കോട്ടയം- എൻ.സി.പിയിൽനിന്ന് പുറത്തുപോയ മാണി സി. കാപ്പനെ പാർട്ടി ദേശീയ നേതൃത്വം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് ഒറ്റവാചകത്തിലുള്ള വാർത്താക്കുറിപ്പിൽ പാർട്ടി സെക്രട്ടറി വ്യക്തമാക്കി. പുതിയ പാർട്ടി രൂപീകരണവുമായി കാപ്പൻ മുന്നോട്ടുപോവുകയാണ്. എന്നാൽ കാപ്പൻ കോൺഗ്രസിൽ ചേരണമെന്ന ആവശ്യത്തിന് കെ.പി.സി.സി നേതൃത്വത്തിൽ ശക്തിയേറി.
യു.ഡി.എഫിന് കൈകൊടുത്ത മാണി സി. കാപ്പനെ ഒപ്പം ചേർത്ത് മുന്നോട്ടു പോകുകയാണ് രമേശ് ചെന്നിത്തല. ഇന്നലെ പൗരപ്രമുഖരുമായുളള ആശയവിനിമയത്തിലും കാപ്പൻ പങ്കെടുത്തു. കാപ്പനെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. അതേസമയം പാർട്ടി രൂപീകരണത്തെക്കുറിച്ച് തീരുമാനമെടുക്കാൻ പത്തംഗ സമിതിയെ മാണി സി. കാപ്പൻ വിഭാഗം നിയോഗിച്ചു.
പാലാ പിടിക്കാൻ മാണി സി. കാപ്പനെ നിയോഗിച്ചതിനു പിന്നാലെ തുടർ നടപടികളിലേക്ക് കടക്കുകയാണ് യു.ഡി.എഫ്. മൂന്നു സീറ്റുകളാണ് മാണി സി. കാപ്പൻ വിഭാഗം ആവശ്യപ്പെടുന്നത്. പാലാക്ക് പുറമെ കായംകുളവും മലബാറിൽ ഒരു സീറ്റും. വൈകാതെ തന്നെ മുന്നണി യോഗം ചേർന്ന് തീരുമാനമെടുക്കും.
പാലായിലെ ശക്തി പ്രകടനം യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഉണർവുണ്ടാക്കി. എന്നാൽ കാപ്പൻ വിഭാഗത്തിന് കൂടുതൽ സീറ്റുകൾ നൽകുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർ സ്വരങ്ങളുണ്ട്. പാർട്ടി രൂപീകരണ നടപടികളിലേക്ക് മാണി സി. കാപ്പൻ പ്രവേശിച്ചു. പാർട്ടി പേര്, ചിഹ്നം എന്നിവ തീരുമാനിക്കാൻ പത്തംഗ സമിതിയെ ചുമതലപ്പെടുത്തി. എൻ.സി.പി കേരള, എൻ.സി.പി യു.പി.എ എന്നീ പേരുകൾക്കാണ് മുൻഗണന. 22ന് പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. അതിനു ശേഷം മണ്ഡലത്തിൽ വികസന വിളംബര ജാഥ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സീറ്റുകളെക്കുറിച്ച് ആലോചിക്കുന്നതിനായി കേരള കോൺഗ്രസ് എം സംസ്ഥാന സമിതി കോട്ടയത്തു ചേരും. ജോസ് കെ. മാണിയെ ചെയർമാനായി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച ശേഷമുളള ആദ്യ യോഗമാണ്. വൈകുന്നേരം നാലിന് കോട്ടയത്തെ ഓഫീസിലാണ് യോഗം.






