Sorry, you need to enable JavaScript to visit this website.

സാഹിത്യ അവാർഡുകളിലെ രാഷ്ട്രീയം

ആദിമ കാലങ്ങളിൽ മലയാള സാഹിത്യത്തിന് ദ്രാവിഡ ഭാഷയുടെ മൂടുപടമുണ്ടായിരുന്നെങ്കിൽ ഇന്ന് ആ മൂടുപടമണിയുന്നത് രാഷ്ട്രീയ പാർട്ടികളാണ്. സാഹിത്യ ലോകത്തെന്നും ഭിന്നാഭിപ്രായങ്ങൾ കടന്നുവരാറുണ്ട്. പ്രപഞ്ചത്തിൽ നിറഞ്ഞു തുളുമ്പുന്ന ചൈതന്യമാണ് സാഹിത്യം. ഇന്നവിടെ പനിനീർപ്പൂവിന്റെ ദളങ്ങൾ പോലെ പൂക്കൾ മൃദുവായി വിടരുന്നില്ല. അതിലുപരി രാഷ്ട്രീയ പാർട്ടികളുടെ താൽപര്യമനുസരിച്ചു് വിതയ്ക്കുകയും കൊയ്യുകയും അവർ തന്നെ ഭക്ഷിക്കുകയും ചെയ്യുന്നു. ഈ കൂട്ടർ സാഹിത്യ ലോകത്ത് നടത്തുന്നത്  ക്രൂരമായ വിനോദമാണ്. 
അവിടെ വിരിയുന്നത് വോട്ടുകളാണ്. അത് കേരളത്തിൽ മാത്രമല്ല പ്രവാസികളെ ഒപ്പം നിർത്തി വോട്ടുപെട്ടി നിറക്കാൻ പല പേരുകളിൽ സംഘടനകളും രൂപപ്പെടുത്തിയിട്ടുണ്ട്. അവിടെയും കുത്തിനിറച്ചിരിക്കുന്നത് കോടിയുടെ നിറത്തിലാണ്. നിരവധി നൂറ്റാണ്ടുകളിലൂടെ വളർന്നുയർന്ന സാഹിത്യ രംഗത്ത് ഇന്ന് കണ്ടുവരുന്നത് ഉള്ളിലൊന്ന്, നാക്കിലൊന്ന്, കൈയിലൊന്ന് ഇത്തരത്തിലാണ്. പ്രവാസി സാഹിത്യകാരന്മാരെയടക്കം പിന്നിൽ നിന്ന് കുത്തുന്നത്  സാഹിത്യ അക്കാദമി  പുരസ്‌കാരങ്ങൾ മാത്രമല്ല, അനധികൃത നിയമനങ്ങളുമുണ്ട്. നമ്മുടെ അജ്ഞത ഇപ്പോൾ കുറെ തെളിഞ്ഞുവരുന്നില്ലേ? 
1956 ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ സാഹിത്യ അക്കാദമി തിരിവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ഉദ്ഘാടനം ചെയ്തത് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികസനത്തിനായിരിന്നു. അതിൽ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഗവേഷണ പഠനങ്ങൾക്ക് സഹായം ചെയ്യുക. 2021 ൽ വന്നുനിൽക്കുമ്പോൾ ആ ഗവേഷണം സാഹിത്യ നിപുണന്മാർ തങ്ങളുടെ ജീവവായുവായ രാഷ്ട്രീയ വിശ്വാസ പ്രമാണത്തിലൂടെയാണ് നടപ്പാക്കുന്നത്. 
ലോക ചരിത്രത്തിലെ ഏറ്റവും വലിയ സോഷ്യലിസ്റ്റും റഷ്യയുടെ പിതാവുമായ ലെനിൻ ജർമൻകാരനായ കാറൽ മാർക്‌സ്, ഒപ്പം പുഷ്‌കിൻ, ടർജനെവ് തുടങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചാണ് വളർന്നത്. മോസ്‌കോയിൽ കുറെ വിദ്യാർത്ഥികൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരം നടത്തിയപ്പോൾ 15 വയസ്സുള്ള ലെനിനും അതിൽ അണിനിരന്നു. ആ രാത്രി ലെനിനെ സാർ ചക്രവർത്തിയുടെ പോലീസ് അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചു. അതിനെതിരെ മഹാനായ സാഹിത്യകാരൻ ടോൾസ്റ്റോയ് രംഗത്തു വന്നു.  
