നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി പാര്‍വതി

തിരുവനന്തപുരം-  വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി പാര്‍വതി തിരുവോത്ത്. നടിയെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു ഇതിനോടാണ് പാര്‍വ്വതി പ്രതികരിച്ചത്.ഈയാവശ്യവുമായി സിപിഎം ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ല. മത്സരിക്കുന്ന കാര്യം എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍വതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പാര്‍വതിയെ മത്സരിപ്പിക്കാന്‍ ചില ഇടതുപക്ഷ സിനിമ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. കര്‍ഷകസമരത്തിന് തന്റെ പരിപൂര്‍ണ്ണപിന്തുണയെന്ന് പാര്‍വതി നേരത്തെ പറഞ്ഞിരുന്നു. കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളാണെന്നും ആ ജീവനമാര്‍ഗ്ഗം അവരില്‍ നിന്ന് കട്ടെടുക്കരുതെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു. മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഭിന്നമായി അവരുടെ ജീവിതത്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന സവിശേഷത കൂടി ഈ പ്രക്ഷോഭത്തിനുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു സ്ഥിരം തന്ത്രമാണെന്ന് വിമര്‍ശിച്ചുകൊണ്ട് പാര്‍വതി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ താരങ്ങളെ പാര്‍വതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഒരേ പോലുള്ള ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന അപഹാസ്യമായ പ്രവൃത്തിയാണ് ഈ ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായതെന്ന് പാര്‍വതി കുറ്റപ്പെടുത്തി. ഇത്തരം ട്വീറ്റുകളിലൂടെ ഇന്ത്യ പ്രൊപ്പഗാന്‍ഡയ്‌ക്കെതിരാണ് എന്ന് പറയുന്നതാണ് പ്രൊപ്പഗാന്‍ഡയെന്നും പാര്‍വതി തിരിച്ചടിച്ചു. ഇവരുടെ പ്രവൃത്തി വേദനയുണ്ടാക്കുന്ന തമാശയാണെന്ന് പാര്‍വതി പറയുന്നു.


 

Latest News