പാക് പൗരത്വമുള്ള വനിത യുപിയില്‍ പഞ്ചായത്ത് പ്രസിഡന്റായി; പരാതിയെ തുടര്‍ന്ന് അറസ്റ്റില്‍

ഇട്ടാ- ഉത്തര്‍പ്രദേശിലെ ഒരു പഞ്ചായത്തിന്റെ ഇടക്കാല പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടത് പാക്കിസ്ഥാന്‍ പൗരത്വമുള്ള മധ്യവയസ്‌ക്ക. ദീര്‍ഘകാല വിസയില്‍ നാലു പതിറ്റാണ്ടോളമായി ഇവിടെ കഴിയുന്ന ബാനോ ബീഗം എന്ന വനിതയെ പരാതിയെ തുടര്‍ന്ന് യുപി പോലീസ് അറസ്റ്റ് ചെയ്തു. ഗദവു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ബാനോ ബീഗം ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗദവു സ്വദേശിയായ അഖ്തര്‍ അലിയാണ് ബാനോ ബീഗത്തിന്റെ ഭര്‍ത്താവ്. 1980 ജൂണ്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹം. അതിനു ശേഷം ദീര്‍ഘകാല വീസാ കാലാവധി തുടര്‍ച്ചയായി നീട്ടിക്കൊണ്ടാണ് ഇവര്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്.  പഞ്ചായത്ത് പ്രസിഡന്റായതോടെ നാട്ടുകാര്‍ ഇവരുടെ പൗരത്വം സംബന്ധിച്ച് പരാതി ഉന്നയിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ഉയര്‍ന്നതോടെ ബാനോ ബീഗം ഒളിവില്‍ പോയിരുന്നു. ഇവര്‍ വീടിനടുത്തു തന്നെ ഒളിവില്‍ പാര്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ശനിയാഴ്ച പിടികൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Latest News