കുവൈത്ത് സിറ്റി- ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ രക്തസാമ്പിള്‍ മാറ്റിയെന്ന കേസില്‍ മലയാളിയായ നഴ്‌സിന് കുവൈത്ത് കോടതി അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന്‍ എബിന്‍ തോമസിനെയാണ് ശിക്ഷിച്ചത്.
നിലവില്‍ ജാമ്യത്തിലുള്ള എബിന് അപ്പീല്‍ നല്‍കാന്‍ കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് എബിന്റ അഭിഭാഷകന്‍ അറിയിച്ചു. മാര്‍ച്ച് മുതല്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞിരുന്ന എബിന് ഓഗസ്റ്റില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.
അറബിയുടെ വീട്ടില്‍ പാചക ജോലിക്ക് നിയോഗിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിക്ക് മഞ്ഞപ്പിത്തമുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന കുറ്റമാണ് എബിന്റെ മേല്‍ ചുമത്തിയിരുന്നത്. കുവൈത്തിലെ അല്‍ ഫഹീല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്‌സായിരുന്നു എബിന്‍.
ബംഗ്ലാദേശ് സ്വദേശി ക്ലിനിക്കില്‍ പരിശോധനക്കെത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തമുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാല്‍ അറബിയുടെ വീട്ടില്‍ ജോലി ചെയ്യവേ രക്തപരിശോധനയില്‍ മഞ്ഞപ്പിത്തം കണ്ടെത്തി.
തുടര്‍ന്നാണ് രോഗവിവരം മറച്ചുവെച്ചുവെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എബിനെ കുവൈത്ത് പോലീസ് അറസ്റ്റു ചെയ്തത്. എബിന്‍ ഉള്‍പ്പെടെ ഏഴു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറ്റുള്ളവര്‍ ബംഗ്ലാദേശ് സ്വദേശികളാണ്. സംഭവത്തില്‍ എബിന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളും വീട്ടുകാരും പറയുന്നത്. ബംഗ്ലാദേശ് സ്വദേശിയായ ഹസന്‍ എന്നയാള്‍ രോഗബാധിതനായ ബംഗ്ലാദേശി യുവാവില്‍നിന്ന് പണം കൈപ്പറ്റി രക്തസാമ്പിള്‍ മാറ്റുകയായിരുന്നുവെന്നും അവര്‍ പറയുന്നു.






