാന്റിന്റെ ഇരട്ട ഗോളിൽ ബൊറൂസിയ 3-2 ന് സെവിയയെ കീഴടക്കി. ഇരു ടീമുകളും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിന്റെ പടിവാതിൽക്കലാണ്.
മെസ്സിയും ക്രിസ്റ്റിയാനൊ റൊണാൾഡോയും അരങ്ങുവാണ ഒരു പതിറ്റാണ്ടിനു ശേഷം പുതുശക്തികൾ ഫുട്‌ബോളിന്റെ സൂപ്പർ പദവി ഏറ്റെടുക്കുകയാണ്. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഈയാഴ്ച അവരുടെ ടീമുകളെ ചുമലിലേറ്റാനായില്ല. ക്രിസ്റ്റിയാനോയുടെ യുവന്റസ് 1-2 ന് പോർടോയോട് തോറ്റു. മെസ്സിക്ക് മുപ്പത്തിമൂന്നായി, ക്രിസ്റ്റ്യാനോക്ക് മുപ്പത്താറും. രണ്ടു പേർക്കും ലോകകപ്പ് നേടാനായിട്ടില്ല. ഇരുപത്തിരണ്ടുകാരനായ എംബാപ്പെ ലോകകപ്പ് ജയിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തി. ബാഴ്‌സലോണക്കെതിരെ നൗകാമ്പിൽ ഹാട്രിക് നേടിയ രണ്ടു കളിക്കാരിലൊരാളായി. 1997 ൽ ഇരുപത്തൊന്നുകാരൻ ആന്ദ്രെ ഷെവ്‌ചെങ്കോയാണ് അവസാനം ഈ നേട്ടം കൈവരിച്ചത്.
സെവിയക്കെതിരായ ആദ്യ പകുതിയിൽ ഹാലാന്റ് പ്രകടിപ്പിച്ച കരുത്തും വേഗവും ഫിനിഷിംഗും അസാധ്യമായിരുന്നു. 13 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഹാലാന്റിന് 18 ഗോളായി. നോർവെക്കാരന് ഇരുപത് വയസ്സേ ആയിട്ടുള്ളൂ. 21 തികയും മുമ്പെ ചാമ്പ്യൻസ് ലീഗിൽ 19 ഗോളടിച്ച എംബാപ്പെയുടെ റെക്കോർഡ് കൈയെത്തും അരികിലാണ്.
കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് മുതൽ മെസ്സിയും റൊണാൾഡോയും സ്‌കോർ ചെയ്തത് 15 ഗോളാണ്, ഹാലാന്റിനും എംബാപ്പെക്കും 28 ഗോളായി -മുൻ ഇംഗ്ലണ്ട് താരം ഗാരി ലിനേക്കർ ഓർമിപ്പിച്ചു. ഈ സീസണിൽ 24 കളികളിൽ ഹാലാന്റ് നേടിയത് 15 ഗോളാണ്. എംബാപ്പെ 29 കളികളിൽ ഇരുപത്തൊന്നും. മെസ്സിയും റൊണാൾഡോയും തങ്ങളുടെ പ്രതാപ കാലത്ത് നേടിയതിനോട് തൊട്ടുനിൽക്കുന്നു ഇത്. 21 തികയും മുമ്പെ മെസ്സിക്ക് ചാമ്പ്യൻസ് ലീഗിൽ നേടാനായത് എട്ട് ഗോൾ മാത്രമാണ്. 22 വയസ്സ് ആവുന്നതു വരെ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡൊ ഗോളടിച്ചിട്ടേയില്ല.
പതിനാലാം വയസ്സിൽ മോണകോയുമായി ആദ്യ കരാറൊപ്പിടുമ്പോൾ എംബാപ്പെ പറഞ്ഞത് തനിക്ക് ബാലൻഡോർ നേടണമെന്നാണ്. വൻകിട ക്ലബ്ബുകൾ അന്നു മുതൽ എംബാപ്പെക്കു പിന്നിലുണ്ട്. എംബാപ്പെയെയും ഹാലാന്റിനെയും വൻകിട ക്ലബ്ബുകൾ വട്ടമിടുന്നുണ്ട്. ഈ സീസൺ അവസാനിക്കുന്നതോടെ പി.എസ്.ജിയുമായുള്ള എംബാപ്പെയുടെ കരാർ പൂർത്തിയാവും.
ഇരുവർക്കും വെല്ലുവിളിയേകാൻ അപൂർവം കളിക്കാരേയുള്ളൂ -ഇരുപത്തൊമ്പതിലെത്തിയ നെയ്മാർ. പി.എസ്.ജിയിൽ എംബാപ്പെയുടെ കൂട്ടാളി. പിന്നെ റോബർട് ലെവൻഡോവ്‌സ്‌കിയും. പക്ഷേ ലെവൻഡോവ്‌സ്‌കിക്ക് 32 വയസ്സായി. കാലം കൂടെയില്ല. വരും നാളുകൾ എംബാപ്പെയുടെയും ഹാലാന്റിന്റേതുമായിരിക്കും.