Sorry, you need to enable JavaScript to visit this website.

സദ്ദാമിന്റെ ജീവിതത്തിലെ രഹസ്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തി മകള്‍ റഗദ്

സദ്ദാം ഹുസൈന്‍ ജയിലില്‍ വസ്ത്രമലക്കുന്നു.
റഗദ് സദ്ദാം ഹുസൈന്‍

റിയാദ് - ആധുനിക ലോകം കണ്ട ഏറ്റവും ധീരനായ ഭരണാധികാരികളില്‍ ഒരാളായി എണ്ണപ്പെടുന്ന മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനിന്റെ ജീവിതത്തില്‍ അവസാന നാളുകളിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ ആദ്യമായി വെളിപ്പെടുത്തി മകള്‍ റഗദ് സദ്ദാം ഹുസൈന്‍. അല്‍അറബിയ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പിതാവിന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ റഗദ് വെളിപ്പെടുത്തിയത്. പിതാവിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത് രഹസ്യ സ്ഥലത്താണെന്ന് റഗദ് പറഞ്ഞു. സുരക്ഷിതമായ സ്ഥലത്താണ് പിതാവിന്റെ മയ്യിത്തുള്ളത്. ആദ്യം മറവു ചെയ്ത സ്ഥലം എല്ലാവര്‍ക്കും അറിയാമായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും ഖബറിടം സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇറാഖ് ഗവണ്‍മെന്റ് സന്ദര്‍ശനം വിലക്കി.

