Sorry, you need to enable JavaScript to visit this website.

തന്നെ ഒഴിവാക്കിയതിന് കാരണം ചിലരുടെ ബോധമില്ലായ്മ സംവിധായകൻ  - സലീം അഹമ്മദ്

കൊച്ചി- രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് സംവിധായകൻ സലീം അഹമ്മദ്. ദേശീയ പുരസ്‌കാര ജേതാവും, വർഷങ്ങളായി എറണാകുളത്ത് താമസിക്കുകയും ചെയ്യുന്ന തന്റെ യോഗ്യത കുറവ് എന്താണെന്ന് സംവിധായകൻ കമലിനെ വിളിച്ച് ചോദിച്ചെന്നും സലീം അഹമ്മദ് പ്രതികരിച്ചു.സലീം അഹമ്മദ് കൊച്ചിയിലാണ് താമസിക്കുന്നതെന്ന വിവരം അറിയാത്തതിനാലാണ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ വിളിക്കാഞ്ഞതെന്നായിരുന്നു കമൽ പറഞ്ഞത്. തന്നെ ഒഴിവാക്കിയതിന് രാഷ്ട്രീയ കാരണങ്ങൾ ഒന്നുമില്ല. പക്ഷെ ചിലരുടെ ഒക്കെ ബോധമില്ലായിമ അതിന് കാരണമായെന്നും സലീം അഹമ്മദ് പറഞ്ഞു.
'തിരികൊളുത്താനുള്ള യോഗ്യത ദേശീയ സംസ്ഥാന പുരസ്‌കാരങ്ങളാണെങ്കിൽ അതിന് തീർച്ചയായും യോഗ്യതയുള്ള ഒരാളാണ് ഞാനെന്നാണ് എന്റെ വിശ്വാസം. മഹത്തരമായ സിനിമകൾ ചെയ്തു എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. എന്നെക്കാളും നല്ല സിനിമകൾ ചെയ്ത ഒരുപാട് ആളുകളുണ്ട്. നല്ല സിനിമകളുമുണ്ട്. പക്ഷെ ഇന്നലെ അവിടെ തിരികൊളുത്തിയ 24 ആളുകളെക്കാൾ യോഗ്യത ഉള്ള ആളാണ് ഞാൻ. നാല് ദേശിയ പുരസ്‌കാരവും, രണ്ട് സംസ്ഥാന പുരസ്‌കാരങ്ങളും ഉണ്ട്. അപ്പോ എന്തുകൊണ്ട് മാറ്റി നിർത്തി എന്നാണ് എന്റെ ചോദ്യം.'
'പരിപാടി കഴിഞ്ഞതിന് ശേഷം ഇതേ കുറിച്ച് ചോദിക്കാൻ ഞാൻ കമലിനെ വിളിച്ചിരുന്നു. സത്യത്തിൽ ഇന്നലെ അവിടെ അങ്ങനെയൊരു ചടങ്ങ് നടക്കുന്നത് പോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ സിനിമ കാണാനായി അവിടെ എത്തിയപ്പോഴാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് ഞാൻ കാണുന്നത്. ചടങ്ങിലുള്ള ആളുകളെ കണ്ടപ്പോഴാണ് ഞാൻ എന്നോട് തന്നെ ചോദിച്ചത് എന്താണ് എന്റെ അയോഗ്യത എന്നത്.
അങ്ങനെയാണ് കമലിനെ വിളിക്കുന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞത് നിങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാണ്. കഴിഞ്ഞ പത്തോളം വർഷങ്ങളായി എനിക്ക് ഈ മേൽവിലാസത്തിലാണ് അക്കാദമിയിൽനിന്ന് കത്തുകൾ വരുന്നതെന്ന് ഞാൻ പറഞ്ഞു. ഇരുപത് വർഷങ്ങളായി ഞാൻ എറണാകുളത്താണ് ജീവിക്കുന്നത്. ഞാൻ വോട്ട് ചെയ്യുന്നതും ഇവിടെയാണ്. എന്നാൽ രാഷ്ട്രീയമായോ, ബോധപൂർവ്വമോ എന്നെ മാറ്റി നിർത്തി എന്നല്ല. പക്ഷെ ബോധമില്ലായിമ ഉണ്ടായിട്ടുണ്ട്.' സലീം അഹമ്മദ് പറഞ്ഞു.
സലീം കുമാർ, ഷാജി കരുൺ എന്നിവരെ മേളയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും മാറ്റി നിർത്തിയെന്ന വിവാദം നിലനിൽക്കെയാണ് സലീം അഹമ്മദും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആരേയും ബോധപൂർവ്വം മാറ്റി നിർത്തിയിട്ടില്ലെന്നും സലീം കുമാറിന്റെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശമുണ്ടെന്നും മന്ത്രി എ കെ ബാലൻ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊച്ചി എഡിഷൻ ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ ഗീതു മോഹൻദാസ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, റഫീഖ് അഹമ്മദ്, വിധു വിൻസെന്റ്, വിനായകൻ, ആഷിക് അബു, നിമിഷ സജയൻ, അന്ന ബെൻ, വിജയ് ബാബു, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി, സ്വാസിക, സിതാര കൃഷ്ണകുമാർ, സമീറ സനീഷ്, ലിസ്റ്റിൻ സ്റ്റീഫൻ, സുരേഷ് കൊല്ലം, മനീഷ് മാധവൻ, രഞ്ജിത് അമ്പാടി, കൃഷ്ണദാസ് എന്നവർ പങ്കെടുത്തു.
 

Latest News