Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

സാറ അൽഅമീരി: ചൊവ്വാ ദൗത്യത്തിലെ പെൺകരുത്ത് 

അറബ് ലോകത്തെ പ്രഥമ ഗോളാന്തര ബഹിരാകാശ ദൗത്യമായ യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തിന് (ഹോപ് പ്രോബ്) നേതൃത്വം വഹിക്കുന്ന 34 കാരിയായ സാറ ബിൻത് യൂസുഫ് അൽഅമീരി അറബ്, ഇസ്‌ലാമിക ലോകത്തു മാത്രമല്ല, ആഗോള തലത്തിൽ തന്നെ പെൺകരുത്തിന്റെ പുത്തൻ താരോദയമായി മാറുകയാണ്. യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തോളം തന്നെ സാറയും ലോകത്ത് താരത്തിളക്കം നേടുന്നു. മേഖലയിൽ സാമൂഹിക പ്രതിബന്ധങ്ങളും വേലിക്കെട്ടുകളും വനിതകളുടെ ഉന്നമനത്തിന് വിലങ്ങുതടിയായി നിലനിന്നിരുന്ന കാലം ഏറെ അകെലയല്ല. ഇന്ന് സ്ഥിതിഗതികൾ അപ്പാടെ മാറിയിരിക്കുന്നു. സാറ അൽഅമീരിയെ പോലുള്ള വനിതാ രത്‌നങ്ങൾ എല്ലാവർക്കും പ്രചോദനവും മാതൃകയുമാവുകയാണ്. മോഹങ്ങൾ സാക്ഷാൽക്കരിക്കാനുള്ള ഇഛാശക്തിയും അർപ്പണ മനോഭാവവും സ്വപ്‌നം കാണാനുള്ള കഴിവും വൈഭവങ്ങളും ഒത്തുചേർന്നാൽ ഒന്നും അസാധ്യമല്ലെന്ന സന്ദേശമാണ് സ്വന്തം ജീവിതത്തിലൂടെ രണ്ടു മക്കളുടെ മാതാവായ സാറ ലോകത്തിനു നൽകുന്നത്. 
വളരെ കുറഞ്ഞ പ്രായത്തിൽ സാറ വഹിക്കുന്ന ഉന്നത പദവികൾ ചെറുതല്ല. യു.എ.ഇ സ്‌പേസ് ഏജൻസി ചെയർപേഴ്‌സൺ, അഡ്വാൻസ്ഡ് സയൻസ്‌കാര്യ സഹമന്ത്രി, യു.എ.ഇ കൗൺസിൽ ഓഫ് സയന്റിസ്റ്റ്‌സ് ചെയർപേഴ്‌സൺ, യു.എ.ഇ ചൊവ്വാ ദൗത്യം ഡെപ്യൂട്ടി പ്രോജക്ട് മാനേജർ എന്നീ പദവികളെല്ലാം സാറ ഒരേസമയം വഹിക്കുന്നു. സ്‌പേസ് പ്രോഗ്രാമിലുള്ള ഇവരുടെ താൽപര്യവും രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിൽ വഹിക്കുന്ന സംഭാവനയും കൂടുതൽ ഉന്നത പദവികളിലേക്കുള്ള ചവിട്ടുപടികളായി മാറുകയായിരുന്നു. യു.എ.ഇയിലെ അഡ്വാൻസ്ഡ് സയൻസ് കാര്യങ്ങൾക്കുള്ള ആദ്യ സഹമന്ത്രിയാണ് സാറ. 


ഹോപ് (അൽഅമൽ) ഓർബിറ്റർ എന്ന് പേരിട്ട ബഹിരാകാശ പേടകം വികസിപ്പിച്ച യു.എ.ഇ സ്‌പേസ് ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ ചെയർപേഴ്‌സൺ ആയ സാറ ലോകത്ത് ഒരു സ്‌പേസ് ഏജൻസിക്ക് നേതൃത്വം നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിൽ ഒരാളുമാണ്. 1987 ൽ അബുദാബിയിലാണ് സാറ അൽഅമീരിയുടെ ജനനം. കുട്ടിക്കാലത്ത് കംപ്യൂട്ടറിന്റെ പ്രവർത്തനവും കംപ്യൂട്ടർ പ്രോഗ്രാമുകളും വിസ്മയമായതിനാൽ സെക്കണ്ടറി പഠനം പൂർത്തിയാക്കിയ ശേഷം ഷാർജ അമേരിക്കൻ യൂനിവേഴ്‌സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിംഗിന് ചേർന്നു. കംപ്യൂട്ടറുകളുടെ പ്രവർത്തന രീതി, പ്രോഗ്രാമുകൾ എന്നിവ മനസ്സിലാക്കി ഇലക്‌ട്രോണിക്‌സ് മേഖലയിൽ പ്രവേശിക്കാനും പഠനം നടത്താനും ജോലി ചെയ്യാനും കംപ്യൂട്ടർ എൻജിനീയറിംഗ് ആണ് സാറക്ക് അവസരം നൽകിയത്. ഷാർജ അമേരിക്കൻ യൂനിവേഴ്‌സിറ്റിയിൽ നിന്ന് കംപ്യൂട്ടർ എൻജിനീയറിംഗിൽ 2008 ൽ ബാച്ചിലർ ബിരുദവും 2014 ൽ മാസ്റ്റർ ബിരുദവും സാറ കരസ്ഥമാക്കി. 