https://www.malayalamnewsdaily.com/sites/default/files/2021/02/19/ragad.jpg
തങ്ങളെ പ്രതിനിധീകരിച്ച് ആദ്യം അഭിഭാഷകരാണ് മയ്യിത്ത് സ്വീകരിച്ചത്. അല്‍ഔജയില്‍ സഹോദരന്മാരുടെ മയ്യിത്തുകള്‍ സമീപം പിതാവിന്റെ ഭൗതിക ശരീരവും അടക്കം ചെയ്തു. ഔദ്യോഗികമായി ഹെലികോപ്റ്ററിലാണ് പിതാവിന്റെ മയ്യിത്ത് തങ്ങള്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഏറ്റവും ഭംഗിയായ നിലക്ക് മയ്യിത്ത് മറവു ചെയ്യുകയായിരുന്നു. മൊസ്യൂള്‍ നഗരത്തിന്റെ നിയന്ത്രണം പിടിക്കാന്‍ ഐ.എസ് പദ്ധതിയിട്ട സമയത്താണ് മയ്യിത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതെന്ന് റഗദ് പറഞ്ഞു. പിതാവിന്റെ ഭൗതിക ശരീരം മറവു ചെയ്ത പുതിയ സ്ഥലം വെളിപ്പെടുത്താന്‍ റഗദ് കൂട്ടാക്കിയില്ല. സുരക്ഷിത സ്ഥലത്താണ് മയ്യിത്ത് മറവു ചെയ്തിരിക്കുന്നതെന്ന് റഗദ് പറഞ്ഞു.
പിതാവിന്റെ അന്ത്യം തങ്ങളെ സംബന്ധിച്ചേടത്തോളം ഒരിക്കലും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. എങ്കിലും പ്രതീക്ഷിച്ച അന്ത്യം തന്നെയായിരുന്നു അത്. മുന്‍ അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ റംസി ക്ലാര്‍ക്ക് പിതാവിനു വേണ്ടി കേസ് വാദിക്കാന്‍ സ്വയം മുന്നോട്ടുവന്നവരില്‍ ഒരാളായിരുന്നു. പിതാവിനെ വധശിക്ഷക്ക് വിധേയനാക്കുമെന്ന് റംസി ക്ലാര്‍ക്ക് പലതവണ തന്നോട് സൂചിപ്പിച്ചിരുന്നു.
പിതാവിനെ തൂക്കിലേറ്റിയതില്‍ പങ്കാളിത്തം വഹിച്ചവര്‍ ഉത്തരവുകള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു. പിതാവിനെ തൂക്കിലേറ്റുന്ന ദൃശ്യം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഒരിക്കലും ഞാന്‍ അത് കാണുകയുമില്ല. ആ ദൃശ്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടാകുമെന്ന് കരുതി, പിതാവിനെ തൂക്കിലേറ്റിയതിന്റെ വിശദാംശങ്ങള്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ രണ്ടു വര്‍ഷം മുമ്പ് എനിക്കു മുമ്പില്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. വിശദീകരണം പൂര്‍ത്തിയാക്കേണ്ട എന്ന് പറഞ്ഞ് ബന്ധുവിനെ ഞാന്‍ വിലക്കുകയായിരുന്നു.
പിതാവിനെ തൂക്കിലേറ്റുന്നതിലൂടെ സമുദായത്തിന്റെ നടുവൊടിക്കാമെന്നാണ് അവര്‍ കരുതിയത്. പിതാവിന് അല്ലാഹു വീരമൃത്യുവാണ് വിധിച്ചത്. അവസാന നിമിഷം രണ്ടു തവണ പിതാവ് സത്യസാക്ഷ്യവാക്യം ഉരുവിട്ടു. അന്ത്യനിമിഷം വരെ പിതാവ് ധീരനായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ അമേരിക്ക കൂട്ടാക്കിയിരുന്നില്ലെങ്കില്‍ ഇറാനിക്കോ ഇറാനി അല്ലാത്തവര്‍ക്കോ അതിന് മേല്‍നോട്ടം വഹിക്കാന്‍ കഴിയുമായിരുന്നില്ല. തങ്ങളുടെ വിദ്വേഷം ശമിപ്പിക്കാനുള്ള അവസരമെന്നോണം പിതാവിന്റെ വധശിക്ഷ നടന്നുകാണാന്‍ ഇറാന്‍ ഭരണകൂടം ആശിച്ചിരുന്നു.
