Sorry, you need to enable JavaScript to visit this website.

യു.ഡി.എഫിന് കിട്ടിയ ആന 

കേരളത്തിൽ അടുത്ത കാലത്ത് കുറെ ഉപതെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ്. ഇടതുപക്ഷ സ്ഥാനാർഥിയായ മാണി സി. കാപ്പൻ ജോസ് കെ. മാണിയെ തോൽപിച്ചുവെന്നത് മാത്രമല്ല സവിശേഷത. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാപക നേതാക്കളിലൊരാളായ കെ.എം. മാണി പാലായുടെ ജനപ്രതിനിധിയായിരുന്നു കഴിഞ്ഞ അര നൂറ്റാണ്ടു കാലം. അദ്ദേഹം വിട വാങ്ങിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാവുമ്പോൾ മകന് സ്വാഭാവികമായും സഹതാപ വോട്ടുകൾ ലഭിക്കേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, ഇടതുപക്ഷത്തിന് ഒരിക്കലും സങ്കൽപിക്കാൻ പറ്റാത്ത മണ്ഡലത്തിലാണ് മാണി സി. കാപ്പൻ ജയിച്ചു കയറിയത്. എൻ.സിപി എന്ന പാർട്ടിയുടെ പ്രതിനിധിയായാണ് അദ്ദേഹം മത്സരിച്ചത്. ദേശീയ കോൺഗ്രസ് പാർട്ടി എന്ന എൻ.സി.പിയുണ്ടാക്കിയത് ശരത് പവാറിന്റെ നേതൃത്വത്തിലാണ്. ഇറ്റലിക്കാരി സോണിയ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കോൺഗ്രസ് പാർട്ടിയെ വിഴുങ്ങുമോയെന്ന് പേടിച്ചാണ് പവാറും കൂട്ടരും ദേശീയ വികാരമുയർത്തി പാർട്ടിയുണ്ടാക്കിയത്. അതിന്റെ എം.എൽ.എയാണ് കോൺഗ്രസിനൊപ്പം ചേർന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലെത്തിയപ്പോഴാണ് അദ്ദേഹം കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത്. ലീഗ് ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടി അത്യാഹ്ലാദത്തോടെ പറഞ്ഞത് യു.ഡി.എഫിന് ലഭിച്ച ആനയാണ് മാണി സി. കാപ്പനെന്നാണ്. മലയാളികൾ സിനിമാ പോസ്റ്ററിൽ കണ്ടു സുപരിചിതമായ പേരാണ് മാണി സി. കാപ്പനെന്നത്. അദ്ദേഹം എൻ.സി.പി കേരള എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കുമോയെന്ന് കണ്ടറിയാം. ഏതായാലും ചെന്നിത്തല കാസർകോട്ടു നിന്ന് യാത്ര തുടങ്ങിയതിൽ നിന്ന് രാഷ്ട്രീയ കാലാവസ്ഥയാകെ മാറി. കേരള കോൺഗ്രസ് ബാലകൃഷ്ണ പിള്ള ഗ്രൂപ്പ് പോലും പിളർത്തി യു.ഡി.എഫിലെത്താൻ ഉത്സാഹിക്കുയാണ് ചിലർ. മേജർ രവി, രമേശ് പിഷാരടി തുടങ്ങിയവരും സജീവമായിട്ടുണ്ട്. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോലെ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നത് യു.ഡി.എഫിന് ആശ്വസിക്കാൻ വക നൽകുന്നു. 
പാലായിൽ മാണി സി. കാപ്പൻ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എൻ.സി.പി കാപ്പൻ വിഭാഗത്തിന് മറ്റിടങ്ങളിൽ സീറ്റുണ്ടാവുമോയെന്ന് വ്യക്തമല്ല. പാലായിൽ മത്സരിക്കാനെത്തുന്ന ജോസ് കെ. മാണിക്കും നിലനിൽപിന്റെ പ്രശ്‌നമാണ്. 
