ലോകകപ്പ് കാലത്ത് കോഴിക്കോട്ടും മലപ്പുറത്തും തിരതല്ലുന്ന ആവേശം പലരെയും അമ്പരപ്പിച്ചിട്ടുണ്ട്. സ്വന്തം ടീം കളിക്കാതിരുന്നിട്ടുപോലും ഫുട്‌ബോൾ ജ്വരം നെഞ്ചിൽ തിളക്കുന്ന സാധാരണക്കാർ ലോക മാധ്യമങ്ങൾക്ക് അദ്ഭുതമായി. അമ്പതുകളിൽ ജനിക്കേണ്ടതായിരുന്നു ഈ തലമുറയെന്ന് അപ്പോൾ തോന്നിയിട്ടുണ്ട്. ഇന്ത്യൻ ടീം ഏഷ്യയിലെങ്കിലും ഒന്നാം നമ്പറായിരുന്ന കാലമായിരുന്നു അത്. 1951 ലും 62 ലും ഏഷ്യാഡ് സ്വർണ മെഡൽ ജേതാക്കളായിരുന്നു ഇന്ത്യ. 59 ലും 62 ലും മെർദേക്കയിൽ റണ്ണേഴ്‌സ്അപ്പായി. 1964 ൽ ഏഷ്യൻ കപ്പിൽ ഫൈനലിലെത്തി. 56 ലെ മെൽബൺ ഒളിംപിക്‌സിൽ സെമിയിലെത്തിയപ്പോൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യൻ ടീമായി. ഓസ്‌ട്രേലിയക്കെതിരായ 4-2 വിജയത്തിൽ നെവിൽ ഡിസൂസ നേടിയ ഹാട്രിക് ഒളിംപിക്‌സിൽ ഇന്നും ഏഷ്യക്കാരന്റെ ഏക ഹാട്രിക്കാണ്. ബൾഗേറിയയോടാണ് അന്ന് സെമിയിൽ തോറ്റത്. 1948 മുതൽ 60 വരെ ഒളിംപിക്‌സിൽ സ്ഥിരസാന്നിധ്യമായിരുന്നു ഇന്ത്യ.
മലപ്പുറത്തും നൈനാംവളപ്പിലുമുള്ള പാവപ്പെട്ട ഫുട്‌ബോൾപ്രേമിക്കുമുന്നിൽ ഇന്ത്യൻ ടീം ഇന്ന് നേപ്പാളിനും മ്യാന്മറിനും മുന്നിൽപോലും വിയർക്കുകയാണ്. അറുപതിനു ശേഷം ഇന്ത്യ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല. 1984 നു ശേഷം ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് കണ്ടിട്ടില്ല. ഏഷ്യാഡിലെ അവസാന ക്വാർട്ടർ 1982 ൽ സ്വന്തം മണ്ണിലായിരുന്നു. ഏഷ്യാഡിലെ അവസാന മെഡൽ 1970 ൽ ബാങ്കോക്കിൽ നേടിയ വെങ്കലമാണ്. പിന്നീട് സാഫ് ചാമ്പ്യൻഷിപ്പിലെങ്കിലും ഇന്ത്യ വെല്ലുവിളിയില്ലാത്ത ശക്തിയായി. 2000 പിന്നിട്ടതോടും അതും ചോദ്യം ചെയ്യപ്പെട്ടു. കഴിഞ്ഞ തവണ അഫ്ഗാനിസ്ഥാനോട് സമനില വഴങ്ങി, ലൂസേഴ്‌സ് ഫൈനലിൽ നേപ്പാളിനോട് തോറ്റു. ഫുട്‌ബോളിന്റെ തളർച്ചക്ക് ക്രിക്കറ്റിനെ പഴിക്കാൻ എളുപ്പമാണ്. പക്ഷെ ആഭ്യന്തര ക്രിക്കറ്റ് ഇന്നും ആളൊഴിഞ്ഞ ഗ്രൗണ്ടുകളിൽ നടക്കുമ്പോൾ സെവൻസുകളിൽപോലും ഗാലറികൾ ഇരമ്പുകയാണ്. എന്നിട്ടും ഫുട്‌ബോൾ സിരയിലോടുന്ന കേരളത്തിൽനിന്ന് ദേശീയ ലീഗിൽ ഒരു ടീം പോലുമില്ല. ഒളിംപ്യൻ അബ്ദുറഹ്മാനും വിജയനും സത്യനും ഷറഫലിയും വാണ ഇന്ത്യൻ ടീമിൽ മലയാളിയുടെ പൊടിപോലുമില്ല.