മയക്കുമരുന്ന് നല്‍കിയ നിലയിലാണ് കുഴിയില്‍ നിന്ന് പിതാവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിതാവിന്റെ കണ്ണിന്റെയും ശിരസ്സിന്റെയും ചലനങ്ങളില്‍ നിന്ന് ഇത് വ്യക്തമായിരുന്നു. കുഴിയില്‍ നിന്ന് പിതാവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ അമേരിക്കന്‍ ശൈലിയിലുള്ള വെറും നാടകമായിരുന്നു. ദുര്‍ബലാവസ്ഥയില്‍ പിതാവിനെ മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അവരെ ഭയചകിതരാക്കാനുമാണ് ഇതിലൂടെ അമേരിക്കക്കാര്‍ ശ്രമിച്ചത്. പിതാവ് ശത്രുവിന്റെ പിടിയിലായത് എന്നെ ഏറെ വേദനിപ്പിച്ചു. പിതാവ് കുഴിയിലായിരുന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ ധീരനായ ഏതൊരു പോരാളിയെയും പോലെ പിതാവ് ഷെല്‍ട്ടറിലായിരുന്നു. പോരാട്ട രംഗത്ത് മേഖലയിലെ ഏറ്റവും വലിയ ധീരരാണ് ഇറാഖികള്‍. കാരണം ദീര്‍ഘ വര്‍ഷങ്ങളായി ഇറാഖികള്‍ യുദ്ധത്തിലാണ്. ഇറാഖ് സൈന്യം പോരാടുന്ന എല്ലാ സ്ഥലങ്ങളിലും ഇറാഖികള്‍ക്ക് സൈനിക ഷെല്‍ട്ടറുകളുണ്ട്. അമേരിക്കന്‍ സൈനികര്‍ പിതാവിനെ പിടികൂടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. പിതാവ് അടര്‍കളത്തില്‍ വീരമൃത്യുവരിക്കുമെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. സ്വന്തം രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഏതു സമയവും വീരമൃത്യു സംഭവിക്കാവുന്നതാണ്.
ആളുകളെ സ്‌നേഹിക്കല്‍, ധാര്‍മിക മൂല്യത്തിലുള്ള ദൈവീക സംതൃപ്തി എന്നിവയാണ് പിതാവ് ഞങ്ങള്‍ മക്കള്‍ക്കായി നല്‍കിയ പാരമ്പര്യം. ധാര്‍മിക മൂല്യത്തിലുള്ള ദൈവീക സംതൃപ്തിക്കു വേണ്ടിയാണ് പിതാവ് ജീവന്‍ നല്‍കിയത്. ലോകത്തെ ഏറ്റവും മികച്ച പാരമ്പര്യമാണ് പിതാവ് ഞങ്ങള്‍ക്ക് നല്‍കിയത്.
എല്ലാവരും ആദരവോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങളെ കാണുന്നത്. ഗള്‍ഫിലും അറബ് രാജ്യങ്ങളിലുമുള്ളവര്‍ ഞങ്ങളെ മാനിക്കുന്നു. സ്വകാര്യത സംരക്ഷിക്കേണ്ടിയില്ലായിരുന്നു എങ്കില്‍, അറബ് നേതാക്കള്‍ ഞങ്ങളോട് കാണിച്ച അത്ഭുതകരമായ നിലപാടുകള്‍ ഞാന്‍ വെളിപ്പെടുത്തുമായിരുന്നു.
സ്വന്തം രാജ്യം നഷ്ടപ്പെട്ടാല്‍ പിന്നെ സ്വര്‍ണത്തിനും പണത്തിനും എന്ത് മൂല്യമാണുള്ളതെന്ന്, സദ്ദാം ഹുസൈന്റെ സമ്പത്തുകളെയും കൊട്ടാരങ്ങളെയും കുറിച്ച ചോദ്യത്തിന് മറുപടിയായി റഗദ് പറഞ്ഞു. അറബ് രാജ്യങ്ങളുടെ സംരക്ഷണത്തിലാണ് ഞങ്ങള്‍ കഴിയുന്നത്. അറബ് രാജ്യങ്ങള്‍ സ്വന്തം സഹോദരങ്ങളെ ഉപേക്ഷിക്കില്ല. അവര്‍ ഞങ്ങളെ വിധിക്ക് വിട്ടുകൊടുക്കില്ല. പിതാവിന്റെ പേരില്‍ ഇറാഖില്‍ ഒരു മീറ്റര്‍ പോലും ഭൂമിയില്ല. ലോകത്തെ മറ്റേതു രാജ്യത്തെയും പോലെ കൊട്ടാരങ്ങളെല്ലാം രാജ്യത്തിന്റെതാണ്. കൊട്ടാരങ്ങള്‍ പിതാവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കണ്ടിരുന്നെങ്കില്‍ എതിരാളികള്‍ പിതാവിന്റെ സ്വത്തുക്കള്‍ കൈയേറാന്‍ മത്സരിക്കുമായിരുന്നു.  
അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ അനുമതിയോടെ, അവര്‍ പരിശോധിച്ച ശേഷം മാത്രമാണ് ജയിലില്‍ നിന്ന് പിതാവിന്റെ കത്തുകള്‍ എനിക്ക് ലഭിച്ചിരുന്നത്. ആദ്യമായി ലഭിച്ച കത്തില്‍ നാലു വരികള്‍ മാത്രമാണുണ്ടായിരുന്നത്. അവശേഷിക്കുന്ന ഭാഗങ്ങളെല്ലാം കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചിരുന്നു. ജയില്‍വാസത്തിനിടെ പിതാവ് ഏഴുതിയ ഓര്‍മക്കുറിപ്പുകളുടെ നല്ലൊരു ഭാഗവും കാണാതായിട്ടുണ്ട്.
