Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സെറീനയുടെ കണ്ണീർ

ബീയിംഗ് സെറീന (സെറീന എന്നാൽ) എന്നത് 2018 ലെ ഡോകുമെന്ററി സീരീസാണ്. സെറീന വില്യംസ് എന്ന അതുല്യ അത്‌ലറ്റിന്റെ ജീവിതവും കളിയുമാണ് അതിന്റെ പ്രതിപാദ്യം. ഗർഭകാലം, മാതൃത്വം, കല്യാണം, ടെന്നിസിലേക്കുള്ള മടക്കം... സെറീനയുടെ ജീവിതത്തിലെ സംഭവബഹുലമായ ഏതാനും മാസങ്ങളിലൂടെയാണ് ഡോകുമെന്ററി കടന്നുപോവുന്നത്. ഇപ്പോൾ പുരോഗമിക്കുന്ന ഓസ്‌ട്രേലിയൻ ഓപണിലും ക്യാമറ സംഘം സെറീനയെ പിന്തുടരുന്നുണ്ട്. സമാനമായ ഒരു പരമ്പരക്ക്. സെറീനയുടെ ജീവിതത്തിലേക്ക് കടന്നുപോവാൻ ഈ സംഘത്തിന് മറ്റാർക്കും ലഭിക്കാത്ത അനുവാദമുണ്ട്. എന്നിട്ടും ആർക്കുമറിയില്ല സെറീന ആയിരിക്കുക എന്നാൽ എന്താണ് എന്ന്. റെക്കോർഡ് ബുക്കിലും ടെന്നിസ് കോർടിലും സെറീന ഏകാകിയാണ്. വലിയ വിജയങ്ങൾ ഒരുപാടുണ്ട് ആ കരിയറിൽ, തകർന്നുപോവുന്ന തോൽവികളും. 2021 ലെ ഓസ്‌ട്രേലിയൻ ഓപണിൽ നൊവോമി ഒസാക്കക്കെതിരായ സെമി ഫൈനലിലെ തിരിച്ചടിയും പത്രസമ്മേളനത്തിൽ നിന്ന് കണ്ണീരോടെ ഇറങ്ങിപ്പോയതും ആ പരമ്പരയിലെ അവസാനത്തേതാണ്. 


ഓപൺ യുഗത്തിൽ 23 ഗ്രാന്റ്സ്ലാം വിജയങ്ങളെന്ന സെറീനയുടെ റെക്കോർഡിനോടടുത്തു പോലുമെത്താൻ ആർക്കും സാധിച്ചിട്ടില്ല. എട്ടാഴ്ച ഗർഭിണിയായിരിക്കേ ഗ്രാന്റ്സ്ലാം വിജയിക്കാൻ മറ്റാർക്കാണ് കഴിഞ്ഞത്? പ്രസവവും സങ്കീർണമായ ശസ്ത്രക്രിയയും കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴേക്കും കായികക്ഷമത വീണ്ടെടുക്കാനും ഗ്രാന്റ്സ്ലാം ഫൈനലുകളിലെത്താനും ആർക്ക് സാധിക്കും? 23 ഗ്രാന്റ്സ്ലാമുകൾ നേടിയ ശേഷം തുടർച്ചയായ നാല് ഗ്രാന്റ്സ്ലാം ഫൈനലുകളിലെ തോൽവികൾ ആർക്ക് ദഹിക്കും? സെറീനയെ പോലെ ഇത്ര ഉയരങ്ങൾ കീഴടക്കാനും ഇത്ര നിരാശപ്പെടുത്തുന്ന ദുഃഖം ഏറ്റുവാങ്ങാനും ആർക്കും കഴിഞ്ഞിട്ടില്ല. എല്ലാ പ്രതിസന്ധികളും കടന്ന് നേട്ടങ്ങളുടെ ഹിമാലയം കീഴടക്കിയ ശേഷം അവസാന ചുവടിൽ ഇത്രയധികം തവണ തെന്നിവീഴുന്നത് ആർക്കാണ് താങ്ങാനാവുക?