ഇന്ന് കേരളത്തിൽ കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ച് റാങ്ക് ലിസ്റ്റിൽ പെട്ടവർക്ക് തൊഴിലില്ല. തൊഴിലുള്ളത് ചോദ്യപേപ്പർ അടിച്ചുമാറ്റി പരീക്ഷ എഴുതിയവനും കൊടിപിടിച്ചവനും ബസിന് കല്ലെറിഞ്ഞവനുമാണ്. കൊടിയുടെ നിറത്തിൽ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ടല്ലോ. മറ്റു ചിലർ പാർട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞ് പദവികളിൽ ഇരിപ്പുണ്ടല്ലോ. ഇവരൊന്നും നാട്ടിൽ നടക്കുന്ന നീതിനിഷേധങ്ങൾ കാണുന്നില്ലേ?  ഈ പാവം വിദ്യാർത്ഥികളുടെ ദീനരോദനങ്ങൾ കേൾക്കുന്നില്ലേ? എന്താണ് ഈ സാമൂഹ്യ അനീതിക്കെതിരെ അവരുടെ മധ്യത്തിലേക്ക് ഇറങ്ങി വരാത്തത്?  
നീതിനിഷേധങ്ങൾ നടക്കുമ്പോൾ എഴുത്തുകാർക്ക് മുട്ടിലിഴയാൻ സാധിക്കില്ലല്ലോ.  ലക്ഷങ്ങൾ കോഴ പണം വാങ്ങി ചില പ്രമുഖ നേതാക്കൾ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നതു പോലെ ഒരു സർഗപ്രതിഭ ഒരിക്കലും കോഴപ്പണം കൊടുത്തു പുരസ്‌കാരങ്ങൾ വാങ്ങില്ല. പലപ്പോഴും കണ്ടുവരുന്ന ഒരു പ്രവണത പ്രമുഖരായ ഏതാനം എഴുത്തുകാർക്ക് പുരസ്‌കാരങ്ങൾ കൊടുത്തുകൊണ്ടാണ് മറ്റു പലർക്കും പിൻവാതിൽ നിയമനം പോലും കൊടുക്കുന്നത്. 
ചില പ്രസാധകരിൽ അന്തർലീനമായിക്കിടക്കുന്ന കാൽപനിക സ്വപ്‌നങ്ങൾ പൂവണിയുന്നത് മറ്റാരുമറിയാറില്ല. നമ്മുടെ റാങ്ക് ലിസ്റ്റ് പരീക്ഷ പോലെ അവാർഡിനായി കൊടുത്തിരിക്കുന്ന പുസ്തകങ്ങൾ ഒരു കമ്മീഷനെ വെച്ചു പരിശോധിച്ചാൽ  സൂക്ഷ്മവും മൂർത്തവുമായ യാഥാർഥ്യങ്ങൾ കണ്ടെത്താൻ സാധിക്കും. അതല്ലെങ്കിൽ ചക്കരയിൽ പറ്റിയ ഈച്ച പോലെ രാഷ്ട്രീയ ചക്കര പുസ്തകങ്ങളിൽ പറ്റിപ്പിടിച്ചിരിക്കും. ഇതിനൊക്കെ ഓശാന പാടാൻ കുറെ മാധ്യമങ്ങളുമുണ്ട്. ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ തണലിൽ എഴുത്തുകാരായി രംഗപ്രവേശം നടത്തുന്നവർ ധാരാളമാണ്. അതിനുള്ള എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ചാൽ 1990 - 95 മുതൽ നടത്തിയിട്ടുള്ള പുരസ്‌കാര, പദവി പട്ടികകൾ ഒരു കമ്മീഷനെ വെച്ച് പരിശോധിച്ചാൽ മതി. സാഹിത്യ രംഗം ഇവർ എത്രമാത്രം മലീമസമാക്കിയെന്നും കോപ്പിയടിച്ചു റാങ്ക് ലിസ്റ്റിൽ പെട്ടതു പോലെ എത്ര പേർ സാഹിത്യ രംഗത്ത് വന്നുവെന്നും മനസ്സിലാകും. 
