Sorry, you need to enable JavaScript to visit this website.

വിവാഹവാഗ്ദാനം നല്‍കി 80 ലക്ഷം തട്ടി; നടന്‍  ആര്യക്കെതിരേ പരാതിയുമായി ജര്‍മ്മന്‍ യുവതി

ചെന്നൈ- തമിഴ് സൂപ്പര്‍ താരം ആര്യക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. ജര്‍മ്മന്‍ യുവതിയാണ് ആര്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആര്യയ്‌ക്കെതിരെ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യന്‍ പ്രസിഡന്റിനും പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി ആര്യ തന്നെ വഞ്ചിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. വിദ്ജ നവരത്‌നരാജയുടെ പരാതിയെ തുടര്‍ന്ന് ആര്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. യുവതി പ്രധാനമന്ത്രിക്കും മറ്റ് അധികൃതര്‍ക്കും നല്‍കിയ പരാതി ഇങ്ങനെ:
എന്റെ പേര് വിദ്ജ നവരത്‌നരാജ എന്നാണ്. ഞാന്‍ ഒരു ജര്‍മ്മന്‍ വംശയാണ്. ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഞാന്‍ താമസിക്കുന്നത് ജര്‍മ്മനിയിലാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവര്‍ എന്നെ വഞ്ചിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളാണ് ഈ പരാതിയില്‍ ഞാന്‍ വ്യക്തമാക്കുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി എന്റെ വിശ്വാസം പിടിച്ച് പറ്റിയ ഇവര്‍ എന്നില്‍ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. ഇതുവരെ പണം തിരിച്ച് നല്‍കിയിട്ടില്ല. തമിഴ് നടന്‍ ആര്യയുടെയും അദ്ദേഹത്തിന്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നത്. ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും ആര്യ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം, എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും ആര്യ എനിക്ക് വാക്ക് നല്‍കി. പക്ഷേ അയാള്‍ എന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് ഞാന്‍ പിന്നീട് ആണ് തിരിച്ചറിയുന്നത്.
പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അയാളെയും അയാളുടെ അമ്മയെയും വിളിച്ചിരുന്നു. എന്നാല്‍, അവര്‍ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമത്തിന് എന്നെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. ഇതുപോലെയുള്ള ക്രിമിനലുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പരസ്പരം സംസാരിച്ചതിന്റെയും പണം അയച്ച് നല്‍കിയതിന്റെയും എല്ലാ തെളിവുകളും എന്റെ കൈവശമുണ്ട്. എന്റെ പണം തിരിച്ച് തരാന്‍ ഉതകുന്ന അന്വേഷണം നടത്തണം. അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളില്‍ അയാള്‍ക്കെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒന്നിലും തീരുമാനമുണ്ടായില്ല. നിങ്ങളാണ് എന്റെ അവസാന പ്രതീക്ഷ, നീതി ലഭിക്കുമെന്ന് കരുതുന്നു. - യുവതി പരാതിയില്‍ പറഞ്ഞു. 
 

Latest News