കാലം പിറകോട്ടു തിരിക്കാം. 56 ലെ ഒളിംപിക്‌സിൽ ഇന്ത്യയോട് തോറ്റ ഓസ്‌ട്രേലിയയാണ് കഴിഞ്ഞ ലോകകപ്പിൽ രണ്ടാം റൗണ്ടിലെത്തിയത്. പിന്നീട് കിരീടം നേടിയ ഇറ്റലിയോട് എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിലെ വിവാദ പെനാൽട്ടിയിലാണ് അവർ തോറ്റത്. ഇന്ത്യ ഏഷ്യ ഭരിക്കുമ്പോൾ ഗൾഫ് രാജ്യങ്ങൾ ഫുട്‌ബോൾ എന്നു കേട്ടിട്ടുപോലുമില്ല. 1950 ലെ ലോകകപ്പിൽ പങ്കെടുക്കാൻ ലഭിച്ച ഒരേയൊരവസരം ബൂട്ടിട്ടു കളിക്കാൻ വയ്യാത്തതിനാൽ നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് പിന്നീട് അതിന്റെ നാലയലത്തെത്താൻപോലും സാധിച്ചില്ല. അതേസമയം ഇന്ത്യക്കാരിൽനിന്ന് കളി പഠിച്ച ഗൾഫ് രാജ്യങ്ങൾ പലതും ലോകകപ്പിൽ മുഖം കാണിച്ചു. സൗദി അറേബ്യ നാലു തവണയും ഇറാൻ മൂന്നു തവണയും കുവൈത്തും യു.എ.ഇയും ഇറാഖും ഒരിക്കൽ വീതവും ലോകകപ്പിൽ പങ്കെടുത്തു. വൻകരയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ടൂർണമെന്റായ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ മൂന്നു തവണയും ജേതാക്കളായത് ഗൾഫ് ടീമുകളാണ്, രണ്ടു തവണ സൗദി അറേബ്യയിലെ അൽ ഇത്തിഹാദും ഒരിക്കൽ യു.എ.ഇയിലെ അൽ ഐനും. താഴെക്കിടക്കാരുടെ എ.എഫ്.സി കപ്പിൽപോലും ഇന്ത്യൻ ക്ലബ്ബുകൾ തപ്പിത്തടയുകയാണ്. ഫുട്‌ബോളിൽ ഇന്ത്യയുടെ തളർച്ച തുടങ്ങിയതും ഗൾഫ് രാജ്യങ്ങളുടെ വളർച്ചയാരംഭിച്ചതും ഒരേ കാലത്തായത് കൗതുകമായി തോന്നാം.
1937 ലാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ രൂപം കൊണ്ടതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽതന്നെ ഇന്ത്യയിൽ ക്ലബ്ബുകളുണ്ട്. 1904 ലാണ് ഫിഫ പോലും നിലവിൽ വന്നത്. 1888 ൽ രൂപം കൊണ്ട മോഹൻ ബഗാൻ ഏഷ്യയിലെ പ്രായമേറിയ ക്ലബ്ബാണ്. മുഹമ്മദൻസ് 1889 ൽ സ്ഥാപിതമായി. 1888 ൽ തുടങ്ങിയ ഡ്യൂറന്റ് കപ്പ് ലോകത്തിലെ പ്രായമേറിയ രണ്ടാമത്തെ ടൂർണമെന്റാണ്. ബ്രിട്ടീഷ് ടീമുകൾ മാത്രം ജയിക്കാറുള്ള ഐ.എഫ്.എ ഷീൽഡിൽ 1911 ൽ ബഗാൻ ചാമ്പ്യന്മാരായത് സ്വാതന്ത്ര്യപൂർവ ഇന്ത്യയുടെ ഏറ്റവും വലിയ ഫുട്‌ബോൾ വിജയമായിരുന്നു.
