ബൈക്കിൽ അഭ്യാസപ്രകടനം: യുവാവ് കസ്റ്റഡിയിൽ

മക്കയിൽ തിരക്കേറിയ റോഡിലൂടെ യുവാവ് ഒറ്റ ചക്രത്തിൽ ബൈക്ക് ഓടിക്കുന്നു.

മക്ക - ബൈക്കിൽ സാഹസികമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ മക്കയിൽ നിന്ന് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി തിരക്കേറിയ റോഡിലൂടെ ഒറ്റ ചക്രത്തിൽ ബൈക്ക് ഓടിച്ച യുവാവാണ് പിടിയിലായത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് യുവാവ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞത്. ശിക്ഷ പ്രഖ്യാപിക്കുന്നതിന് യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് മക്ക ട്രാഫിക് പോലീസ് അറിയിച്ചു. 
തായിഫിൽ അമിത വേഗതയിൽ കാറോടിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത മറ്റൊരു യുവാവിനെ തായിഫ് ട്രാഫിക് പോലീസും കസ്റ്റഡിയിലെടുത്തു. സമാന നിയമ ലംഘനത്തിന് റിയാദിൽ മറ്റൊരു ഡ്രൈവറും കൂട്ടാളിയും പിടിയിലായി. ഡ്രൈവർ അമിത വേഗതയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ കൂട്ടാളിയാണ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മുപ്പതിനടുത്ത് പ്രായമുള്ള സൗദി യുവാക്കളാണ് പിടിയിലായത്. ഇവർക്കെതിരായ കേസുകൾ ട്രാാഫിക് അതോറിറ്റികൾക്ക് കൈമാറുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 

Latest News