സൗദിയിലേക്ക് പോകാന്‍ മലയാളികള്‍ ഇപ്പോഴും ദുബായിലേക്ക്; സാഹസത്തിന് മുതിരരുതെന്ന് അധികൃതര്‍

ദുബായ്- വിമാന സര്‍വീസ് പുനരാരംഭിക്കാതെ സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നതിനായി ആരും യു.എ.ഇയില്‍ എത്തരുതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. അമന്‍പുരി അഭ്യര്‍ഥിച്ചു.  35 മലയാളികള്‍ കൂടി കഴിഞ്ഞ ദിവസം ദുബായില്‍ എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളിലേക്കും പോകാനായി ദുബായിലെത്തി കുടുങ്ങിയവര്‍ 1400 ഓളം പേര്‍ വരുമെന്നാണ് കണക്ക്. ഈ രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തതയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിലേക്ക് ദുബായ് വഴി പോകാന്‍ ആരും തുനിയരുതെന്ന്  കോണ്‍സല്‍ ജനറല്‍ അഭ്യര്‍ഥിച്ചു.

ഐ.പി.എഫ്, കെ.എം.സി.സി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, മര്‍ക്കസ് തുടങ്ങിയവയുടെ ഭാരവാഹികളുമായി ഈ വിഷയം കോണ്‍സുലേറ്റ് അധികൃതര്‍ ചര്‍ച്ച ചെയ്തു.  

ഭീമമായ തുക നല്‍കി ദുബായിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം പോകുന്നത് പ്രായോഗികമല്ലെന്നും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതിന്റെ അപകടം എല്ലാവരും തിരിച്ചറിയണമെന്ന് കോണ്‍സുലേറ്റ്  അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ദുബായില്‍ കുടുങ്ങിയവരില്‍ പലരും ബഹ്‌റൈന്‍ വിസ നേടി അവിടേക്ക് പോകാനുള്ള ശ്രമത്തിലാണ്. ചിലര്‍ ബഹ്‌റൈനിലെത്തിയിട്ടുണ്ട്. അവിടെനിന്നും 14 ദിവസം കഴിഞ്ഞേ സൗദിയിലേക്കും കുവൈത്തിലേക്കും പോകാന്‍ സാധിക്കുകയുള്ളൂ.

 

 

Latest News