Sorry, you need to enable JavaScript to visit this website.

വിസ്മയങ്ങൾ വിരിയിപ്പിച്ച്  വാഹിദ നസീർ

ലോകം മനോഹരമാണ്. പലപ്പോഴും മനുഷ്യരുടെ തെറ്റായ നിലപാടുകളും നടപടികളും ആവാസ വ്യവസ്ഥയിൽ വരുത്തുന്ന മാറ്റമാണ് പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും താളലയങ്ങൾ നശിപ്പിക്കുന്നത്. ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിലെ ഉദ്യോഗസ്ഥയായ ആലുവ സ്വദേശി വാഹിദ നസീർ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ അനശ്വര പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്. ട്രാഷ് ടു ക്രാഫ്റ്റ് എന്ന ആശയത്തോടെ കരവിരുതിൽ വിസ്മയം തീർക്കുന്ന വാഹിദയുടെ ലോകം ഏതൊരു കലാസ്വാദകന്റെയും ശ്രദ്ധയാകർഷിക്കും. 


പാഴ്‌വസ്തുക്കളിൽ നിന്നും മനോഹരമായ ശിൽപങ്ങളൊരുക്കുന്ന ഈ കലാകാരി മനസ്സുവെച്ചാൽ എന്തും മനോഹരമാക്കാമെന്നാണ് വിശ്വസിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ഫലപ്രദമായി ഉപയോഗിച്ചാണ് വാഹിദ മാതൃകയാകുന്നത്. ദീർഘനേരം ഓഫീസിൽ ജോലി ചെയ്ത് തിരിച്ചെത്തിയ ശേഷമാണ് പൂക്കളെയും ചെടികളെയും പക്ഷികളെയും പരിപാലിക്കാനും പാഴ്‌വസ്തുക്കളിൽ നിന്നും കമനീയമായ വസ്തുക്കൾ നിർമിക്കാനും സമയം കണ്ടെത്തുന്നത് എന്നത് ജോലി കഴിഞ്ഞ് ഒന്നിനും സമയമില്ലെന്ന് പരിതപിക്കുന്ന നിരവധി പേർക്ക് ഒരോർമപ്പെടുത്തലാണ്. 
മനസ്സുവെച്ച് പരിശ്രമിക്കുകയും ജീവിതത്തിലെ അഭിനിവേശം പിന്തുടരുകയും ചെയ്യുമ്പോൾ എല്ലാം സാധ്യമാണെന്നാണ് വാഹിദ പ്രായോഗികമായി തെളിയിക്കുന്നത്. തൂവലുകളും കടലാസും അരി മണിയും നൂലുമെന്നല്ല, മുട്ടത്തോടും ഐസ്‌ക്രീം സ്റ്റിക്കും അലുമിനിയം ഫോയിലും പഴയ ന്യൂസ്  പേപ്പറുമൊക്കെ വാഹിദയുടെ കരവിരുതിൽ ജീവൻ തുടിക്കുന്ന രൂപങ്ങളായി മാറാൻ അധികം നേരം വേണ്ടിവരില്ല. പാഴ്‌വസ്തുക്കളിൽ നിന്നും നിർമിക്കുന്ന കരകൗശല വസ്തുക്കളുടെ  കൗതുകം മാത്രമല്ല, ഏതൊരു കാര്യവും നാം നോക്കികാണുന്നതു പോലെയും പ്രയോജനപ്പെടുത്തുന്നതുപോലെയയുമാകുമെന്ന സുപ്രധാന കാര്യമാണ് ഇത് നമ്മെ ഓർമിപ്പിക്കുന്നത്. വ്യത്യസ്ത പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് വാഹിദ നിർമിച്ച വൈവിധ്യവും മനോഹരവുമായ നിർമിതികൾ ഏറെ ആകർഷകമാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി  ഖത്തറിലുള്ള വാഹിദ പത്തു വർഷത്തിലധികമായി കരകൗശല രംഗത്ത് സജീവമാണ്.  ദോഹയിൽ ഒരു വർഷത്തോളം ജോലിയില്ലാതെ വെറുതെയിരുന്ന സമയത്ത് ചെറുതായി ഓരോ പൂക്കൾ ഉണ്ടാക്കിയാണ് വാഹിദയുടെ ക്രാഫ്റ്റ് ജീവിതം തുടങ്ങുന്നത്. മക്കളുടെ സ്‌കൂൾ പ്രോജക്റ്റുകളിൽ സഹായിക്കുമായിരുന്നു. തന്റെ വർക്കുകൾക്ക് മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളുമുണ്ടാവാൻ തുടങ്ങിയതോടെ  ക്രാഫ്റ്റ് ചെയ്യാനുള്ള ഇഷ്ടം കൂടി.  ഖാഫ്‌കോ വെജിറ്റബിൾ ആന്റ് ഫഌവർ ഷോയിലും വിവിധ സംഘടനകൾ നടത്തിയ മത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ തുടങ്ങിയതോടെ ആവേശം കൂടി. വാഹിദയുടെ വീട്ടിലെ ട്രോഫികളാൽ നിറഞ്ഞ ഷെൽഫ് ഈ അംഗീകാരങ്ങളുടെ സാക്ഷ്യപത്രമാണ്. 