അതേസമയം ബ്രിട്ടീഷ് സൈനികരിൽനിന്നും ഇന്ത്യയിൽനിന്നും ഫുട്‌ബോളിന്റെ ബാലപാഠങ്ങൾ പഠിച്ച ഗൾഫിൽ കളിക്ക് സംഘടിത രൂപമാവുന്നത് സമീപകാലത്താണ്. ഗൾഫിൽ ആദ്യം കരുത്തു തെളിയിച്ച കുവൈത്തിൽ 1952 ലാണ് ഫെഡറേഷൻ രൂപം കൊണ്ടത്. 1961 ലെ അറേബ്യൻ ഗെയിംസിൽ കുവൈത്ത് പങ്കെടുത്തെങ്കിലും ഫിഫയിൽ അവർ അംഗമാവുന്നത് 62 ലാണ്. കുവൈത്തിന് ആദ്യം വെല്ലുവിളിയുയർത്തിയ യു.എ.ഇയിൽ 1971 ലാണ് ഫെഡറേഷനുണ്ടായത്. 74 ൽ ഫിഫ അംഗമായി. 1920 കളിൽതന്നെ ബഹ്‌റൈനിൽ ഫുട്‌ബോൾ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും 58 ലാണ് ഫെഡറേഷൻ രൂപം കൊള്ളുന്നത്. ഫിഫ അംഗമായത് 65 ൽ മാത്രം. 1978 ൽ മാത്രം നിലവിൽ വന്ന ഒമാൻ ഫുട്‌ബോൾ ഫെഡറേഷൻ 80 ലാണ് ഫിഫയിൽ ചേർന്നത്. ഇന്ന് മേഖലയിലെ ഏറ്റവും ശക്തമായ ടീമായ സൗദിയിൽ 1959 ലാണ് സംഘടിത രൂപം കൈവന്നത്.
ഞൊടിയിടയിലാണ് ഗൾഫ് മേഖലയിൽ ഫുട്‌ബോൾ ലഹരി കത്തിപ്പടർന്നത്. ഫിഫയിൽ അംഗമായി എട്ടു വർഷം പിന്നിടുംമുമ്പെ കുവൈത്ത് 1970 ലെ ഗൾഫ് കപ്പ് നേടി. ഗൾഫ് കപ്പിൽ പിന്നീട് അവർ തോൽക്കുന്നത് 79 ൽ ബഗ്ദാദിൽ ഇറാഖിനോടായിരുന്നു. 82 ലും 86 ലും 90 ലും 96 ലും 98 ലും വീണ്ടും കിരീടം നേടി. മൊത്തം 10 തവണ. 1980 ൽ ഏഷ്യൻ കപ്പ് ജേതാക്കളായ കുവൈത്ത് മോസ്‌കൊ ഒളിംപിക്‌സിന് യോഗ്യത നേടി. 82 ലെ ദൽഹി ഏഷ്യാഡ് ഫൈനലിൽ ഇറാഖിനോടാണ് തോറ്റത്. തങ്ങളുടെ സുവർണ കാലഘട്ടത്തിൽ 82 ലെ ലോകകപ്പും അവർ കളിച്ചു. 98 നു ശേഷം തളർന്നുപോയ കുവൈത്ത് ഇന്ന് പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്.
86 ലും 88 ലും യു.എ.ഇ ഗൾഫ് കപ്പിൽ റണ്ണേഴ്‌സ് അപ്പായി. 1986 ലെ മെക്‌സിക്കൊ ലോകകപ്പിന് യോഗ്യത നേടാനുള്ള ശ്രമത്തിൽ അവസാന കടമ്പയിലാണ് ഇറാഖിനോട് അടിതെറ്റിയത്. ഇറ്റലിയിലെ ലോകകപ്പിൽ മുഖം കാണിച്ച ശേഷം യു.എ.ഇയുടെ കുതിപ്പ് താഴേക്കായിരുന്നു. യോഗ്യതാ റൗണ്ടിൽ ഇന്ത്യയോടുപോലും തോൽക്കുന്ന അവസ്ഥയുണ്ടായി. ഈ വർഷം ഗൾഫ് കപ്പ് നേടിയത് യു.എ.ഇ തിരിച്ചുവരുന്നതിന്റെ സൂചനയാണ്.
