ഗുവാഹാത്തി- ഭൂതകാലത്തില്‍ ചെയ്ത പാപങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലമാണ് അര്‍ബുദവും അപകട മരണവുമെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. ഗുവാഹത്തിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസ്താവന രൂക്ഷവിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കയാണ്. 2015 വരെ കോണ്‍ഗ്രസ് എം.എല്‍.എ ഹിമാന്ത കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി മാറ്റം ഒരാളുട ചിന്താഗതി തന്നെ ഇങ്ങനെയാണ് മാറ്റുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി.ചിദംബരം പറഞ്ഞു.
നാം പാപം ചെയ്യുമ്പോഴാണ് ഈശ്വരന് നമുക്ക് കഷ്ടപ്പാടുകള്‍ തരുന്നത്. ചെറുപ്പക്കാരായ യുവാക്കള്‍ അര്‍ബുദ ബാധിതരാകുന്നതും അപകടങ്ങളില്‍ പെടുന്നതും വര്‍ധിച്ചിട്ടുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും അവര്‍ അനുഭവിക്കുന്നത് ദൈവത്തിന്റെ നീതി നടപ്പാക്കലാണെന്ന്- ഹിമാന്ത പറഞ്ഞു.
പാപങ്ങള്‍ ഈ ജന്മത്തിലേത് ആകണമെന്നില്ലെന്നും മുജ്ജന്മങ്ങളിലേതാകമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ അച്ഛനോ അമ്മയോ ചെയ്തതിന്റെ ഫലമാകാം. ഇനി ചെറുപ്പക്കാരന് പാപങ്ങള്‍ ഒന്നും ചെയ്തിട്ടുണ്ടാവണമെന്നില്ല ഒരുപക്ഷേ അയാളുടെ അച്ഛനായിരിക്കാം തെറ്റ് ചെയ്തിട്ടുണ്ടാവുക- ഹിമാന്ത പറഞ്ഞു.
അധ്യാപന ജോലിയെ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം അധ്യാപകരെ ഉപദേശിച്ചു. സ്വകാര്യ മേഖലയില്‍ തുഛ ശമ്പളത്തിന് ജോലി ചെയ്യുമ്പോള്‍ കാണിക്കുന്ന ശുഷ്കാന്തി സര്‍ക്കാര്‍ അധ്യാപകരാകുമ്പോള്‍ കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
കര്‍മങ്ങളുടെ ഫലമാണ് ഓരോരുത്തര്‍ക്കും ലഭിക്കുകയെന്ന് ഭഗവത് ഗീതയിലും ബൈബിളിലും പറഞ്ഞിട്ടുണ്ട്. ദൈവം എല്ലായ്പ്പോഴും നീതി നടപ്പാക്കുമെന്നും ആര്‍ക്കും അതില്‍നിന്ന് രക്ഷപ്പെടാനാകില്ലെന്നും മന്ത്രി പറഞ്ഞു.
കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്ന് ഹിമാന്ത ട്വിറ്റില്‍ ചിദംബരത്തിനു മറുപടി നല്കി. ഹൈന്ദവ വിശ്വാസം കര്‍മ ഫലത്തെ അടിസ്ഥാനമാക്കിയാണെന്നും കഴിഞ്ഞ കാലത്തെ കര്‍മങ്ങളുടെ ഫലമാണ് ഇപ്പോള്‍ അനുഭിവക്കുന്നത് എന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.