യു.എ.ഇ സ്‌പേസ് ഏജൻസിയുടെ ആദ്യ രൂപമായ എമിറേറ്റ്‌സ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആന്റ് ടെക്‌നോളജിയിൽ ചേർന്നാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് ദുബായ് സാറ്റ്-1, ദുബായ് സാറ്റ്-2 എന്നീ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചു. ഖലീഫ സാറ്റ് (ദുബായ് സാറ്റ്-3) വികസിപ്പിച്ച ടീമിന്റെ ഭാഗവുമായിരുന്നു. യു.എ.ഇ ബഹിരാകാശ യാത്രികനെ ബഹിരാകാശത്തേക്ക് അയച്ച ടീമിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.  ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഉന്നത പദവി വഹിക്കുന്നതിനു മുമ്പ് യു.എ.ഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിലും പ്രവർത്തിച്ചു. 2016 ലാണ് എമിറേറ്റ്‌സ് സയൻസ് കൗൺസിൽ ചെയർപേഴ്‌സൺ ആയി നിയമിതയായത്. 2019 ഒക്‌ടോബർ മുതൽ മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്‌സിറ്റി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശക സമിതി അംഗമാണ്. യു.എ.ഇയുടെ ആദ്യത്തെ സാറ്റലൈറ്റ് ആയ ദുബായ് സാറ്റ്-1 നു വേണ്ടി പ്രവർത്തിക്കുന്നതിന് എമിറേറ്റ്‌സ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആന്റ് ടെക്‌നോളജി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ 2009 ലാണ് സാറ നിയമിതയായത്. യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബിന് ചുക്കാൻ പിടിക്കുന്ന നിലയിലേക്ക് കുറഞ്ഞ കാലയളവിനുള്ളിൽ സാറ ഉയർന്നു. യൂനിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗൾഡർ, യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ-ബെർകിലി, അരിസോണ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി എന്നിവ യു.എ.ഇ ചൊവ്വാ ദൗത്യത്തിൽ പങ്കാളിത്തം വഹിക്കുന്നു. വർഷങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾക്കും തയാറെടുപ്പുകൾക്കും ശേഷം 2020 ജൂലൈ 19 ന് ആണ് ഹോപ് പേടകം വിക്ഷേപിച്ച് യു.എ.ഇ ചൊവ്വാ ദൗത്യം ആരംഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു.
2019 ൽ ദാവോസ് ലോക സാമ്പത്തിക ഫോറത്തിലും സാറ സംസാരിച്ചിരുന്നു. 2017 നവംബറിൽ 'ഇന്റർനാഷനൽ ടെഡ് ഇവന്റി'ൽ സംസാരിക്കുന്ന ആദ്യത്തെ യു.എ.ഇ സ്വദേശിയായി സാറ അൽഅമീരി മാറി. ലൂസിയാനയിൽ നടന്ന 'ഇന്റർനാഷനൽ ടെഡ് ഇവന്റി'ൽ യു.എ.ഇ ചൊവ്വാ ദൗത്യമായ ഹോപ് മിഷനെ കുറിച്ച് അന്നവർ സംസാരിച്ചു. 2015 ൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ആദരിക്കപ്പെട്ട 50 യുവശാസ്ത്രജ്ഞരുടെ കൂട്ടത്തിൽ സാറയുമുണ്ടായിരുന്നു.