ഇപ്പോൾ സൗദിയാണ് ഗൾഫിലെ ഏറ്റവും പ്രബല ശക്തി. നൂറ്റമ്പതിലേറെ ക്ലബ്ബുകളും വിവിധ പ്രായഗ്രൂപ്പുകൾക്കായി പത്തിലേറെ ടൂർണമെന്റുകളും പതിനയ്യായിരത്തിലേറെ രജിസ്റ്റർ ചെയ്ത കളിക്കാരും പത്തോളം രാജ്യാന്തര റഫറിമാരുമുള്ള സൗദിയിൽ ഫുട്‌ബോളിന് അതിശക്തമായ ഘടനയുണ്ട്. 1984 മുതൽ 2000 വരെ എല്ലാ ഏഷ്യൻ കപ്പിലും സൗദി ഫൈനലിലെത്തി. മൂന്നു തവണ ചാമ്പ്യന്മാരായി (1984, 88, 96). 92 ലും 2000 ലും ജപ്പാനോട് 1-0 നാണ് ഫൈനലിൽ തോറ്റത്. 1989 ൽ സൗദി അണ്ടർ-17 ലോക ചാമ്പ്യന്മാരായപ്പോൾ ലോകതലത്തിൽ ഏഷ്യയുടെ പ്രഥമ വിജയമായി അത്.
അഞ്ചു ലക്ഷത്തോളം ജനസംഖ്യയുള്ള കൊച്ചുരാജ്യമെന്ന നിലയിൽ ഖത്തറിന്റെ നേട്ടം അസൂയാവഹമാണ്. 1981 ൽ ഏഷ്യൻ യൂത്ത് കപ്പിലും ലോക യൂത്ത് കപ്പിലും അവർ ഫൈനലിലെത്തി. 90 ൽ ഏഷ്യൻ യൂത്ത് ചാമ്പ്യന്മാരും ലോക യൂത്ത് കപ്പിൽ നാലാം സ്ഥാനക്കാരുമായി. ഏഷ്യൻ അണ്ടർ-17 ടൂർണമെന്റിൽ 84 നും 98 നുമിടയിൽ അഞ്ചു തവണ ഫൈനൽ കളിച്ചു. 1992 ലും 2004 ലും ഗൾഫ് കപ്പ് ചാമ്പ്യന്മാരായ ഖത്തർ 2006 ലെ ഏഷ്യാഡ് സ്വർണ മെഡലുകാരാണ്. ഈ കുതിപ്പ് നിലനിർത്താനാനും പുതിയ കളിക്കാരെ വാർത്തെടുക്കാനുമാണ് 2004 ൽ ആസ്പയർ അക്കാദമി അവർ രൂപീകരിച്ചത്.
അയൽരാജ്യങ്ങളെ അപേക്ഷിച്ച് കാര്യമായ നേട്ടമുണ്ടാക്കാനാവാതിരുന്ന ബഹ്‌റൈൻ 2004 ൽ തകർപ്പൻ മുന്നേറ്റം നടത്തി. തങ്ങളുടെ പ്രഥമ ഏഷ്യൻ കപ്പിൽ സെമി വരെ മുന്നേറിയ അവർ ജപ്പാനോട് അവസാന സെക്കന്റുകളിലെ ഗോളിലാണ് തോറ്റത്. 2006 ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന കടമ്പയിൽ ട്രിനിഡാഡിനോട് തോൽക്കുകയായിരുന്നു.
96 ലും 2000 ലും ഏഷ്യൻ അണ്ടർ-17 ചാമ്പ്യന്മാരായ ഒമാൻ 95 ലെ അണ്ടർ-17 ലോകകപ്പിൽ നാലാം സ്ഥാനക്കാരായിരുന്നു. 2004 ൽ ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെത്തുകയും ഗൾഫ് കപ്പ് റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു.
ഗൾഫ് യുദ്ധത്തിനുമുമ്പ് മേഖലയിലെ കരുത്തുറ്റ ഫുട്‌ബോൾ ശക്തിയായിരുന്ന ഇറാഖിന് യുദ്ധത്തിനും അധിനിവേശത്തിനും ശേഷവും അതു നിലനിർത്താനായെന്നത് അദ്ഭുതാവഹമാണ്. 2004 ലെ ആതൻസ് ഒളിംപിക്‌സിൽ സെമിയിലെത്തിയ അവർ ഇക്കഴിഞ്ഞ ഏഷ്യാഡിൽ ഫൈനൽ കളിച്ചു. ഗൾഫ് കപ്പിലും ഉജ്വലമായി മുന്നേറി. ഏഷ്യൻ കപ്പിനും യോഗ്യത നേടിയിട്ടുണ്ട്.
