ഇതാണോ നിങ്ങളുടെ പുതിയ ജനാധിപത്യം; തന്നെയും അച്ഛനെയും തടങ്കലിലാക്കിയെന്ന് ഒമർ അബ്ദുല്ല

ശ്രീനഗർ- തന്നെയും അച്ഛൻ ഫറൂഖ് അബ്ദുല്ലയെയും കേന്ദ്രം വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. 'ഇതാണ് പുതിയ ജമ്മുകശ്മീർ, 2019 ഓഗസ്റ്റിന് ശേഷം ഒരു വിശദീകരണവും നൽകാതെ ഞങ്ങളെ പൂട്ടിയിട്ടു. അവർ എന്നെയും സിറ്റിങ്ങ് എം.പികൂടിയായ അച്ഛനെയും വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ്. എന്റെ സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും പൂട്ടിയിട്ടുവെന്ന് ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.  

വീട്ടിലെ ജീവനക്കാരെപ്പോലും പുറത്ത് കടക്കാൻ അനുവദിക്കുന്നില്ലെന്നും ഒമർ അബ്ദുല്ല പറഞ്ഞു. 'നിങ്ങളുടെ ജനാധിപത്യത്തിന്റെ പുതിയ മാതൃകയെന്നാൽ ഒരു വിശദീകരണവുമില്ലാതെ ഞങ്ങളെ തടവിലാക്കാം എന്നത് മാത്രമല്ല ഞങ്ങളുടെ വീട്ടിലെ തൊഴിലാളികൾക്ക് പോലും അകത്തേക്കോ പുറത്തേക്കോ ഇറങ്ങാൻ സാധിക്കില്ലെന്ന് കൂടിയാണ്. എനിക്ക് ഇപ്പോഴും ദേഷ്യവും രോഷവുമുണ്ടെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

അതേസമയം പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷികത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയതെന്ന് ശ്രീനഗർ പോലീസ് വ്യക്തമാക്കുന്നത്.
 

Latest News