Sorry, you need to enable JavaScript to visit this website.

യൂറോപ്പിലല്ല, ഇത് വടകരയിൽ 

പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സാഹിത്യങ്ങളിൽ പരാമർശിക്കുന്ന സ്ഥലമാണ് കാരക്കാട്. ഇതേ സ്ഥലത്തിന് വേറെയും പേരുകളുണ്ട്. കേരളത്തിലെ പ്രധാന നിർമാണങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനവും ഇവിടെ തന്നെ.
ഊരാളുങ്കൽ എന്നും മടപ്പള്ളിയെന്നുമൊക്കെ വിളിക്കാറുള്ള ഈ സ്ഥലം റെയിൽവേയുടെ കണക്കിൽ നാദാപുരം റോഡാണ്. ഇത്തരം സൂത്രപ്പണികൾ കേരളത്തിൽ മറ്റിടങ്ങളിലും റെയിൽവേ ചെയ്തത് കാണാം. എറണാകുളത്തിനും കോട്ടയത്തിനുമിടയിലെ വൈക്കം റോഡ്, മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ നിലമ്പൂർ റോഡ് എന്നിവയും നമുക്ക് സുപരിചിതമാണല്ലോ. വടകര-വയനാട് റോഡിൽ സ്ഥിതി ചെയ്യുന്ന നാദാപുരത്തെത്താൻ ഇവിടെ നിന്ന് പത്ത് കിലോ മീറ്ററോളം യാത്ര ചെയ്താൽ മതി. 


അടുത്ത കാലത്ത് ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊല ചെയ്ത വേളയിൽ സർവത്ര പറഞ്ഞു കേട്ട ഒഞ്ചിയമെന്ന ചുവന്ന ഗ്രാമം തൊട്ടടുത്താണ്. സി.പി.എമ്മിന്റെ ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത് നാദാപുരം റോഡ് അങ്ങാടിയിലാണ്. കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമായ വടകരയിൽനിന്ന് നാലഞ്ച് കിലോ മീറ്റർ അകലെയാണ് ഈ പ്രദേശം. തപാൽ വകുപ്പിന്റെ കണക്കിൽ വടകര-2. അതാണ് മടപ്പള്ളി കോളജ് പോസ്റ്റ് ഓഫീസിന്റെ പിൻകോഡ്. 


കന്യാകുമാരി-മുംബൈ ഹൈവേയിൽ കോഴിക്കോടിനും കണ്ണൂരിനുമിടയിൽ സ്ഥിതി ചെയ്യുന്ന നാദാപുരം റോഡ് പുതുവർഷം പിറന്നപ്പോൾ വാർത്തകളിൽ നിറഞ്ഞു. നാദാപുരം റോഡ് ബസ് സ്‌റ്റോപ്പിൽനിന്ന് സുമാർ ഒന്നര ഫർലോങ് അകലെയാണ് നാദാപുരം റോഡ് റെയിൽവേ സ്‌റ്റേഷൻ. മനുഷ്യർക്ക് ഒരു വിധം നടന്നു പോകാൻ പോലും പറ്റാത്ത വിധമായിരുന്നു ഈ റോഡ്. ഓട്ടോറിക്ഷ വിളിക്കാൻ ശ്രമിച്ചാൽ ആടത്തേക്ക് ഞാള് പോവ്വേല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. 2021 ജനുവരിയ്ക്ക് ശേഷം ഇതേ റോഡ് കണ്ടാൽ ആരും വിസ്മയിക്കും. സമ്പന്ന രാജ്യങ്ങളിൽ കണ്ടുപരിചയമുള്ള ഒന്നാന്തരം റോഡാക്കി ഇതിനെ മാറ്റി. കൂടെ യൂറോപ്പിലേത് പോലെ സുന്ദരമായ പാർക്കും. കോവിഡ് ബാധയുടെ നിരക്ക് കുറയുന്ന ദിവസങ്ങളിലെല്ലാം നല്ല തിരക്കാണ് നാദാപുരം റോഡ് പാർക്കിൽ.

