പൊന്നാനി അങ്ങാടിയിൽ എത്ര ഇടവഴികളുണ്ട്

പൊന്നാനി അങ്ങാടിയിൽ എത്ര ഇടവഴികളുണ്ട്? എണ്ണിയെടുക്കണമെങ്കിൽ അൽപ്പമൊന്ന് ബുദ്ധിമുട്ടും. രണ്ട് മൂന്ന് കിലോമീറ്റർ പരിധിയിൽ അത്രയേറെയുണ്ട് വഴികൾ. അത്രയേറെയെന്നുവെച്ചാൽ നൂറുകണക്കിന്. ഓരോ വീടുകളോട് ചേർന്നും വഴികളാണ്. ഒരാൾക്ക് നടക്കാവുന്ന വീതിയിലാണ് പല ഇടവഴികളും. ചരിത്രവും ഐതീഹ്യവും ഇടകലർന്നതാണിത്. വഴിയൊരുക്കുകയെന്ന സഹവർത്തിത്വത്തിന്റെ മാനവിക പാഠവും ഓരോ ഇടവഴികൾക്കുമുണ്ട്.
ദേശീയപാതയിൽനിന്ന് ഏതെങ്കിലുമൊരു പോക്കറ്റ് റോഡിലേക്ക് കയറിയാൽ ഇടവഴികളുടെ മേളമാണ് പിന്നെയങ്ങോട്ട്. കിണർ സ്‌റ്റോപ്പിൽനിന്ന് പള്ളിക്കടവിലേക്കുള്ള റോഡിലേക്ക് കയറിയാൽ ഒരു ഡസനിലേറെ ഇടവഴികൾ കാണാം. ഔക്കരിക്കാന്റെ ഇട, മാനംകണ്ടത്തേരെ ഇട, അറക്കൽ വളപ്പിൽക്കുള്ള ഇട, കൊല്ലന്റൊത്തേരെ ഇട, പുതുപളളീൽക്കുള്ള ഇട, കല്ലറക്കലെ ഇട, സിദ്ധീഖ് പള്ളിന്റെ ഇട, യായിച്ചിന്റൊത്തെ ഇട, കുട്ടി ഹസൻ കുട്ടിക്കാന്റെ ഇട, മുനിസിപ്പാലിറ്റി ഓഫീസിന്റെ ഇട, തോട്ടുങ്ങലോത്തേരെ ഇട, പുതിയങ്ങണം വീട്ടേരെ ഇട എന്നിങ്ങനെ വഴികൾ പലതായി തിരിയും. 
ഏതൊരു പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചാലും ഇതുതന്നെ അവസ്ഥ. ഓരോ ഇടവഴികൾക്കും പ്രത്യേക പേരുണ്ടാകും. ആദ്യമായി ഇവിടെ എത്തുന്നവർ ചക്രവ്യൂഹത്തിൽ കുടുങ്ങിയ അവസ്ഥയിലേക്കെത്തും. വന്ന വഴിയിലൂടെ പുറത്തു കടക്കാൻ അൽപം ബുദ്ധിമുട്ടും. രണ്ട് വീടുകൾക്കിടയിൽ ഒഴിച്ചിടുന്ന ഭാഗമാണ് ഇടവഴികളായി മാറിയത്. തറവാടു വീടുകളുടെ വലിയ മതിൽക്കെട്ടുകൾക്കിടയിലൂടെയാണ് വഴികൾ. ഇത്തരം വീടുകളുടെ വശങ്ങളിലും പിൻഭാഗത്തും വാതിലുകളുണ്ടാകും. വിശേഷ അവസരങ്ങളിൽ പുറത്തു നിന്നെത്തുന്ന സ്ത്രീകൾക്ക് വീടിനകത്തേക്ക് പ്രവേശിക്കാവുന്ന വാതിലുകളാണിത്. ഇങ്ങോട്ടേക്ക് എത്താനാണ് വീടുകൾക്കിടയിൽ വഴികൾ വിട്ടിരുന്നത്. ഇത് പൊതു ആവശ്യങ്ങൾക്കും വിട്ടുനൽകി.


തീവണ്ടിയുടെ കമ്പാർട്ട്‌മെന്റുകൾ പോലെ അടുത്തടുത്തുള്ള വീടുകളുമുണ്ട്. നാലോ അഞ്ചോ വീടുകൾക്കു ശേഷം ഒരു വഴിയുണ്ടാകും. അറ്റത്തുള്ള വീടിന്റെ പേരിനോട് ചേർത്തായിരിക്കും ഇടവഴി അറിയപ്പെടുക വാഹനങ്ങൾ ഇല്ലാത്ത കാലമായതിനാൽ നടക്കാവുന്ന അകലത്തിലുള്ള വഴികളാണ് വിട്ടു നൽകിയിരുന്നത്. യായിച്ചിന്റൊത്തേരെ ഇടയും നൂറുദ്ധിയാൻത്തോരെ ഇടയും ഉണ്ടാകുന്നത് വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടിയാണ്. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ടി ഐ യു പി സ്‌ക്കൂളിന്റെ തുടക്കം ഈ രണ്ട് തറവാടുകളോട് ചേർന്നായിരുന്നു. പഠന ആവശ്യങ്ങൾക്കായി എത്താൻ വേണ്ടിയാണ് ഈ ഇടവഴികൾ തുറന്നത്.
ഐതീഹ്യങ്ങളും അന്ധവിശ്വാസങ്ങളും കുടിയിരുത്തപ്പെട്ട ചില ഇടവഴികളുണ്ടായിരുന്നു. ഒറ്റമുലച്ചിയുടേയും ചൊക്യാക്കയുടേയും തേരോട്ടമുള്ള ഇടവഴികളെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ധൈര്യമളക്കാൻ ഈ ഇടവഴികളിലൂടെ നടക്കാനാണ് സുഹൃത്തുക്കൾ പരസ്പരം വെല്ലുവിളിച്ചിരുന്നത്. ചില ഇടവഴികൾ അനാശാസ്യത്തിന്റെ കേന്ദ്രങ്ങളായി മാറിയതോടെ വീട്ടുകാർ അവ കല്ലുവെച്ച് കെട്ടിയടച്ചു.
ബൈനാമാന്റെ ഇടയെന്നൊരു പ്രയോഗമുണ്ടിവിടെ. ഇങ്ങനെയൊരു ഇടവഴി ഇല്ലെങ്കിലും പൊതുവായി പ്രയോഗിച്ചിരുന്ന പേരാണിത്. ബൈന ഹുമ എന്ന അറബി പദത്തിൽ നിന്ന് ലോപിച്ചുണ്ടായതാണ് ബൈനാമ. 'ബൈന ഹുമ’ എന്നാൽ രണ്ടിന്റെയും ഇടയിൽ എന്നർത്ഥം. കോട്ടകൾക്ക് സമാനമായ തറവാടു വീടുകൾക്കിടയിലൂടെയുള്ള വഴികളാണ് മനുഷ്യർക്കിടയിലെ അകലത്തെ കുറച്ച് അടുപ്പത്തെ കൂട്ടിയത്. പഴയ ഇടവഴികൾ പലതും നാമാവശേഷമായിട്ടുണ്ട്. പലതും പ്രൗഢിയോടെ ഇന്നുമുണ്ട്.

Latest News