2017 ഒക്‌ടോബറിലാണ് യു.എ.ഇ മന്ത്രിസഭയിൽ അഡ്വാൻസ്ഡ് സയൻസ്‌കാര്യ സഹമന്ത്രിയായി നിയമിതയായത്. ആഗോള തലത്തിൽ ശാസ്ത്ര മേഖലയിൽ സഹകരണം ശക്തമാക്കാൻ 2017 നവംബറിൽ സാറ അൽഅമീരി അമേരിക്കയിൽ പര്യടനം നടത്തിയിരുന്നു. 2020 നവംബർ 23 ന് ബി.ബി.സി പ്രഖ്യാപിച്ച ലോകത്തെ ഏറ്റവും ശക്തയായ വനിതകളുടെ പട്ടികയിൽ സാറ അൽഅമീരി ഇടം നേടിയിരുന്നു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ സ്‌പേസ് സയൻസ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുന്നതിനിടെ റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് യൂനിറ്റ് സ്ഥാപിക്കുകയും ഇതിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. 2009 മാർച്ച് മുതൽ 2011 ഒക്‌ടോബർ വരെയുള്ള കാലത്ത് എമിറേറ്റ്‌സ് ഇൻസ്റ്റിറ്റിയൂഷൻ ഫോർ അഡ്വാൻസ്ഡ് സയൻസ് ആന്റ് ടെക്‌നോളജിയിൽ പ്രോഗ്രാംസ് എൻജിനീയറായും പ്രവർത്തിച്ചിട്ടുണ്ട്. എന്തിനും സാധിക്കുമെന്ന കാര്യത്തിൽ അറബ് വനിതകളെ പ്രചോദിപ്പിക്കുന്നതിന് സാറ പ്രചാരണ കാമ്പയിന് നേതൃത്വം നൽകുന്നു. സാറക്കു മുന്നിൽ ഒന്നും അസാധ്യമല്ല -ബി.ബി.സിയുടെ ലോകത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടിയ സാറ അൽഅമീരിയെ അനുമോദിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം പറഞ്ഞു. 
യു.എ.ഇയിൽ ഡോക്ടർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ, ബാങ്കർമാർ എന്നിവർ ഉൾപ്പെട്ട നിപുണരായ വനിതാ രത്‌നങ്ങൾ അടങ്ങിയ നിരയിൽ നിന്നാണ് സാറ അൽഅമീരിയും കടന്നുവരുന്നത്. എന്റെ ഉമ്മ ഒരു കോളേജ് ബിരുദധാരിയാണ്. അധ്യാപനവൃത്തി അഭിനിവേശമായി കണ്ടിരുന്ന ഒരു അധ്യാപികയായിരുന്നു അവർ എന്ന് സാറ പറയുന്നു. സാറയുടെ 11 കാരനായ മകൻ 'സ്റ്റാർ വാർസ്' ആരാധകനാണ്. 
'മാറ്റം സ്വാഭാവികമായും നമുക്ക് വരുന്ന ഒന്നല്ല, മറുവശത്ത്, പൊരുത്തപ്പെടൽ സ്വാഭാവികമായും നമുക്ക് വരുന്ന ഒന്നാണ്. ഇവ രണ്ടും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാൻ നാം പഠിക്കണം' എന്ന് അനിശ്ചിതമായ സമയങ്ങളിൽ ഒരു ടീമിനെ നയിക്കേണ്ടവരെ സാറ അൽഅമീരി ഉപദേശിക്കുന്നു.സാറയുടെ കുട്ടിക്കാലത്ത് അബുദാബിയും ദുബായും ഇന്നത്തെ പോലെ അംബരചുംബികളായ കെട്ടിടങ്ങളാൽ തിളങ്ങുന്ന വൻ നഗരങ്ങളായിരുന്നില്ല. എന്നാൽ രാജ്യം വികസന പാതയിൽ മിന്നൽ വേഗത്തിൽ കുതിച്ചുപാഞ്ഞതോടെ 2019 ൽ യു.എ.ഇ ആദ്യത്തെ ബഹിരാകാശ യാത്രികനെ ബഹിരാകാശത്തേക്ക് അയച്ചു. ചുവന്ന ഗ്രഹത്തിലെ കാലാവസ്ഥാ രഹസ്യങ്ങളുടെ പൊരുളുകൾ മനസ്സിലാക്കുന്നതിന് കഴിഞ്ഞ വർഷം ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് ഹോപ് ദൗത്യവും ആരംഭിച്ചു. അറബ് ലോകത്ത് ഗ്രഹങ്ങൾക്കിടയിലെ ആദ്യത്തെ ദൗത്യമായ ഇത് മേഖലയിലെ യുവാക്കളെ പ്രചോദിപ്പിക്കാനും ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കാനും രൂപകൽപന ചെയ്തതാണ്. 