റിയാദ് - സൗദിയില്‍ കോവിഡ് രോഗബാധ മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞു തുടങ്ങിയെന്ന ആശ്വാസ വാര്‍ത്തയുമായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി .അനുകൂലമായ ഫലം ലഭിക്കുന്നതിന് എല്ലാവരും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. സമീപ കാലത്ത് സൗദിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കാന്‍ കാരണം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ അലസതയായിരുന്നു. വൈറസിന്റെ വകഭേദമല്ല രാജ്യത്ത് കേസുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
സൗദിയില്‍ അംഗീകാരം നല്‍കിയ മുഴുവന്‍ കൊറോണ വാക്‌സിനുകളും സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭിക്കാന്‍ എല്ലാവരും എത്രയും വേഗം 'സിഹതീ' ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ആഗോള തലത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കിടയിലെ മരണങ്ങളുമായും ഗുരുതരമായ പാര്‍ശ്വഫലങ്ങളുമായും ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം തെറ്റായതും കൃത്യവുമല്ലാത്ത വിവരങ്ങളാണ്. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇവ എല്ലാവര്‍ക്കും ലഭ്യമാണ്.
അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ വിതരണം വിപുലമാക്കും. എല്ലാ പ്രവിശ്യകളിലും ലക്ഷ്യമിടുന്ന എല്ലാ വിഭാഗങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും.
ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 371 കൊറോണ ബാധിതര്‍ അസുഖം ഭേദമായി ആശുപത്രികള്‍ വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 322 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും മൂന്നു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 480 പേര്‍ അടക്കം 2,630 പേര്‍ ചികിത്സയിലാണ്.