തവക്കല്‍നാ ആപ്പ് ചോദിച്ചതിന് മര്‍ദനം; സെക്യൂരിറ്റി ജീവനക്കാരനെ രക്ഷിച്ചത് ഭാര്യ

റിയാദ് - ഷോപ്പിംഗ് മാളിലേക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രകോപിതനായ സൗദി യുവാവ് സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്ത് ആഞ്ഞടിച്ചു. ഒടുവില്‍ യുവാവിന്റെ ഭാര്യ ഇടപെട്ടാണ് ജീവനക്കാരനെ രക്ഷപ്പെടുത്തിയത്.
പ്രശസ്തമായ ഷോപ്പിംഗ് മാളിന്റെ പ്രവേശന കവാടത്തിനു മുന്നിലാണ് സംഭവം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഷോപ്പിംഗ് മാളില്‍ പ്രവേശിക്കുന്നതിന് 'തവക്കല്‍നാ' ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.  പ്രവേശന കവാടത്തില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ യുവാവിനോട് 'തവക്കല്‍നാ' ആപ്പ് കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ലെന്ന് യുവാവ് പറഞ്ഞതോടെ മാളിലേക്ക് പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചു.
ഇതോടെ സെക്യൂരിറ്റി ജീവനക്കാരനുമായി യുവാവ് തര്‍ക്കിച്ചു. പ്രവേശനം നല്‍കാന്‍ കഴിയില്ല എന്ന നിലപാടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉറച്ചുനിന്നതോടെയാണ് യുവാവ് ജീവനക്കാരന്റെ കരണത്തടിച്ചത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനുമായി കൈയാങ്കളിയിലേര്‍പ്പെട്ട യുവാവിനെ ഭാര്യ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഷോപ്പിംഗ് മാളിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സൗദിയില്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും വന്‍കിട വാണിജ്യ കേന്ദ്രങ്ങളിലും മറ്റും പ്രവേശിക്കാന്‍ 'തവക്കല്‍നാ' ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ കേസുകള്‍ വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയതോടെയാണ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 'തവക്കല്‍നാ' ആപ്പ് നിര്‍ബന്ധമാക്കിയത്.

 

Latest News