ഈരാറ്റുപേട്ട - പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ പൂഞ്ഞാറിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് ഈരാറ്റുപേട്ടയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സ്വാഗത പ്രാസംഗികനായ മുസ്ലിം ലീഗ് നേതാവ് പി.എസ്. അബ്ദുൽ ഖാദറും അധ്യക്ഷനായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഇല്ല്യാസും ഈഴവ, മുസ്ലിം, ദലിത്, വിഭാഗങ്ങളെയും കന്യാസ്ത്രീകളെയും ആക്ഷേപിക്കുന്ന ജോർജിനെ യു.ഡി.എഫിൽ എടുക്കരുതെന്ന് പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സ്വീകരണയാത്രയിൽ ഈ ആവശ്യമുന്നയിച്ച് പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
ഐശ്വര്യ കേരള യാത്രയ്ക്ക് ഈരാറ്റുപേട്ടയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പനയ്ക്കപ്പാലത്ത് നിന്ന് ഇരുചക്ര വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോട് കൂടി എത്തിയ ജാഥയെ പോലീസ് സ്റ്റേഷൻ ജംങ്ഷന് സമീപത്തു നിന്ന് നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു.
നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ സെൻട്രൽ ജംങ്ഷനിലെ വേദിയിൽ എത്തിയ ജാഥയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് എതിരേറ്റു. ചെന്നിത്തലയെ തോളിലേറ്റി പ്രവർത്തകർ വേദിയിൽ എത്തിച്ചു.
എം.എം. ഹസ്സൻ, ആന്റോ ആന്റണി എം.പി, അബ്ദുറഹ്മാൻ രണ്ടത്താണി, ഫ്രാൻസിസ് ജോർജ്, സി.പി. ജോൺ, കെ.സി ജോസഫ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, ജോസഫ് വാഴയ്ക്കൻ, മുൻ എം.പി ജോയി എബ്രഹാം, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജോസി സെബാസ്റ്റിയൻ, പി.എ. സലീം, അസീസ് ബഡായിൽ, തോമസ് കല്ലാടൻ, അഡ്വ. ജോമോൻ ഐക്കര, പ്രകാശ് പുളിയ്ക്കൻ, റോയി കപ്പലുമാക്കൽ, എം.പി സലീം, മജു പുളിക്കൻ, തോമസുകുട്ടി മൂന്നാനപ്പള്ളി, എ.കെ സിബി, മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, പി.എസ് അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.