പിതാവിനെ വിട്ടയക്കാന്‍ അറബ് ഭരണാധികാരികള്‍ ആരും തന്നെ ഒരിക്കലും മധ്യസ്ഥശ്രമം നടത്തിയിട്ടില്ല. പിതാവിന്റെ മോചനത്തിന് ചില അറബ് ഭരണാധികാരികള്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തി എന്ന നിലക്കുള്ള റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും വാസ്തവവിരുദ്ധമാണ്. പിതാവിന്റെ മോചനത്തിന് ഓഫറുകളോ കരാറുകളോ ഉണ്ടായിരുന്നില്ല. പിതാവ് പിടിയിലായി ദിവസങ്ങള്‍ക്കു ശേഷം റെഡ് ക്രോസ് അധികൃതര്‍ എത്തി, തങ്ങള്‍ വഴി പിതാവുമായി ആശയവിനിമയം നടത്താന്‍ സാധിക്കുമെന്ന് അറിയിച്ചിരുന്നു. ജോര്‍ദാനില്‍ ദിവസേനയെന്നോണം റെഡ് ക്രോസിലേക്ക് ഞാന്‍ പോയിരുന്നു. പിതാവിന്റെ അനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ്.
പിതാവിന്റെ കൊട്ടാരങ്ങളില്‍ കണ്ടെത്തിയ സ്വര്‍ണത്തില്‍ നിര്‍മിച്ച കലാഷ്‌നിക്കോവ് തോക്കുകള്‍ പോരാട്ടത്തിനു വേണ്ടിയുള്ളവയായിരുന്നില്ല. അവ ഇറക്കുമതി ചെയ്തതോ ഭീമമായ തുക വിലവരുന്നതോ ആയിരുന്നില്ല. സ്വര്‍ണം പൂശി ഇറാഖില്‍ തന്നെ നിര്‍മിച്ച തോക്കുകളായിരുന്നു അവ. നേതാക്കള്‍ക്കും മറ്റും സമ്മാനിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു ഈ തോക്കുകള്‍.
മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഖദ്ദാഫിയുമായും കുടുംബവുമായും ഞങ്ങള്‍ക്ക് അടുത്ത ബന്ധമുണ്ട്. മനുഷ്യന്റെ മരണം പ്രതീക്ഷിക്കാത്ത നിലക്കായിരിക്കും. നിന്റെ പിതാവും സഹോദരനും വീരശൂര നായകന്മാരെ പോലെയാണ് മരണപ്പെട്ടത്. നീ സങ്കടപ്പെടേണ്ട എന്ന് ആദ്യ സന്ദര്‍ശനത്തില്‍ മനോഹരമായി സ്വീകരിച്ച് കേണല്‍ ഖദ്ദാഫി എന്നോട് പറഞ്ഞു. ആയിശ ഖദ്ദാഫി ധീരയായ വനിതയാണ്. പിതാവിന്റെ കേസ് വാദിക്കുന്നതില്‍ അവര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ജയിലില്‍ കഴിയുന്ന കാലത്ത് വസ്ത്രങ്ങളും സിഗാറുകളും മാത്രമാണ് പിതാവ് ആവശ്യപ്പെട്ടിരുന്നത്. അധികാരത്തിലിരുന്ന കാലത്ത് തനിക്കു ചുറ്റുമുള്ളവര്‍ക്കെല്ലാം പിതാവ് സിഗാര്‍ സമ്മാനിച്ചിരുന്നു. ആദ്യത്തെ രണ്ടു തവണയും ഞാന്‍ തെരഞ്ഞെടുത്ത ബ്രാന്റില്‍ പെട്ട സിഗാറുകളാണ് പിതാവിന് എത്തിച്ചത്. പിന്നീട് തനിക്ക് ഇഷ്ടമുള്ള ബ്രാന്റ് അദ്ദേഹം കത്തിലൂടെ അറിയിക്കുകയായിരുന്നു. ജോര്‍ദാനില്‍ വിപണിയില്‍ പോയി ഞാന്‍ നേരിട്ടാണ് പിതാവിന് ഇഷ്ടപ്പെട്ട സിഗാര്‍ വാങ്ങി എത്തിച്ചിരുന്നത്. പിതാവിന് ആവശ്യമായ വസ്ത്രങ്ങളും ഞാന്‍ തന്നെയാണ് വാങ്ങി എത്തിച്ചിരുന്നത്. വസ്ത്രങ്ങളും സിഗാറും മാത്രമാണ് ജയിലില്‍ നിന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നത്. ഇത് ദൈവത്തില്‍ നിന്നുള്ള ആദരവാണ്.
ഇറാഖിലെ ഇന്നത്തെ ഭരണാധികാരികളെ ഞാന്‍ മാനിക്കുന്നില്ല. സ്വന്തം പിതാവോ മറ്റാരോ ആയാലും സ്വന്തം നാട്ടുകാരനായ പ്രസിഡന്റിനെ മറ്റൊരു രാജ്യത്തിന് കൈമാറുന്നതിനെ ഞാന്‍ ഒരിക്കലും അംഗീകരിക്കുന്നില്ല - റഗദ് സദ്ദാം ഹുസൈന്‍ പറഞ്ഞു. അഭിമുഖത്തിന്റെ ഒരു ഭാഗം രണ്ടു ദിവസം മുമ്പ് അല്‍അറബിയ സംപ്രേക്ഷണം ചെയ്തിരുന്നു. വിവാഹം, ഭര്‍ത്താവിനൊപ്പം ഇറാഖില്‍ നിന്ന് ജോര്‍ദാനിലേക്കുള്ള ഒളിച്ചോട്ടം, ഭര്‍ത്താവിന്റെ വധം, ഭര്‍ത്താവിന്റെ വധത്തില്‍ സദ്ദാം ഹുസൈനുള്ള പങ്ക് എന്നിവ അടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് ആദ്യ ഭാഗത്തില്‍ റഗദ് വെളിപ്പെടുത്തിയത്.


 

 

 

Latest News