Sorry, you need to enable JavaScript to visit this website.

ട്വിറ്റർ വഴങ്ങി; സർക്കാർ ആവശ്യപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യും

ന്യൂദൽഹി- ട്വിറ്റർ തങ്ങളുടെ ഇന്ത്യയിലെ ജീവനക്കാർക്കിടയിൽ ഇളക്കിപ്രതിഷ്ഠ നടത്തുമെന്ന് കേന്ദ്ര സർക്കാരിനോട് സമ്മതിച്ചതായി റിപ്പോർട്ട്. വിവരസാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ട്വിറ്റർ ഇതിന് സമ്മതിച്ചതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പറയുന്നു. കർഷകസമരവുമായി ബന്ധപ്പെട്ടുള്ള ചില പോസ്റ്റുകൾ നീക്കം ചെയ്യാൻ വിസമ്മതിച്ചതാണ് ട്വിറ്ററുമായി കേന്ദ്രം ഉടക്കാനുണ്ടായ ഏറ്റവും ഒടുവിലത്തെ കാരണം.

ബുധനാഴ്ചയാണ് ട്വിറ്ററിന്റെ ആഗോള പൊതുനയകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡണ്ട് മോണിക് മേഷെയും, ട്വിറ്ററിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വൈസ് പ്രസിഡണ്ട് ജിം ബേക്കറും ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. സർക്കാരിന്റെ നോട്ടീസുകൾ കിട്ടിയിട്ടും ചില അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്റർ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് മന്ത്രാലയം വിശദീകരണം ചോദിച്ചത്. സർക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് ട്വിറ്റർ സമ്മതിച്ചുവെന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഭാഷ്യം. അതേസമയം, ഇന്ത്യയിലെ ട്വിറ്ററിന്റെ ഉന്നതതലത്തിൽ ഘടനാപരമായ മാറ്റം വരുമോയെന്ന ചോദ്യത്തോട് 'പ്രതികരിക്കാനില്ല' എന്ന മറുപടിയാണ് ലഭിച്ചത്.

കർഷകസമരവുമായി ബന്ധപ്പെട്ട് 'കൂട്ടക്കൊല' എന്ന വാക്ക് ചേർത്ത് പ്രചരിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യത്തോട് ട്വിറ്റർ പ്രതികരിച്ചില്ലെന്നാണ് സർക്കാർ പറയുന്നത്. ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങൾ ഈ പോസ്റ്റകളിൽ ഉപയോഗിച്ചെന്നും സർക്കാർ ആരോപിക്കുന്നു. ജനുവരി 31നാണ് ഇത്തരം ട്വീറ്റുകൾ സർക്കാർ ഫ്ലാഗ് ചെയ്തത്. അതേസമയം ഉദ്യോഗസ്ഥർ ഫ്ലാഗ് ചെയ്ത 95 ശതമാനം കണ്ടന്റും തങ്ങൾ നീക്കം ചെയ്തതാണെന്ന് ട്വിറ്റർ യോഗത്തിൽ അറിയിച്ചു. ബാക്കിയുള്ളവ പരിശോധിച്ച് നീക്കം ചെയ്യാമെന്നും ട്വിറ്റർ സമ്മതിച്ചിട്ടുണ്ട്.

ജനുവരി 31നാണ് 257 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. കർഷകപ്രക്ഷോഭത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ഈ അക്കൌണ്ടുകളെന്നായിരുന്നു ആരോപണം. ഫെബ്രുവരി 4ന് വീണ്ടും 1200 അക്കൌണ്ടുകൾ പിന്നെയും ബ്ലോക്ക് ചെയ്യപ്പെടുകയുണ്ടായി. 

Latest News