ദിവസവും വലിച്ചെറിയുന്ന പാഴ്‌വസ്തു കൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കളുണ്ടാക്കി വീടിനെ അഴകുറ്റതാക്കാൻ പരിശ്രമിക്കുന്ന വാഹിദയുടെ ഓരോ സൃഷ്ടിയും പ്രൊഫഷനലിസത്തിലും ക്രാഫ്റ്റിന്റെ മികവിലും വേറിട്ടു നിൽക്കുന്നു.  ആലില, ചിരട്ട, ഡിസ്‌പോസിബൾ ഗ്ലാസ്, വൂൾ, ഓല, ബോട്ടിൽ, ക്രേപ്പ് പേപ്പർ, ക്ലോത്ത്, സീഷെൽ, ആപ്പിൾ കവർ, മുട്ട കാർട്ടൻ, പിസ്ത ഷെൽ, സാറ്റിൺ റിബൺ, മുത്തുകൾ  എന്നിവ കൊണ്ടാണ് സാധാരണയായി ശിൽപങ്ങളുണ്ടാക്കുന്നത്.  ഓരോ അവസരത്തിനനുസരിച്ച് തീം ബേസ്ഡ് ആയി ഡ്രൈ ഫഌവർ അറേഞ്ച്‌മെന്റ്, ഫ്രഷ് ഫഌവർ അറേഞ്ച്‌മെന്റ് എന്നിവയും ചെയ്യാറുണ്ട്.  
വാഹിദയുടെ മക്കളും കലാവാസനയുള്ളവരാണ്. മൂത്ത മകൾ നസ്വീഹ നസീർ  അന്നൂർ ഡെന്റൽ കോളേജിൽ ബി.ഡി.എസ് അവസാന വർഷ വിദ്യാർഥിനിയാണ്.  ഇളയ മകൾ നഹ്‌ല നസീർ  ഡിഗ്രീ പൂർത്തീകരിച്ചു ഉപരി പഠനത്തിന് തയാറെടുക്കുകയാണ്. 
പൂക്കളും പച്ചക്കറികളും പക്ഷികളുമാണ് വാഹിദയൊരുക്കുന്ന മറ്റൊരു പ്രധാന ഹോബി. വിടർന്നുനിൽക്കുന്ന പൂക്കളുടെ സൗന്ദര്യം കണ്ടുണരാൻ കഴിയുക, വൈവിധ്യമാർന്ന പൂക്കളുടെ പരിമളവും അനുഭൂതിയുമുണർത്തുന്ന തലോടലേൽക്കാനാവുക, തത്തയും പ്രാവും കുയിലുമടക്കമുള്ള പക്ഷികളുടെ സംഗീത സാന്ദ്രമായ ആദാനപ്രദാനങ്ങൾ തീർക്കുന്ന ഗൃഹാതുരമായ സാമൂഹ്യ പരിസരത്ത്് ജീവിക്കുക, വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളുടെ പറുദീസയിലൂടെ ഉലാത്തുക. ഏത് മനുഷ്യനും അവാച്യമായ അനുഭൂതി സമ്മാനിക്കുന്ന മഹാഭാഗ്യമാണിതൊക്കെ. ജനസാന്ദ്രതയിൽ വീർപ്പുമുട്ടി ഫഌറ്റുകളുടെ ഇടനാഴികളിൽ തളയ്ക്കപ്പെടുന്ന പലർക്കും ഇതൊക്കെ സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങളായി തോന്നാം. എന്നാൽ മനസ്സുവെച്ചാൽ നമുക്കും മരുഭൂമിയിൽ പോലും മനോഹരമായ മലർവാടി തീർക്കാനാകുമെന്ന് തെളിയിക്കുകയാണ് വാഹിദ. കഴിഞ്ഞ ദിവസം അടുക്കളത്തോട്ടം ദോഹയുടെ ഫേസ് ബുക്ക് ലൈവിൽ വാഹിദയുടെ തക്കാളി കൃഷിയും വൈവിധ്യമാർന്ന പൂക്കളും പക്ഷികളുമൊക്കെ ചിത്രീകരിക്കപ്പെട്ടപ്പോൾ പലരും അത്ഭുതപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പത്തിരണ്ടോളം ഇനം തക്കാളികൾ, വിവിധ തരം വഴുതനങ്ങ എന്നിവ വാഹിദയുടെ ഗാർഹിക തോട്ടത്തിന്റെ സവിശേഷതയാണ്. 