പാലായിൽ ഉപതെരഞ്ഞെടുപ്പിലാണ് കാപ്പൻ വിജയിച്ചിരുന്നതെന്ന് ആശ്വസിക്കുന്നവരുണ്ട്.  അതാകട്ടെ, പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലുമായിരുന്നു. കേരള കോൺഗ്രസിലെ ഭിന്നതയും ചിഹ്നം നഷ്ടപ്പെട്ടതുമെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാകുകയാണുണ്ടായത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. ജോസ് കെ. മാണി വിഭാഗം ഒരു പാർട്ടി എന്ന രൂപത്തിൽ ശക്തിയാർജിച്ചു കഴിഞ്ഞു. ചിഹ്നവും ആ വിഭാഗത്തിനു തന്നെയാണ് തിരിച്ചു കിട്ടിയിരിക്കുന്നത്. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറുക കൂടി ചെയ്തതോടെ പാലായിൽ മാത്രമല്ല, മധ്യതിരുവതാംകൂറിൽ തന്നെ ഇടതുപക്ഷത്തിന് വലിയ നേട്ടമുണ്ടാക്കാൻ കഴിയുന്ന സാഹചര്യമാണെന്ന് ഇടതു നിരീക്ഷകർ കരുതുന്നു. പാലാ, ജോസ് കെ. മാണി വിഭാഗത്തെ സംബന്ധിച്ച് വൈകാരിക ബന്ധമുള്ള മണ്ഡലം മാത്രമല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണ്. 
ഇപ്പോൾ തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജോസഫ് ഗ്രൂപ്പ് കലിപ്പിലാണ്. പാലാ അടക്കമുള്ള സീറ്റുകൾ വിട്ടുനൽകുന്നതിലെ 'ബാധ്യത' ജോസഫ് വിഭാഗത്തിന്മേൽ തീർക്കാൻ ശ്രമിച്ചാൽ സീറ്റ് വിഭജനം തന്നെ പൊട്ടിത്തെറിയിൽ കലാശിക്കാനാണ് സാധ്യത. എൻ.സി.പിയെ പോലെ തന്നെ ജനസ്വാധീനമില്ലാത്ത പാർട്ടിയാണ് ജോസഫ് വിഭാഗം കേരള കോൺഗ്രസും. യു.ഡി.എഫിൽ നിലവിൽ ജനസ്വാധീനമുള്ള പാർട്ടികൾ കോൺഗ്രസും  മുസ്‌ലിം ലീഗും മാത്രമാണ്. മറ്റെല്ലാറ്റിന്റെയും അവസ്ഥ ഏറെ പരിതാപകരമാണ്. ഇടതുപക്ഷത്ത് സി.പി.എമ്മിനു തന്നെയാണ് കൂടുതൽ സ്വാധീനമുള്ളത്. മുന്നണിയുടെ നട്ടെല്ല് തന്നെ സി.പി.എമ്മാണ്. സി.പി.ഐക്ക് കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിലാണ് സ്വാധീനമുള്ളത്. ജോസ് കെ. മാണി വിഭാഗത്തിന് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ  സ്വാധീനമുണ്ട്. പിന്നെയുള്ള ഘടക കക്ഷികൾക്ക് ഒന്നിനും കാര്യമായ സ്വാധീനം അവകാശപ്പെടാൻ കഴിയുകയില്ല. മൂന്നാമതൊരു ഗ്രൂപ്പുണ്ടാക്കാൻ ത്രാണിയില്ലാത്ത രണ്ടംഗ പാർട്ടികൾ വരെ ഇടതിലുമുണ്ട്. സി.പി.എം ഒറ്റക്ക് നിന്നാൽ നിഷ്പ്രയാസം ജയിക്കുന്ന മണ്ഡലങ്ങളാണ് മിക്കയിടത്തും ഘടക കക്ഷികൾക്കായി ആ പാർട്ടി വിട്ടുകൊടുത്തിരിക്കുന്നത്. എൻ.സി.പി കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് ജില്ലയിലെ  എലത്തൂർ തന്നെ ഇതിനു ഒന്നാന്തരം ഒരു ഉദാഹരണമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടങ്ങളിലെ സി.പി.എം പ്രവർത്തകർ. മഹാരാഷ്ട്രയിൽ സി.പി.എമ്മിനെ അവഗണിച്ചവർ കേരളത്തിൽ സമ്മർദവുമായി വന്നതിൽ ശരികേടുണ്ട്. 