പശ്ചമേഷ്യയിൽനിന്ന് ആദ്യമായി ലോകകപ്പ് കളിച്ചത് ഇറാനാണ്, 1978 ൽ. പ്രതിഭയുള്ള കളിക്കാരുടെ നീണ്ട നിരയുള്ള ഇറാന് പലപ്പോഴും പടലപ്പിണക്കമാണ് വിനയായത്. മൂന്നു തവണ ഏഷ്യൻ ചാമ്പ്യൻ കപ്പ് ചാമ്പ്യന്മാരും നാലു തവണ ഏഷ്യാഡ് ജേതാക്കളുമായ ഇറാൻ 1998 ലെ ലോകകപ്പിൽ ബദ്ധവൈരികളായ അമേരിക്കയെ തോൽപിച്ചത് ഏറ്റവും വലിയ വിജയമായി കണക്കാക്കുന്നു.
ലോകകപ്പ്
1950 ലെ ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടിയ ഇന്ത്യ ബൂട്ടിട്ടു കളിക്കാനാവാത്തതിനാൽ പിന്മാറുകയായിരുന്നു. ഇപ്പോൾ ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ റൗണ്ടിൽപോലും ഇന്ത്യ നാണം കെടുന്ന അവസ്ഥയാണ്. കഴിഞ്ഞ തവണ 18 ഗോൾ വഴങ്ങിയ ഇന്ത്യ തിരിച്ചടിച്ചത് രണ്ടെണ്ണം മാത്രം. ജപ്പാനോട് ഏഴു ഗോളിനും ഒമാനോട് 1-5 നും തോറ്റു. ഒളിംപിക് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ഘട്ടത്തിലെത്താനുള്ള പോരാട്ടത്തിൽ മ്യാന്മറിനെ കീഴടക്കിയത് കഷ്ടപ്പെട്ട് ടൈബ്രേക്കറിലാണ്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ യെമനോട് പോലും തോറ്റ ഇന്ത്യ 24 ഗോൾ വഴങ്ങി പകരമടിച്ചത് രണ്ടെണ്ണം മാത്രം.
അതേസമയം 1994 ൽ സൗദി ലോകകപ്പിൽ അരങ്ങേറിയത് ലോകത്തെ ഞെട്ടിച്ചാണ്. മൊറോക്കോയെയും ബെൽജിയത്തെയും തോൽപിച്ച് അവർ രണ്ടാം റൗണ്ടിലെത്തി. ബെൽജിയത്തിനെതിരായ സഈദ് ഉവൈറാന്റെ ഗോൾ മറഡോണയുടെ രണ്ടു ഗോളുകൾ കഴിഞ്ഞാൽ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളാണ്. പിന്നിടുള്ള മൂന്നു ലോകകപ്പുകളിൽ ഒരു ജയം പോലും നേടാൻ സൗദിക്കു സാധിച്ചില്ല. കുവൈത്ത്, യു.എ.ഇ ടീമുകളും ലോകകപ്പിൽ കാര്യമായ ഓളങ്ങൾ സൃഷ്ടിക്കാതെയാണ് മടങ്ങിയതെന്നത് ഏഷ്യയും മറ്റു മേഖലകളും തമ്മിലുള്ള വിടവ് വ്യക്തമാക്കുന്നു. ഏഷ്യയിലാവട്ടെ തെക്കൻ കൊറിയയും ജപ്പാനും മാത്രമേ ഗൾഫ് മേഖലയോട് കിടപിടിക്കുന്നുള്ളൂ.
താരമൂല്യം
ഇന്ത്യൻ ഫുട്‌ബോളിന്റെ സുവർണകാലത്ത് ജർണയ്ൽ സിംഗും ചുനിഗൊസ്വാമിയും പി.കെ. ബാനർജിയും ടി. ബലറാമും പീറ്റർ തങ്കരാജും അൽതാഫ് അഹ്മദും യൂസുഫ് ഖാനും പ്രസൂൺ ബാനർജിയുമൊക്കെ ഏഷ്യൻ ഓൾസ്റ്റാർ ഇലവനിൽ കളിച്ചിട്ടുണ്ട്. ജർണയ്ൽ ക്യാപ്റ്റനുമായി. അറുപതുകളുടെ മധ്യത്തിൽ നാല് ഇന്ത്യക്കാർ ഏഷ്യൻ ഓൾസ്റ്റാർ ഇലവനിലുണ്ടായിരുന്നു. 1986 ൽ ഗോളി അതാനു ഭട്ടാചാര്യയാണ് അവസാനമായി ഏഷ്യൻ ഓൾസ്റ്റാർ ഇലവനിലെത്തിയ ഇന്ത്യക്കാരൻ.
