ന്യൂദല്‍ഹി- പുതിയ സ്വകാര്യത നയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ സുപ്രീംകോടതി ഫേസ്ബുക്കിനും വാട്സ്ആപ്പിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് സ്വകാര്യത നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്, അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ പറഞ്ഞു. ആയിരം കോടി മൂലധനമുള്ള കമ്പനിയെക്കാള്‍ ജനങ്ങള്‍ തങ്ങളുടെ സ്വകാര്യതക്കാണ് വില കല്‍പ്പിക്കുന്നത് എന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. യൂറോപ്പിലെ ജനതക്ക് കിട്ടുന്ന സ്വകാര്യത വാട്സ്ആപ്പില്‍ നിന്ന് ഇന്ത്യന്‍ ജനതക്ക് ലഭിക്കുന്നില്ല എന്ന് ഹരജിയില്‍ പറയുന്നു. സ്വകാര്യതയെക്കുറിച്ച് യൂറോപ്പിന് പ്രത്യേക നിയമമുണ്ടെന്നും ഇന്ത്യക്ക് സമാനമായ ചട്ടം ഉണ്ടെങ്കില്‍ അത് പിന്തുടരുമെന്നും വാട്സ്ആപ്പ് സുപ്രീം കോടതിയെ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് വാട്സ് ആപ്പ് സ്വകാര്യത നയത്തില്‍ മാറ്റം വരുത്തിയത്. എന്നാല്‍, സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഫേസ്ബുക്കിനും വാട്സ് ആപ്പിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ കപില്‍ സിബലും അരവിന്ദ് ദത്താറും വാദിച്ചത്. വാട്സാപ്പിന് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും വ്യത്യസ്തമായ സ്വകാര്യത നയങ്ങളാണുള്ളതെന്നാണ് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ശ്യാം ദിവാന് ചൂണ്ടിക്കാട്ടിയത്. യൂറോപ്പില്‍ മറ്റൊരു നിയമം ഉള്ളത് കൊണ്ടാണ് അത് പിന്തുടരുന്നതെന്നും ഇന്ത്യയില്‍ അത്തരമൊരു നിയമം ഉണ്ടെങ്കില്‍ അനുസരിക്കുമെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. നിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും അത് മൗലികാവകാശമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. നാലാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.