നാട്ടുകാരുടെ ഉറ്റമിത്രം; പപ്പന്‍ ഡോക്ടറുടെ വേര്‍പാടില്‍ വേദന കടിച്ചമർത്തി ഒരു നാട്

പഴയങ്ങാടി- വെങ്ങരയിലെ ജനകീയ ഹോമിയോ ഡോക്ടര്‍ സി.പത്മനാഭന്‍ (63) നിര്യാതനായി.  റിട്ട. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഗുരുതര രോഗ ബാധിതരായ നിരവധി പേര്‍ അദ്ദേഹത്തിന്റെ ചികിത്സ തേടി സുഖം പ്രാപിച്ചിരുന്നു. ഭാര്യ എം.പ്രീത.
സമൂഹ മാധ്യമങ്ങളില്‍ നിറയെ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പുകളാണ്.

മിനാര്‍ മൊട്ടാമ്പ്രം ചെയര്‍മാന്‍ മുഹമ്മദ് സാജിദ് എഴുതുന്നു.

സ്വയം മറന്ന് രോഗികളെ ശുശ്രൂഷിച്ച നാട്ടുകാരുടെ ഡോക്ടറാണ് പ്രിയപ്പെട്ട പപ്പന്‍ ഡോക്ടര്‍.
എപ്പോഴാണ് താങ്കള്‍ ഉറങ്ങുക എന്ന ചോദ്യത്തിന് രോഗികളോടൊപ്പം എന്നായിരുന്നു സരസ ഭാഷയില്‍ അദ്ദേഹത്തിന്റെ മറുപടി. രാവേറെ വൈകിയാലും അവസാനത്തെ രോഗിയെയും പരിശോധിച്ചു മാത്രമേ ഡോക്ടര്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കൂ.
മിനാറില്‍ പരിശോധനക്കെത്തുന്ന ദിവസം  ജനനിബിഡമായിരുന്നു മിനാര്‍ ക്യാമ്പസ്. തലേന്ന് മുതല്‍ നിലക്കാത്ത ഫോണ്‍ വിളികളാണ്. അഞ്ചുമണിക്ക് പരിശോധന അവസാനിപ്പിക്കേണ്ടതാണെങ്കിലും പലപ്പോഴും 9 മണിക്കും 10 മണിക്കും ഒക്കെയാണ് അദ്ദേഹം പരിശോധന അവസാനിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും പ്രയാസവും കണക്കിലെടുത്ത് രോഗികള്‍ക്കുള്ള ടോക്കണ്‍ അമ്പതും എഴുപതും ഒക്കെയായി പരിമിതപ്പെടുത്താന്‍ പലപ്പോഴും ശ്രമിച്ചിരുന്നു. പക്ഷേ, അതൊന്നും അദ്ദേഹത്തിന്റെ വിഷയമേ ആയിരുന്നില്ല. ഡോക്ടറെത്തേടി അവിടെയെത്തുന്ന അവസാനത്തെ രോഗിയെയും കണ്ടു മാത്രമേ അദ്ദേഹം വീട്ടിലേക്ക് മടങ്ങിയിരുന്നുള്ളൂ.
നിസ്വാര്‍ത്ഥതയുടെ ആള്‍രൂപമാണ് യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ പപ്പന്‍. അത്യാവശ്യം മരുന്നിനുള്ള കാശു മാത്രമേ ഫീസായി സ്വീകരിക്കാവൂ എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഒരു രൂപ പോലും ആനുകൂല്യം പറ്റാതെയാണ് അദ്ദേഹത്തിന്റെ സേവനം.
അഞ്ചുവയസ്സിന് താഴെയുള്ള, ഓട്ടിസം ബാധിച്ച കുട്ടികളെ നിരന്തരമായ പരിശ്രമങ്ങളിലൂടെയും പരിചരണത്തിലൂടെയും ചികിത്സിച്ച് സാധാരണ ഗതിയിലക്ക് കൊണ്ടുവരാമെന്നത് അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യമായിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ഏതാനും കുട്ടികള്‍ക്ക് ചികത്സ നല്‍കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഫലപ്രദമായിരുന്നു ആ ചികിത്സയെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അതു സംബന്ധമായി രണ്ടാംഘട്ട പരിപാടികള്‍ ആലോചനയിലായിരുന്നു. 'വിശദമായ ചില പ്ലാനുണ്ട്. നമുക്ക് പിന്നീട് പറയാം' എന്ന് പറഞ്ഞാണ് അവസാന കൂടിക്കാഴ്ചയില്‍ അദ്ദേഹം മിനാറില്‍ നിന്ന് പിരിഞ്ഞത്.
മിനാറിന്റെ ഉറ്റമിത്രമായ ഡോക്ടര്‍ ഏത് തിരക്കിലും മിനാറിനൊപ്പം പരിപാടികളിലെല്ലാം പങ്ക് കൊള്ളാന്‍ സമയം കണ്ടെത്തിയിരുന്നു. അവസാനം നടന്ന മിനാര്‍ കുടുംബ സംഗമത്തിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മനസ്സിലെ മായാത്ത ഓര്‍മ്മയാണ്. പുഞ്ചിരി തൂകിക്കൊണ്ടുള്ള ആ ജീവിതം എത്ര ധന്യമാണ്.
അദ്ദേഹത്തിന്റെ വേര്‍പാട് നാടിന് തീരാ ദുഃഖമാണ് സമ്മാനിച്ചത്. കുടുംബാംഗങ്ങളുടെ വ്യസനത്തില്‍ ഹൃദയപൂര്‍വ്വം പങ്ക് കൊള്ളുന്നു.
പ്രാര്‍ഥനാപൂര്‍വ്വം.

 

 

Latest News