ചുനിഗോസ്വാമിക്ക് അറുപതുകളിൽ ഇംഗ്ലണ്ടിൽ ടോട്ടൻഹാം ഹോട്ട്‌സ്പുറിന് കളിക്കാൻ ക്ഷണം കിട്ടിയിരുന്നു. സുർജിത് സെൻഗുപ്തക്ക് യു.എ.ഇയിലും കുവൈത്തിലും വി.പി. സത്യന് ഖത്തറിലും കളിക്കാൻ ക്ഷണം ലഭിച്ചു. ഫുട്‌ബോളിലെ ഉയരങ്ങൾക്കു പകരം എല്ലാവരും ബാങ്ക് ജോലിയുടെ സ്വസ്ഥതയാണ് തെരഞ്ഞെടുത്തത്. ഒടുവിൽ ബൈചുംഗ് ബൂട്ടിയ വേണ്ടി വന്നു യൂറോപ്യൻ ലീഗുകളിൽ ഇന്ത്യയുടെ ആദ്യ കളിക്കാരനാവാൻ, 1999 മുതൽ 2002 വരെ ബൂട്ടിയ ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനിൽ എഫ്.സി. ബറിക്ക് ബൂട്ട് കെട്ടി.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാനിൽനിന്നാണ് ഏറ്റവുമധികം കളിക്കാർ യൂറോപ്പിൽ കളിക്കുന്നത്. അലി ദായിയും വാഹിദ് ഹശ്മിയാനും മെഹ്ദി മെഹ്ദാവികിയയുമൊക്കെ ജർമനിയിൽ കളിച്ചിട്ടുണ്ട്. അലി കരീമി ഇപ്പോൾ ബയേൺ മ്യൂണിക്കിന്റെ പ്രധാന അംഗമാണ്. മറ്റ് ഗൾഫ് നാടുകളിലെ കളിക്കാർക്ക് യൂറോപ്പിന്റെ പോരാട്ടച്ചൂടിനെ അതിജീവിക്കാനായില്ല. അതേസമയം കൊറിയയുടെയും ജപ്പാന്റെയും ചൈനയുടെയും നിരവധി കളിക്കാർ യൂറോപ്യൻ ലീഗുകളിൽ കരുത്തു തെളിയിക്കുന്നുണ്ട്. ജപ്പാന്റെ ഹിദെതോഷി നകാതയാണ് യൂറോപ്പിലേക്കുള്ള ഏഷ്യൻ കളിക്കാരുടെ കുടിയേറ്റത്തിന് നാന്ദി കുറിച്ചത്. ഇന്ന് കൊറിയയുടെ പാർക്ക് ജി സുംഗ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും ജപ്പാന്റെ ഷുൻസുകെ നകാമുറ സെൽട്ടിക്കിന്റെയും കുന്തമുനകളാണ്.
ഫിഫ റാങ്കിംഗ്
1993 ൽപോലും 99 ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് നൂറ്ററുപത്തഞ്ചാമതാണ്. മ്യാന്മറും (151) ശ്രീലങ്കയും (147) ബംഗ്ലാദേശും (155) എന്തിന് മാലദ്വീപ് പോലും (158) ഇന്ത്യയെ മറികടന്നു. ഏഷ്യയിൽ ഏറ്റവും മികച്ച റാങ്കുള്ള ടീം ഇറാനാണ് (34). ഗൾഫ് ടീമുകളിൽ സൗദിക്കാണ് (64) ഒന്നാം സ്ഥാനം. ഒമാൻ (73), ഖത്തർ (80), കുവൈത്ത് (84), യു.എ.ഇ (92), ബഹ്‌റൈൻ (96) എന്നിവ തൊട്ടുപിന്നിലുണ്ട്.