2009 ൽ ദുബായിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ ജോലിക്കു വേണ്ടിയുള്ള അഭിമുഖത്തിന് ഹാജരായതോടെയാണ് ബഹിരാകാശ മേഖലയാണ് തന്റെ കർമവീഥിയെന്ന് സാറ തിരിച്ചറിഞ്ഞത്. സ്‌പേസ് സെന്റർ എൻജിനീയർമാരെ തേടുകയായിരുന്നു അന്ന്. അതുകൊണ്ടാണ് താൻ ജോലിക്ക് അപേക്ഷിച്ചത്. അങ്ങനെ ആകസ്മികമായാണ് താൻ ബഹിരാകാശ മേഖലയിൽ പ്രവേശിച്ചതെന്ന് സാറ അൽഅമീരി പറയുന്നു. സാറക്കു പുറമെ, യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തിൽ പങ്കാളിത്തം വഹിക്കുന്നവരിൽ നല്ലൊരു ശതമാനവും വനിതകളാണ്. ഇതും യു.എ.ഇ ചൊവ്വാ ദൗത്യത്തെ വേറിട്ടതാക്കുന്നു. യു.എ.ഇയുടെ ചൊവ്വാ ദൗത്യം ഭാവിയിലേക്ക് നോക്കാനും ആകാശത്തേക്ക് നോക്കാനും രാജ്യത്തെ പ്രചോദിപ്പിച്ചു. നാൽപതുകളിലും അമ്പതുകളിലും ഇവിടെ പിറന്ന എന്റെ മാതാപിതാക്കളുടെ ജീവിതങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു എൺപതുകളിൽ ജനിച്ച ഒരാളെന്ന നിലയിൽ എന്റെ ജീവിതം. വൈദ്യുതി മുടക്കം പതിവായതിനാൽ ഞങ്ങളുടെ വീട്ടിൽ ജനറേറ്ററിനെ ആശ്രയിച്ചിരുന്നു. ഞങ്ങൾ ഉപയോഗിച്ചിരുന്ന കുടിവെള്ളത്തിൽ തുരുമ്പിന്റെ അംശമുണ്ടായിരുന്നു. വെള്ളത്തിന് മഞ്ഞ നിറമായിരുന്നു. ഇതുമൂലം തുണി ഉപയോഗിച്ച് ഫിൽറ്റർ ചെയ്താണ് വെള്ളം ഞങ്ങൾ ഉപയോഗിച്ചിരുന്നത്. ശ്രദ്ധേയമായ വെല്ലുവിളികൾ നേരിടുന്ന കാര്യത്തിൽ രാജ്യ, ഭൂപ്രദേശ, മതാതീതമായ സഹകരണങ്ങൾ എല്ലാവർക്കും ഗുണകരമായ മികച്ച ഫലങ്ങൾ സൃഷ്ടിക്കുമെന്ന് യു.എ.ഇയുടെ ചൊവ്വാ ദൗത്യം തെളിയിക്കുന്നു. സർക്കാർ തലത്തിലും ബിസിനസ് മേഖലയിലും മറ്റും ഉന്നത തലങ്ങളിൽ വനിതകൾ ശ്രദ്ധേയമായ സാന്നിധ്യം തെളിയിച്ച യു.എ.ഇയിൽ തനിക്കു മുന്നിൽ സീമകളൊന്നുമില്ലെന്നും സാറ പറയുന്നു.
ഗൾഫ് മേഖലയിൽ നിരവധി വനിതകൾ സമീപ കാലത്ത് ആഗോള തലത്തിൽ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിട്ടുണ്ട്. വനിതാ ശാക്തീകരണ മേഖലയിൽ നിശ്ശബ്ദ വിപ്ലവത്തിനാണ് കുറച്ചു കാലമായി സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്നത്. പുരുഷന്മാരെ പിന്തള്ളിയും അവരോട് ശക്തമായി മത്സരിച്ചും നിരവധി ഉന്നത പദവികൾ സ്വന്തമാക്കി വനിതാരത്‌നങ്ങൾ വെന്നിക്കൊടികൾ പാറിച്ചിട്ടുണ്ട്. ഇതിൽ പ്രമുഖരാണ് ഫതൂൻ അൽസ്വായിഗ്, സൽവ അൽഹസാഅ്, നാജിയ അൽസൻബഖി, ഖൗല അൽകുറൈഅ്, ത്വർഫ അൽമുതൈരി, മശാഇൽ അൽശമൈമരി, സാറ അൽസുഹൈമി, റാനിയ അൽനശ്ശാർ, ലത്വീഫ അൽസബ്ഹാൻ, ഖലൂദ് അൽദഖീൽ, നാഹിദ് ത്വാഹിർ, ലമ ഗസാവി, ലംയാ അൽഫൗസാൻ, ലുബ്‌ന അൽഉലയ്യാൻ, റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി, നബീല അൽതൂനിസി, മുന അൽശഖ്ഹാ, ഗാദ അൽസുബൈഹി, ഹുദ അൽഅമീൽ, ഹുദ അൽഗസ്ൻ എന്നിവർ. 
ഈ നിരയിൽ മുൻനിര സ്ഥാനവുമായി സാറ അൽഅമീരിയും ശക്തമായ സാന്നിധ്യം തെളിയിക്കുന്നു.

Latest News