റിയാദ്- മുഴുവൻ ഗതാഗത നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പുനഃപരിശോധിക്കുന്നതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് അൽ ബസ്സാമി വെളിപ്പെടുത്തി. ട്രാഫിക് നിയമത്തിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രാഫിക് പോലീസുകാരുടെ കൃത്യനിർവഹണം പരിഷ്‌കരിക്കുകയും സാങ്കേതിക വിദ്യകൾ കൂടുതലായി ആശ്രയിക്കുകയും ചെയ്യുന്ന പുതിയ ട്രാഫിക് സ്ട്രാറ്റജി തയാറാക്കുന്നതിനുള്ള ജോലികൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. ഡ്രൈവിംഗ് സ്‌കൂൾ നിയമാവലി പരിഷ്‌കരിക്കുന്നുണ്ട്.
നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് മുഴുവൻ ട്രാഫിക് പട്രോളിംഗ് യൂനിറ്റുകളിലും മൊബൈൽ റഡാറുകൾ സ്ഥാപിക്കും. ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കലും ക്യാമറകൾ വഴി നിരീക്ഷിച്ച് കണ്ടെത്തി നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്യും. ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ബ്ലാക്ക് പോയിന്റ് രീതി നടപ്പാക്കും. ഇതുപ്രകാരം നിശ്ചിത പോയിന്റ് മറികടക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്ന രീതി നടപ്പാക്കും.
വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നടപ്പാക്കുന്നതിനു മുന്നോടിയായി ഡ്രൈവിംഗ് സ്‌കൂളുകൾ സജ്ജീകരിക്കുന്നതിനും മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടികൾ ആരംഭിച്ചിട്ടുണ്ട്. വനിതാ ഡ്രൈവർമാർക്ക് പുതിയ വ്യവസ്ഥകളൊന്നും ബാധകമല്ല. റോഡുകളിലെ പരമാവധി വേഗപരിധിയിൽ ഭേദഗതികൾ വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി വരികയാണ്. ചില റോഡുകളിലെ കൂടിയ വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി ഉയർത്താവുന്നതാണെന്നും ബ്രിഗേഡിയർ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.
സൗദിയിൽ ഓരോ മിനിറ്റിലും ഒരു അപകടം വീതമുണ്ടാകുന്നുണ്ടെന്ന് ബ്രിഗേഡിയർ ബസ്സാം അൽഅതിയ്യ പറഞ്ഞു. മണിക്കൂറിൽ നാലു പേർക്കു വീതം വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നുണ്ട്. വർഷത്തിൽ 7,000 പേർ അപകടങ്ങളിൽ മരിക്കുന്നുണ്ട്. 70 ശതമാനം അപകടങ്ങളും നഗരങ്ങൾക്കു പുറത്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നമ്പർ പ്ലേറ്റുകൾ മായ്ക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കുമെന്ന് ഹൈവേ പോലീസ് മേധാവി മേജർ ജനറൽ സായിദ് അൽ തുവയ്യാൻ പറഞ്ഞു.
വാഹനത്തിനകത്ത് നടക്കുന്ന നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് നീക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.