കോച്ചിംഗ്
കോച്ചിനെ അടിക്കടി മാറ്റുന്നതിൽ കുപ്രസിദ്ധമാണ് ഗൾഫ് രാജ്യങ്ങൾ. ദീർഘകാല പദ്ധതികൾ തയാറാക്കുന്നതിനെ അത് ഗുരുതരമായി ബാധിക്കുന്നു. താൽക്കാലിക ജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിശീലകരെ നിർബന്ധിതരാക്കുന്നു. കാർലോസ് ആൽബർട്ടൊ പെരേരയെപ്പോലുള്ള ഒരു പ്രശസ്തനെപ്പോലും ലോകകപ്പിനിടയിൽ സൗദി പുറത്താക്കുകയുണ്ടായി. പഴയ സൗദി കോച്ച് കൂടിയായി മിലാൻ മച്ചാലയെ ഒമാൻ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത് ഈയിടെയാണ്. ലോകകപ്പിലും ഗൾഫ് കപ്പിലുമുൾപ്പെടെ തിരിച്ചടികളേറ്റിട്ടും മാർക്കോസ് പക്വീറ്റയെ ഏറെക്കാലം പരിശീലകസ്ഥാനത്തുനിലനിർത്താൻ സൗദി കാണിച്ച ക്ഷമ ഈ രംഗത്ത് ഗൾഫ് ടീമുകൾ പക്വത പ്രാപിക്കുന്നുവെന്നതിന്റെ സൂചനയാണ്. പക്വീറ്റക്കും പക്ഷെ പുറത്തുപോകേണ്ടിവന്നു.
കഴിഞ്ഞ 18 വർഷത്തിനിടയിൽ ഒമ്പതു കോച്ചുമാരെ ഇന്ത്യ മാറ്റി. ഡയറ്റമർ ഫീഫർ (ജർമനി), റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരിശീലിപ്പിച്ച മിലോവാൻ സിറിച് (യുഗോസ്ലാവ്യ), ജോസഫ് ഗലി (ലോകകപ്പിൽ ഹംഗറിയുടെ ഗോൾവല കാത്തു), ജിറി പാസെക് (ചെക്), റുസ്തം അക്രമോവ് (ഉസ്‌ബെക്കിസ്ഥാൻ), സ്റ്റീഫൻ കോൺസ്റ്റന്റൈൻ (ഇംഗ്ലണ്ട്) എന്നീ വിദേശ കോച്ചുമാർക്കു ശേഷമാണ് ഡേവ് ഹൗട്ടൻ (ഇംഗ്ലണ്ട്) ഇപ്പോൾ ചുമതലയേറ്റിരിക്കുന്നത്.
പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺസ്റ്റന്റൈൻ കോച്ചായി വന്നത് ഇന്ത്യൻ ഫുട്‌ബോളിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. 2002 ൽ ഇന്ത്യ എൽ.ജി കപ്പ് നേടി. ഈസ്റ്റ് ബംഗാൾ 2003 ലെ ആസിയാൻ കപ്പ് ചാമ്പ്യന്മാരായി. പക്ഷെ കോൺസ്റ്റന്റൈനെ പുകച്ചു പുറത്തുചാടിക്കുകയാണ് ചെയ്തത്. 2010 ൽ ലോകകപ്പിന് യോഗ്യത നേടുമെന്ന വാഗ്ദാനവുമായാണ് ഹൗട്ടൻ ചുമതലയേറ്റത്. യൂറോപ്യൻ ലീഗുകളിലെ ഇന്ത്യൻ വംശജരെ കണ്ടെത്തി ചുളുവിൽ കാര്യം നേടാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. ഈ ചൂണ്ടയിൽ ആരും വീണില്ല. ഉയരമുള്ള കളിക്കാരെ വേണമെന്ന് പിന്നീട് ഹൗട്ടൻ വാദിക്കാൻ തുടങ്ങി. ജപ്പാനും കൊറിയയുമൊക്കെ ഉയരക്കുറവിനെ വേഗം കൊണ്ട് പരിഹരിച്ചിട്ടുണ്ട്. 2002 ലെ ലോകകപ്പിന് മുമ്പ് തെക്കൻ കൊറിയയുടെ ചുമതലയേറ്റ ഗുസ് ഹിഡിങ്ക് കളിക്കാർക്ക് കായികബലവും വേഗവും ഫിറ്റ്‌നസുമുണ്ടാക്കാനും രാജ്യാന്തര പരിചയമുണ്ടാക്കാനുമാണ് ശ്രമിച്ചത്.
97 മുതൽ 98 വരെ ഒരു രാജ്യാന്തര മത്സരവും കളിക്കാതെയാണ് ഇന്ത്യ 98 ലെ ബാങ്കോക്ക് ഏഷ്യാഡിൽ പങ്കെടുക്കാൻ പോയത്. 99 ലെ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ യു.എ.ഇയെ നേരിടാൻപോവും മുമ്പ് ഒരു ക്ലബ്ബ് ടീമിനോടുപോലും ഇന്ത്യ മത്സരിച്ചുനോക്കിയില്ല. എന്നിട്ടും ബംഗ്ലൂരിൽ യു.എ.ഇയെ തോൽപിച്ചു.
