കോട്ടയം- കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാര സജീവമാണെന്നും ഇരുപാർട്ടികളുടെയും ലക്ഷ്യം യു.ഡി.എഫിനെ തകർക്കലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേരളത്തിലെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കിയെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അങ്ങിനെയെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ചെറുപ്പക്കാർ സമരം ചെയ്യുമായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു. ഇതുപോലെ ജനങ്ങളെ പറ്റിച്ച സർക്കാർ വേറെയുണ്ടാവില്ല. മുഖ്യമന്ത്രിക്ക് ഒരു നേട്ടവും അവകാശപ്പെടാനില്ല. ഗെയിൽ പൈപ്പ് ലൈൻ യു.ഡി.എഫ് സർക്കാരിന്റെ പദ്ധതിയാണ്. സിപിഎം തടസപ്പെടുത്തുക മാത്രമാണ് ചെയ്തത്. മെട്രോ കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണ്. ഇതുപോലെ സ്വന്തമായി ഒരു നേട്ടവും പറയാനില്ലാത്ത സർക്കാരാണിത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ തങ്ങളുടേതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.






