റിയാദ് - തലസ്ഥാന നഗരിയിലെ ലബന്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് കൊള്ളയടിച്ചു. മുഖംമറച്ച് തോക്കും കൊടുവാളുമായി മൊബൈല്‍ ഫോണ്‍ ഷോപ്പിലെത്തിയ രണ്ടു യുവാക്കളാണ് ജീവനക്കാരനെ ആക്രമിച്ച് സ്ഥാപനം കൊള്ളയടിച്ചത്. സംഘത്തിന്റെ ആക്രമണത്തില്‍ ഭയന്ന ജീവനക്കാരന്‍ ജീവനും കൊണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കൊള്ള സംഘത്തില്‍ ഒരാള്‍ ജീവനക്കാരനെ പിന്തുടര്‍ന്ന് പിടികൂടി പണം സൂക്ഷിച്ചു വെച്ച സ്ഥലം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ വേദന സഹിക്കവെയ്യാതെ ജീവനക്കാരന്‍ നിലവിളിച്ചു. രണ്ടാമന്‍ കൗണ്ടറുകളെല്ലാം പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ഇതോടെയായിരുന്നു പണം സൂക്ഷിച്ചുവെച്ച സ്ഥലം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരനെ മര്‍ദിച്ചത്. അവസാനം വിലപിടിച്ച മൊബൈല്‍ ഫോണുകളും ടാബുകളും മറ്റും കൈക്കലാക്കിയാണ് സംഘം സ്ഥലം വിട്ടത്. പുറത്തു നിന്ന് മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് ഇടക്കിടെ നിരീക്ഷിച്ചാണ് സംഘം മൊബൈല്‍ ഫോണ്‍ ഷോപ്പ് കൊള്ളയടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.