ഒരു കാര്യം ഉറപ്പിച്ചുപറയാം. കോവിഡെല്ലാം മാറി ജീവിതം സാധാരണ നിലയിലായാൽ വിവാഹ ഫോട്ടോ ഷൂട്ടിന് വരെ ആളുകൾ ഇവിടേക്ക് പ്രവഹിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ തന്നെ ന്യൂജൻ കുമാരിമാർ കൂട്ടുകാരികൾക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ ഇവിടെയെത്തുന്നു. കാരക്കാടിനെ കോഴിക്കോട് ജില്ലയിലെ തലയെടുപ്പുള്ള ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റിയതിന് നന്ദി പറയാം ഊരാളുങ്കൽ സൊസൈറ്റിയോടും കേരളത്തിന്റെ ഭരണ സാരഥികളോടും.  മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഈ പദ്ധതിയ്ക്ക് അനുവദിച്ചത് 2.80 കോടി രൂപയാണ്. 


കോഴിക്കോട് വടകരയിൽ ഉദ്ഘാടനം ചെയ്ത വാഗ്ഭടാനന്ദ പാർക്കിനെ പറ്റി മികച്ച പ്രതികരണങ്ങളാണ് ലഭിച്ചതെന്ന്  ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രൻ. യൂറോപ്യൻ രാജ്യങ്ങളിലെ തെരുവുകളെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പാർക്ക് എന്ന് ഫോൺ വിളിച്ചും സോഷ്യൽ മീഡിയയിലും പലരും അഭിപ്രായപ്പെട്ടു. അവർക്കൊക്കെ ഈ റോഡിന്റെ പഴയ ചിത്രങ്ങൾ കാണണമെന്നായിരുന്നു ആഗ്രഹം. ഒഞ്ചിയത്തെ നാദാപുരം റോഡ് റെയിൽവേ സ്‌റ്റേഷൻ മുതൽ ദേശീയപാത വരെയുള്ള റോഡാണ് മുഖച്ഛായ മാറ്റി വാഗ്ഭടാനന്ദ പാർക്ക് എന്ന് നാമകരണം ചെയ്തത്.


വെറുമൊരു തെരുവീഥി നവീകരണം എന്നതിലുപരിയായി ഒരു 'ഹാപ്പനിംഗ് പ്ലേസ്' എന്ന ആശയത്തിൽ ഊന്നിയാണ് ഈ പാർക്ക് നിർമിച്ചിരിക്കുന്നത്. ഓപ്പൺ സ്‌റ്റേജ്, ബാഡ്മിന്റൻ കോർട്ട്, ഓപ്പൺ ജിം കുട്ടികളുടെ പാർക്ക് തുടങ്ങിയവയെല്ലാമുള്ള ഇവിടെ വഴിയോര വിശ്രമകൂടാരങ്ങളും ആൽച്ചുവടുകൾ പോലെയുള്ള ഇടങ്ങളിൽ കൂട്ടായി ഇരിക്കാനുള്ള സീറ്റിങ് കോർണറുകളും ധാരാളം ഇരിപ്പിടങ്ങളും ഭിന്നശേഷിക്കാർക്കടക്കമുള്ള ടോയ്‌ലെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. റോഡിൽ നേരത്തേ തന്നെയുള്ള മത്സ്യമാർക്കറ്റും ബസ് സ്‌റ്റോപ്പും കിണറുമെല്ലാം പാർക്കിന്റെ രൂപകൽപനയ്‌ക്കൊത്തു നവീകരിക്കുകയാണ് ചെയ്തത്.

 


വാഹനവേഗം നിയന്ത്രിക്കാൻ നിശ്ചിത അകലത്തിൽ ടേബിൾ ടോപ് ഹമ്പുകൾ, ഇരുവശത്തും നടപ്പാത, നടപ്പാതയെ വേർതിരിക്കാൻ ഭംഗിയുള്ള ബൊല്ലാർഡുകൾ, നടപ്പാതയിൽ ഉയർച്ച താഴ്ചകൾ പരിഹരിച്ച് വീൽ ചെയറുകളും മറ്റും പോകാൻ സഹായിക്കുന്ന ഡ്രോപ് കേർബുകൾ, കാഴ്ചാ വൈകല്യമുള്ളവർക്കു നടപ്പാത തിരിച്ചറിയാൻ സഹായിക്കുന്ന ടാക്‌റ്റൈൽ ടൈലുകൾ തുടങ്ങിയ ആധുനിക ക്രമീകരണങ്ങളെല്ലാം പാർക്കിനെ ഭിന്നശേഷി സൗഹൃദവും സുരക്ഷിതവുമാക്കുന്നു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലും വാഗ്ഭടാനന്ദ പാർക്ക് മാതൃകയാക്കി ഇത്തരം നിർമിതികൾ നടത്താവുന്നതേയുള്ളു. 

 

 


 

Latest News