ഓരോ പ്രഹരത്തിനു ശേഷവും മുപ്പത്തൊമ്പതുകാരി പൊടി തട്ടിയെഴുന്നേറ്റിട്ടുണ്ട്. പക്ഷേ വ്യാഴാഴ്ച പത്രസമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയപ്പോൾ സെറീനക്കു പോലും മതിയായതു പോലെ. നെഞ്ചിൽ കൈ ചേർത്തുവെച്ച് ഓസ്‌ട്രേലിയൻ ഓപൺ കാണികളുടെ ആദവരിന് മറുപടി പറഞ്ഞതിനെക്കുറിച്ച ചോദ്യമാണ് കണ്ണീർ പ്രവാഹത്തിന് പ്രേരകമായത്. അടുത്ത ചോദ്യത്തോട് സെറീന പറഞ്ഞു -എനിക്കറിയില്ല, എനിക്ക് മതിയായി.
കോർടിൽ സംയമനം കാത്തു സെറീന. ഒസാക്കയെ ചേർത്തുപിടിച്ചു, കാണികളോട് നന്ദി പറഞ്ഞു. പക്ഷേ മൂടിവെച്ച ദുഃഖം ഒടുവിൽ അണപൊട്ടിയൊഴുകി. രണ്ടു പതിറ്റാണ്ടായി സെറീന കോർടിലുണ്ട്. നൂറുകണക്കിന് സമാനമായ പത്രസമ്മേളനങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇപ്പോൾ സെറീനയുടെ ഓരോ തോൽവിയും വിടപറയലാണോയെന്ന് ആരാധകർ തെറ്റിദ്ധരിക്കുന്നു. ഓരോ അംഗവിക്ഷേപവും വിടപറയലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. 


സത്യം പറഞ്ഞാൽ, മുപ്പത്തൊമ്പതുകാരി കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു ഡബ്ല്യൂ.ടി.എ കിരീടം മാത്രമാണ് നേടിയത്. മുൻനിര കളിക്കാരിയോട് തോൽക്കുന്നത് അത്ര വലിയ അട്ടിമറിയല്ല. സെറീനയേക്കാൾ 16 വയസ്സ് കുറവാണ് ഒസാക്കക്ക്. ഒസാക്കയോട് 2018 ലെ യു.എസ് ഓപൺ ഫൈനലിലും തോറ്റിട്ടുണ്ട്. പക്ഷേ ഗ്രാന്റ്സ്ലാമുകളിൽ സെറീന മറ്റൊരു കളിക്കാരിയാണ്. 
രണ്ടു വർഷമായി സെറീനയുടെ മറ്റൊരു മുഖം ടെന്നിസ് ലോകം കാണുന്നുണ്ട്. വൻ മത്സരങ്ങളിൽ പതറുന്ന സ്ഥിരം കാഴ്ച. ഒരു സിംഗിൾ ഷോട്ട് കൊണ്ട് മറികടന്നിരുന്ന പോയന്റുകൾക്കായി സെറീനക്ക് വിയർപ്പൊഴുക്കേണ്ടി വരുന്നു. ഇപ്പോഴും സെറീന മികച്ച അത്‌ലറ്റാണ്, അടങ്ങാത്ത വിജയ ദാഹിയാണ്, ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള കരളുറപ്പുണ്ട്. പക്ഷേ പഴയതു പോലെ പേടിപ്പെടുത്തുന്ന സാന്നിധ്യമല്ല. 
2007 മുതൽ 2019 വരെ വർഷങ്ങളിൽ ഒരു ഗ്രാന്റ്സ്ലാം ഫൈനലിലെങ്കിലും സെറീന കളിച്ചിട്ടുണ്ട്. പ്രസവിച്ച വർഷം വരെ. രണ്ട് ഗ്രാന്റ്സ്ലാമുകളിലെങ്കിലും സെമിഫൈനലിലെത്താത്ത രണ്ടു വർഷമേയുള്ളൂ -1998 ലെ അരങ്ങേറ്റ വർഷത്തിലും രണ്ട് ഗ്രാന്റ്സ്ലാമുകൾ മാത്രം കളിച്ച 2006 ലും. 


എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആറ് പ്രധാന മത്സരങ്ങൾ സെറീന തോറ്റു -നാല് ഗ്രാന്റ്സ്ലാം ഫൈനലുകളും രണ്ട് ഗ്രാന്റ്സ്ലാം സെമി ഫൈനലുകളും. വിക്ടോറിയ അസരെങ്കക്കെതിരായ യു.എസ് ഓപൺ സെമി ഫൈനലൊഴികെ എല്ലാം നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു. 
ഗ്രാന്റ്സ്ലാം ഫൈനലുകളിൽ 10 തവണ മാത്രമാണ് സെറീന തോറ്റത് -അതിൽ നാലും കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ്. എല്ലാത്തിനും കാരണം നിയന്ത്രിക്കാനാവാത്ത അൺഫോഴ്‌സ്ഡ് എററുകളായിരുന്നു. പിഴവുകൾ കാരണം സ്വതഃസിദ്ധമായ സെർവിന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കാൻ സെറീനക്കു സാധിക്കുന്നില്ല. സെറീന ഇതുപോലെ പരുങ്ങുന്നത് ആരാധകരെ വേദനിപ്പിക്കുന്നു. വീനസ് വില്യംസിന്റേത് ക്രമപ്രവൃദ്ധമായ തളർച്ചയായിരുന്നു, സെറീനയുടേത് വിവരിക്കാനാവാത്ത മാനസിക പ്രതിബന്ധമാണ്. 
പ്രസവത്തിനു ശേഷം മിക്ക ടൂർണമെന്റുകളിലും ആദ്യ റൗണ്ടിൽ തന്നെ സെറീന പുറത്താവാറുണ്ട്. എന്നാൽ ഗ്രാന്റ്സ്ലാമുകൾ സെറീനയുടെ തട്ടകമാണ്. അകന്നുപോവുന്ന ഇരുപത്തിനാലാം ഗ്രാന്റ്സ്ലാമിനായി സാധ്യമായതെല്ലാം സെറീന ചെയ്തിട്ടുണ്ട്. എന്നിട്ടും അവസാന ചുവടിൽ പിഴച്ചുകൊണ്ടിരിക്കുന്നു. 


