സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള പെരുമാറ്റച്ചട്ടം റെഡി

ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെ ഇവയെ നിയന്ത്രിക്കാന്‍ തയാറാക്കിയ കരടു നിയമത്തിലെ ചട്ടങ്ങളും പുറത്തു വന്നു. സമൂഹ മാധ്യമ, ഒടിടി പ്ലാറ്റ്‌ഫോമുകളേയും വാര്‍ത്താ സൈറ്റുകളേയും നിയന്ത്രിക്കുന്നതിന് പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള പുറപ്പാടിലാണ് കേന്ദ്രം. സ്വയം നിയന്ത്രണ സംവിധാനത്തിലൂന്നിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കരട് നിയമം. സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള പെരുമാറ്റച്ചട്ടവും ഇവ പാലിക്കുന്നുണ്ടെന്ന് അറിയിക്കാനായി സ്ഥിരം സവിധാനവും ഉണ്ടായിരിക്കണമെന്നാണ് കരട് നിയമത്തിലുള്ളത്. സര്‍ക്കാരിന്റെ പോലീസ്, അന്വേഷണ ഉദ്യോഗസ്ഥരുടെ പരാതികള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകമായി ഒരു മുഴു സമയ ഓഫീസറെ ചുമതലപ്പെടുത്തണമെന്നാണ് നിര്‍ദേശങ്ങളിലൊന്ന്. തര്‍ക്കപരിഹാര സംവിധാനമായി ഒരു പോര്‍ട്ടലും ഒരു മേല്‍നോട്ട സംവിധാനവും ഉണ്ടായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ സെക്രട്ടറി റാങ്കിലുള്ള ഒരു ഓഫീസര്‍ക്ക് നടപടികളെടുക്കാന്‍ അധികാരമുണ്ടായിരിക്കും. 

വിവാദ ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ നിയമപരമായ ബാധ്യതയില്‍ നിന്നും സോഷ്യന്‍ മീഡിയ വമ്പന്‍മാര്‍ക്കുള്ള ഇളവ് കാര്യമായി വെട്ടിക്കുറക്കുന്നതാണ് പുതിയ കരട് നിയമം. എന്തെല്ലാം അനുവദനീയമാണ്, എന്തെല്ലാം അനുവദനീയം അല്ല എന്ന കാര്യത്തില്‍ യൂസര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതിനുള്ള ഉത്തരവാദിത്തം കമ്പനികള്‍ക്കുമേലുണ്ട്. അതേസമയം ഈ നിയമം ശിക്ഷകളെ കുറിച്ചു പരാമര്‍ശിക്കുന്നില്ല. 

കോടതിയോ അധികാരികളോ പരാതിപ്പെട്ടാല്‍ പ്രസ്തുത കണ്ടന്റ് 36 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ഈ കരടു നിയമം പറയുന്നു. സമൂഹ മാധ്യമങ്ങളുടേയും ഡിജിറ്റല്‍ മീഡിയയുടെയും പ്രാധാന്യം വര്‍ധിച്ചതോടെ ഉത്തരവാദിത്തത്തോടെയുള്ള സ്വാതന്ത്ര്യം പരിപോഷിപ്പിക്കുന്ന ഒരു നിയമ ചട്ടക്കൂട് ഉണ്ടായിരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്നും ഇവയുടെ പ്രവര്‍ത്തനം നിയമ പരിധികള്‍ക്കുള്ളില്‍ നിന്നാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ ചട്ടങ്ങളെന്നും സര്‍ക്കാരിന്റെ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
 

Latest News