ടൂർണമെന്റുകൾ
പണം ആവശ്യത്തിലേറെയുള്ളതിനാൽ പ്രമുഖ വിദേശ കളിക്കാരെപ്പോലും ആകർഷിക്കാൻ ഗൾഫിലെ ലീഗുകൾക്ക് കഴിഞ്ഞു. ജപ്പാനിലെപ്പോലെ സൗദിയുടെയും ഖത്തറിന്റെയും ലീഗുകളിലേക്ക് പ്രമുഖ താരങ്ങൾ, അവരുടെ കരിയറിന്റെ സായന്തനത്തിലാണെങ്കിൽപോലും എത്തുന്നത് നല്ല പ്രവണതയാണ്. റൊമാരിയോയും ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും മാഴ്‌സെൽ ഡിസായിയുമൊക്കെ ഖത്തർ ലീഗിൽ കളിച്ചു. ലൂയിസ് ഫിഗൊ സൗദിയിലേക്കു വരികയാണ്. റൊണാൾഡോയും സൗദിയിൽ കളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു.
എഴുപതുകളിൽ 125 ആഭ്യന്തര ടൂർണമെന്റുകളുണ്ടായിരുന്നു ഇന്ത്യയിൽ. കേരളത്തിൽമാത്രം ഒമ്പതോളം ടൂർണമെന്റുകൾ നടന്നു. ഇന്ന് ഫെഡറേഷൻ കപ്പും സന്തോഷ് ട്രോഫിയുംപോലും ചടങ്ങുതീർക്കലാണ്. നെഹ്‌റു കപ്പ് നിലച്ചിട്ട് വർഷങ്ങളായി. ദേശീയ ലീഗ് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ 12 ക്ലബ്ബുകൾക്ക് മാത്രമാണ് അതിൽ സ്ഥാനം നേടാനായത്. ഗോവയിലും കൊൽക്കത്തയിലും മുംബൈയിലുമായി ദേശീയ ലീഗ് വട്ടം കറങ്ങുന്നു. സജീവമാക്കേണ്ട പത്ത് ദേശീയ ലീഗുകളുടെ പട്ടികയിൽ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം.
മുന്നോട്ടുള്ള പാത
ഗൾഫ് ഫുട്‌ബോളിന്റെ കുതിപ്പിൽ എണ്ണപ്പണത്തിന്റെ സ്വാധീനം അവഗണിക്കാനാവില്ല. പക്ഷെ സമ്പദ്‌സമൃദ്ധിയുടെ കാലത്തായിരുന്നില്ല ഇന്ത്യ ഏഷ്യ വാണത്. കാലത്തിനൊപ്പം പ്രൊഫഷനൽക്കരിക്കാനും ഫുട്‌ബോളിനെ മാർക്കറ്റ് ചെയ്യാനും ഇന്ത്യക്കു സാധിച്ചില്ല. ജഗ്‌മോഹൻ ദാൽമിയയെപ്പോലൊരാൾ തലപ്പത്തു വന്നില്ലെന്നതാണ് ഇന്ത്യൻ ഫുട്‌ബോളിന്റെ ദുരന്തം. പകരം രണ്ടു പതിറ്റാണ്ടായി അഖേലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെ ഭരിക്കുന്നത് മന്ത്രിപ്പണി കൂടി തലയിലുള്ള പ്രിയരഞ്ജൻ ദാസ് മുൻഷിയാണ്. ഇന്ത്യയുടെ വിപണിമൂല്യം ഫിഫയും എ.എഫ്.സിയും മനസ്സിലാക്കിത്തുടങ്ങിയെന്നതാണ് ആശ്വാസം. സ്‌കൂൾ തലം മുതൽ സീനിയർ തലം വരെ കളിക്ക് ശക്തമായ ഘടനയുണ്ടാക്കിയും ടൂർണമെന്റുകൾ പുനരുജ്ജീവിപ്പിച്ചും മാത്രമേ ഇന്ത്യൻ ഫുട്‌ബോളിന് മുന്നോട്ടേക്ക് ചുവട് വെക്കാനാവൂ.






