ന്യൂദൽഹി- പെട്രോൾ വില ലിറ്ററിന് 100 കടന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുമോദിച്ച് മധ്യപ്രദേശ് മെഡിക്കൽ എജുക്കേഷൻ മന്ത്രിയും ബിജെപി നേതാവുമായ വിശ്വാസ് സാരംഗ്. തങ്ങൾക്ക് പല കാര്യങ്ങളിലും വിയോജിപ്പുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തെ അനുമോദിക്കാതെ തരമില്ലെന്നാണ് മന്ത്രിയുടെ അഭിപ്രായം. കാരണം, സോളാർ, ഇലക്ട്രിക് ഊർജങ്ങളുടെ ഉപയോഗത്തെ പ്രത്സാഹിപ്പിക്കുകയാണ് അദ്ദേഹം ഈ വിലവർധനയിലൂടെ ചെയ്യുന്നത്!
'നോക്കൂ, ഞാൻ പ്രധാനമന്ത്രിയെ അനുമോദിക്കാനാണ് ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര എണ്ണവിലകളെ നിയന്ത്രിക്കാനുള്ള തയ്യാറെടുപ്പുകൾ അദ്ദേഹം നടത്തിക്കഴിഞ്ഞു. ഇതിനായി അദ്ദേഹം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുകയാണ്. ഈ നയത്തിലൂടെ എണ്ണവിലകളിൽ നമുക്ക് ശക്തമായ നിയന്ത്രണമുണ്ടാക്കാൻ സാധിക്കും. അതായത്, ഡിമാൻഡും സപ്ലേയുമാണ് ആഗോളതലത്തിൽ എണ്ണവിലയെ നിയന്ത്രിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വരുന്നതോടെ എണ്ണയ്ക്കുള്ള ഡിമാൻഡ് കുറയുകയും എണ്ണവില സ്വാഭാവികമായി കുറയുകയും ചെയ്യും,' മന്ത്രി തന്റെ കണ്ടെത്തൽ അവതരിപ്പിച്ചു.
കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പുനരുപയോഗ സാധ്യതയുള്ള ഊർജങ്ങളുടെ ഉൽപാദനം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങൾക്ക് 10,000 കോടി രൂപയുടെ സബ്സിഡി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
അതേസമയം സോളാർഇലക്ട്രിക് ഊർജത്തിന്റെ ഉപയോഗം നിലവിലെ അളവിലും വേഗതയിലും പോകുകയാണെങ്കിൽ അത് കാര്യമായ വളർച്ച നേടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള രക്ഷതേടലിന് ഇന്ത്യ ഇപ്പോഴും തയ്യാറായിട്ടില്ല. അയൽരാജ്യമായ ചൈന പോലും ഈ വിഷയത്തിൽ ഇന്ത്യയെക്കാൾ ഏറെ മുന്നേറിയിട്ടുണ്ട്.
ഫോസിൽ ഇന്ധനങ്ങളുടെ മേൽ ഉയർന്ന നികുതി ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കേന്ദ്ര സർക്കാർ വിലവർധനയിൽ നിന്നും പിന്നാക്കം പോകാത്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾ തങ്ങളുടെ വരുമാനം കുറയ്ക്കണമെന്ന ആവശ്യം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ബിജെപി പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളിലെല്ലാം അവർ ഈ ആവശ്യമുന്നയിച്ച് തങ്ങൾക്കു നേരെയുള്ള ചോദ്യങ്ങളെ സംസ്ഥാന സർക്കാരിലേക്ക് തിരിച്ചുവിടുന്നുമുണ്ട്. മധ്യപ്രദേശിലും ഇതേ ആവശ്യം ഉയരുകയാണ്.