മാണി സി. കാപ്പന്റെ പുതിയ പാർട്ടി പ്രഖ്യാപനം 22 ന് ശേഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. കാപ്പന്റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യു.ഡി.എഫ് വൈകാതെ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് മാണി സി. കാപ്പനെ എൻ.സി.പിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കിയിട്ടുമുണ്ട്.  എത്രയും വേഗം മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി. കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പൻ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22 ന് തിരുവനന്തപുരത്ത് കാപ്പൻ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പാർട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാണി സി. കാപ്പനും എത്തിയിരുന്നു. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കുമെന്നാണ് കാപ്പന്റെ വിശ്വാസം. 
പുതിയ പാർട്ടിക്കായി എൻ.സി.പി കേരള, എൻ.സി.പി യു.പി.എ എന്നീ പേരുകൾക്കാണ് മുൻഗണന. എൻ.സി.പിയിൽ കാപ്പനെ അനുകൂലിക്കുന്നവരുടെ യോഗം 28 ന് മുമ്പ് വിവിധ ജില്ലകളിൽ വിളിച്ചു ചേർക്കാനും തീരുമാനമായിട്ടുണ്ട്. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനെ തന്റെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും മാണി സി. കാപ്പൻ നടത്തുന്നുണ്ട്. 
തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ പാർട്ടിയുടെ പേര്, ചിഹ്നം, ഭാരവാഹികൾ, ഭരണഘടന തുടങ്ങിയവ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൻ.സി.പിയിൽ നിന്നും വിചാരിച്ച അത്ര പേർ കൂടെ പോന്നില്ലെങ്കിലും 14 ജില്ലാ കമ്മിറ്റികളും ഉടൻ തന്നെ രൂപീകരിക്കാനുള്ള തയാറെടുപ്പിലാണ് കാപ്പൻ അനുകൂലികൾ. മറ്റു പാർട്ടികളിൽ നിന്നും ചിലർ കൂടെ പോരുമെന്നാണ് കാപ്പന്റെ  പ്രതീക്ഷ. അതേസമയം, എൻ.സി.പി വിട്ട് യു.ഡി.എഫിനൊപ്പം പോയ മാണി സി. കാപ്പന് മുന്നിൽ അയോഗ്യതാ ഭീഷണി നിലനിൽക്കുന്നുണ്ട്. മുന്നണി മാറ്റത്തോടെയാണ് മാണി സി. കാപ്പൻ കൂറുമാറ്റ നിരോധന നിയമത്തിന്റെ  പരിധിയിൽ വന്നത്. ഇക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനമാണ് നിർണായകമാവുക. നിലവിൽ കുറുമാറ്റം ആരോപിച്ച് കേരള കോൺഗ്രസ് ജോസഫ്, ജോസ് വിഭാഗങ്ങൾ നൽകിയ രണ്ട് പരാതികൾ സ്പീക്കർക്ക് മുന്നിലുണ്ട്.  ഈ പരാതികളിൽ രണ്ട് കൂട്ടരിൽ നിന്നും സ്പീക്കർ വിശദീകരണം തേടിയിരുന്നു. എന്നാൽ കാപ്പന്റെ  കാര്യത്തിൽ ഇത്തരം വിശദീകരണം ഒന്നും തേടേണ്ടതില്ലെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2005 ലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം സഭയിലെ മൂന്നിൽ രണ്ട് കക്ഷികളുടെ പിന്തുണയില്ലെങ്കിൽ പിളർപ്പ് അംഗീകരിക്കില്ല. എൻ.സി.പിയുടെ മറ്റൊരു എം.എൽ.എ ആയ എ.കെ. ശശീന്ദ്രൻ ഇപ്പോഴും സർക്കാർ പക്ഷത്ത് അടിയുറച്ചു നിൽക്കുകയാണ്. സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും തുടർഭരണമെന്ന എൽ.ഡി.എഫിന്റെ പ്രതീക്ഷക്ക് അടുത്തിടെ മങ്ങലേറ്റു തുടങ്ങിയിട്ടുണ്ട്. ഉദ്ഘാടനങ്ങളും വികസന പദ്ധതി പ്രഖ്യാപനങ്ങളും കൊണ്ടുപിടിച്ചു നടക്കുന്നുണ്ടെങ്കിലും അതൊന്നും അത്രക്കങ്ങ് ഏശുന്നില്ല. പിൻവാതിൽ നിയമനങ്ങളും പി.എസ്.സി റാങ്ക് ലിസ്റ്റ് വിവാദങ്ങളും യുവ വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ട്. 

Latest News