ആധുനിക ലോകത്ത് സമ്മർദങ്ങളുടെയും തിരക്കുകളുടെയുമിടയിൽ പ്രയാസമനുഭവിക്കുന്നവരാണ് അധികമാളുകളും. ശാന്തിയുടെയും സമാധാനത്തിന്റെയും കുളിരു പകരുന്ന ആരാമം മനസ്സിനും ശരീരത്തിനും നൽകുന്ന ആശ്വാസം അവാച്യമാണ്.   കണ്ണിനും കരളിനും കുളിരു പകരുന്ന സുന്ദരമായ സൂനങ്ങൾ സൃഷ്ടിക്കുന്ന സാമൂഹ്യ പരിസരം ജീവിതത്തിന്റെ ഓജസ്സ് വർധിപ്പിക്കുമെന്നാണ് തന്റെ അനുഭവമെന്ന് വാഹിദ സാക്ഷ്യപ്പെടുത്തുന്നു.   വീടിന്റെ മുറ്റം മുഴുവൻ കോൺക്രീറ്റായതിനാൽ ഗ്രോ ബാഗുകളിലും തെർമോകോൾ പെട്ടികളിലുമൊക്കെയാണ് കൃഷിയും പൂക്കളുമൊക്കെ വളർത്തുന്നത്. 
  വാക്കുകളിൽ പുഞ്ചിരിയും  മനസ്സിൽ  സ്‌നേഹവും സൂക്ഷിക്കുന്ന വാഹിദ വൈവിധ്യമാർന്ന കഴിവുകളുള്ള ഒരു കലാകാരിയാണ്. പ്രകൃതിയോടും മനുഷ്യനോടും പ്രണയം സൂക്ഷിക്കുന്ന വാഹിദയുടെ നേരം പുലരുന്നത് തന്നെ ഉദ്യാനത്തിന്റെ മനം മയക്കുന്ന കാഴ്ചകളിലേക്കാണ്. പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞും അവയെ തൊട്ടു തലോടി പരിചരിച്ചും പ്രകൃതിയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതോടൊപ്പം നന്മയുടെയും സ്‌നേഹത്തിന്റെയയും മഹത്തായ ആശയങ്ങളാണ് ഈ ആലുവക്കാരി പകർന്നുനൽകുന്നത്.
രാവിലെ ഏത് തിരക്കിനിടയിലും അൽപ നേരമെങ്കിലും തന്റെ പൂക്കളെയും ചെടികളെയും പക്ഷികളെയും പരിചരിച്ച ശേഷമാണ് വാഹിദ ഓഫീസിലേക്ക് പോവുക. ഓഫീസിൽ നിന്നും തിരിച്ചെത്തിയാൽ ഏറെ നേരം ഇത് തന്നെയാണ് വാഹിദയുടെ ലോകം. കുട്ടികളെ താലോലിക്കുന്ന മാതാവിന്റെ കരുതലും വാൽസല്യവും. വാഹിദ തിരിച്ചെത്തുമ്പോൾ പക്ഷികൾ കാണിക്കുന്ന സ്‌നേഹവാൽസല്യങ്ങൾ വീട്ടിലെത്തുമ്പോൾ മക്കൾ അമ്മയെ കെട്ടിപ്പിടിക്കുന്ന പോലെ ഊഷ്മളമാണ്. മക്കളെ സ്‌നേഹിക്കുന്നതു പോലെ ചെടികളെയും പൂക്കളെയും സ്‌നേഹിച്ചും പരിചരിച്ചുമാണ് വാഹിദ  മനോഹരമായ തന്റെ ഗാർഹിക തോട്ടമൊരുക്കിയത്. ഇതിൽ നിന്നും  നിത്യവും ലഭിക്കുന്ന കണ്ണും മനസ്സും നിറയുന്ന അനുഭൂതിയാണ് കൂടുതൽ സജീവമായ ഇടപെടലുകൾക്ക് പ്രേരകം. 


ഊഷരമായ മരുഭൂമിയിൽ കണ്ണിനും  കരളിനും കുളിരു പകരുന്ന  പൂക്കളുടെയും പച്ചക്കറികളുടെയും വിസ്മയം ലോകം തീർത്ത വാഹിദ മണ്ണും മനുഷ്യനും തമ്മിലുണ്ടാവേണ്ട അവിഭാജ്യമായ ബന്ധമാണ് അടയാളപ്പെടുത്തുന്നത്.
പെരിഞ്ഞനം സ്വദേശി നസീറാണ് ഭർത്താവ്. വാഹിദയുടെ എല്ലാ ക്രിയാത്മക പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകിയാണ് നസീർ ഈ ദൗത്യത്തിൽ പങ്കാളിയാകുന്നത്.

Latest News