ഒരു കാര്യം സത്യമാണ്. മികച്ച എതിരാളികളെയാണ് സെറീനക്ക് നേരിടേണ്ടി വന്നത്. പരിചയ സമ്പത്തുള്ള എയ്ഞ്ചലിക് കെർബർ, അസാധ്യമായി സ്ഥിരത പുലർത്തുന്ന സിമോണ ഹാലെപ്, വമ്പനടിക്ക് പേരെടുത്ത യുവ താരങ്ങളായ ഒസാക്ക, ബിയാങ്ക ആൻഡ്രിയസ്‌ക്യു. ഇതേ എതിരാളികളെ കഴിഞ്ഞ വർഷം പലതവണ സെറീന തോൽപിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് അവസാന കടമ്പയിൽ പിഴയ്ക്കുന്നു. മാർഗരറ്റ് കോർടിന്റെ 24 ഗ്രാൻ്‌റ്സ്ലാമുകളെന്ന റെക്കോർഡിനൊപ്പമെത്താനുള്ള സമ്മർദമാണോ? സ്‌റ്റെഫി ഗ്രാഫിന്റെ ഓപൺ യുഗത്തിലെ 22 ട്രോഫികളെന്ന റെക്കോർഡ് അനായാസം സെറീന മറികടന്നിട്ടുണ്ട്. ടൂർണമെന്റിന്റെ അവസാനത്തോടടുക്കുമ്പോഴുള്ള തളർച്ചയാണോ, മുപ്പതുകളുടെ ഒടുവിലെത്തിയ അമ്മയാണ് സെറീന. നൂറുകണക്കിന് ട്രോഫികളുടെ പരിചയ സമ്പത്തുണ്ടായിട്ടും മനസ്സിലെ പ്രതിബന്ധമാണോ? ആർക്കുമറിയില്ല. 


സെറീനയോട് ആദരവ് തോന്നുന്ന നിരവധി വസ്തുതകളുണ്ട് -ഇപ്പോഴും കൊണ്ടുനടക്കുന്ന വിജയ ദാഹം. രണ്ട് പതിറ്റാണ്ടിലെ കളിക്കാരോടാണ് അവർ പൊരുതിനിൽക്കുന്നത്. ഇപ്പോഴും ഈ തലത്തിൽ കീഴടക്കാൻ പ്രയാസമുള്ള പോരാളിയാണ്. ചില മത്സരങ്ങളിലെങ്കിലും പഴയ സെറീനയുടെ ലാഞ്ഛനകൾ അവർ പ്രകടിപ്പിക്കാറുണ്ട് -ക്വാർട്ടറിൽ സിമോണക്കെതിരെ അതാണ് കണ്ടത്. ചിലപ്പോൾ തട്ടിമുട്ടി ജയിക്കാറുണ്ട് -പ്രി ക്വാർട്ടറിൽ അരീന സബലെങ്കയെ കീഴടക്കിയതു പോലെ. മറ്റു ചിലപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ് സെറീന -സെമിയിൽ ഒസാക്കക്കെതിരെയെന്ന പോലെ. ഓരോ തവണയും സെറീന പൊടിതട്ടിയെഴുന്നേറ്റിട്ടുണ്ട്. ഈ തലത്തിൽ ആർക്കും കീഴടക്കാനാവാത്ത റെക്കോർഡുകൾക്കുടമയായിട്ടും. ഇനിയും സെറീനയിൽ നിന്ന് പ്രതീക്ഷിക്കുന്നത് കീഴടങ്ങാത്ത ആ പോരാട്ടമാണ്. 


സെറീനയുടെ ഫൈനൽ തോൽവികൾ

ടൂർണമെന്റ്    വർഷം    എതിരാളി    സ്‌കോർ
വിംബിൾഡൺ    2018    എയ്ഞ്ചലിക് കെർബർ    3-6,3-6
യു.എസ് ഓപൺ    2018    നൊവോമി ഒസാക്ക    2-6, 4-6
വിംബിൾഡൺ    2019    സിമോണ ഹാലെപ്    2-6, 2-6
യു.എസ് ഓപൺ    2019    ബിയാങ്ക ആൻഡ്രിയസ്‌ക്യു    3-6, 5-7


 

Latest News