സാഹിത്യ രംഗത്ത് മറ്റൊരു പുരോഗതി കൂടി കൈവന്നിട്ടുണ്ട്.  ഒരു സാഹിത്യ സൃഷ്ടി സാംസ്‌കാരിക സ്ഥാപനത്തിൽ കൊടുത്താൽ അത് യോഗ്യമെങ്കിൽ  പ്രസിദ്ധികരിക്കും. ഇല്ലെങ്കിൽ അറിയിക്കും. മുൻകാലങ്ങളിൽ രാഷ്ട്രീയ പാർട്ടികളിലുള്ളവർ  സാഹിത്യ രംഗത്തുള്ളവർക്ക് സംരക്ഷകരായി വന്നിട്ടില്ല. ഇന്നത് കാണുന്നു.  ചിലർ ചോദിക്കുന്നത്  ഞാൻ എന്തിന്, കാക്ക ഓട്ടക്കലത്തിൽ നോക്കുന്നതു പോലെ നോക്കുന്നുവെന്നാണ്. 2016 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്റെ 'സർദാർ പട്ടേൽ' എന്ന ജീവചരിത്രം കോൺട്രാക്ട് സൈൻ ചെയ്തു. ഇന്നു വരെ അതിറങ്ങിയില്ല.  അവിടെ ഒരു വിദേശ സ്ത്രീ മാസങ്ങൾക്കുള്ളിൽ പുസ്തകം പുറത്തിറക്കിയത് ഒരു രാഷ്ട്രീയക്കാരന്റെ ഒത്താശയിലെന്ന് ഞാനറിഞ്ഞു. ഇന്ന് തള്ളലിന്റെ കാലമാണല്ലോ. അദ്ദേഹം കരുതിയത് ഉന്തിനൊപ്പം ഒരു തള്ള് ഇരിക്കട്ടെ എന്നാണ്.   ഇത് എന്തൊരു മറിമായം?  
പ്രതിഭാധനരായ എഴുത്തുകാരെ പുരസ്‌കാരങ്ങളിൽ നിന്നു പോലും ഒഴിവാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല.  സാഹിത്യ സാംസ്‌കാരിക രംഗം ജീർണതയുടെ പടവുകൾ ചവിട്ടാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറേയായി. ചോദിക്കേണ്ടവർ ചോദിക്കുന്നുമില്ല. 
രാഷ്ട്രീയ പാർട്ടികളുടെ കോട്ടക്കുള്ളിൽ പാർക്കുന്നവർ മാത്രം പുരസ്‌കാരങ്ങളും പദവികളും വാങ്ങിയാൽ മതിയോ? പ്രവാസികളോട് കാട്ടുന്ന ചിറ്റമ്മ നയം എന്തുകൊണ്ട് പ്രവാസി എഴുത്തുകാരോട് കാട്ടുന്നു? അവർ അർഹിക്കുന്ന പദവികൾ, പുരസ്‌കാരങ്ങൾ നൽകുന്നില്ല? മലയാള ഭാഷക്ക് എന്ത് പാർട്ടി? എന്ത് മതം?  ഒരു പാർട്ടിയിലുമില്ലാതെ പതിറ്റാണ്ടുകളായി സാഹിത്യ സേവനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ,  കവികളുടെ നൊമ്പരങ്ങൾ എന്തുകൊണ്ട് കാണുന്നില്ല? 
(wwwkaroorsoman.net ) 

 

Latest News