Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെരിപ്പിടാത്ത  ഹൈദ്രോസ്

പ്രവാസം കത്തിത്തീരുകയാണെന്നും ഇനിയെങ്കിലും ചെലവു ചുരുക്കണമെന്നും പലരും പറയാറുണ്ടെങ്കിലും ഞങ്ങൾക്ക് അതൊന്നും ബാധകമല്ല. മെസ്സിൽ ഒരു കുക്കിനെ വെച്ച സ്ഥിതിക്ക് മൂന്നു നേരമെങ്കിലും അയാളെക്കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിച്ചില്ലെങ്കിൽ അതു നഷ്ടമാണ്. അതുകൊണ്ടു തന്നെ  ഖുബ്ബൂസിനെ കുറിച്ചുള്ള കവിത ചൊല്ലാനോ ഖുബ്ബൂസിനെ പ്രണയിക്കാനോ ഒന്നും ഞങ്ങളെ കിട്ടില്ല. 
ഉച്ചക്ക് വെച്ച കറി കൊണ്ട് എല്ലാവരും രാത്രിയും പിറ്റേന്ന് രാവിലേയും ഒരു റിയാലിന്റെ ഖുബ്ബൂസ് വാങ്ങി അഡ്ജസ്റ്റ് ചെയ്യുമ്പോൾ ഞങ്ങളുടെ മെസ്സിൽ ദോശയും പൊറാട്ടയും ചിക്കനും മീനും ബിരിയാണിയും നെയ്‌ച്ചോറും കൊണ്ടുള്ള ആറാട്ടാണ്. 
ബിരിയാണിയും മീനുമൊക്കെ നല്ല ക്വാണ്ടിറ്റിയിൽ തട്ടുന്നവരാണ് ഞങ്ങൾ എല്ലാവരും. പക്ഷേ, ഇപ്പോഴും വിസ്മയിപ്പിക്കുന്ന കാര്യം ഒരേ ക്വാണ്ടിറ്റിയിൽ ഫുഡ് തട്ടാറുള്ള ഹൈദ്രോസിന് രോഗമൊന്നുമില്ലാത്ത പൊണ്ണത്തടിയും  മെലിഞ്ഞുണങ്ങിയ മൊയ്തുവിന് കൊളസ്‌ട്രോളും. 
അതിരാവിലെ നടത്തം കഴിഞ്ഞെത്തുന്ന മൊയ്തുവിന്റെ മസിലു പിടിക്കാൻ വിഫല ശ്രമം നടത്തിക്കൊണ്ട് ഹൈദ്രോസ് ചോദിക്കും: എത്ര ലിറ്റർ കൊളസ്‌ട്രോൾ ഒഴുക്കിക്കളഞ്ഞു മൊയ്തൂ. 
പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കണ്ട എന്നു മാത്രം പറയും മൊയ്തു. അന്നേരം ഹൈദ്രോസ് തുടരും: പല മാന്യന്മാരും രാവിലെയും വൈകിട്ടും നടക്കാൻ പോകുന്നതിന്റെ രഹസ്യമൊക്കെ എനിക്കറിയാം. അതു ചിലർക്കുള്ള വെടിയാണ്.
അങ്ങനെയിരിക്കെ, മൊയ്തുവിന്റേത് കരിനാക്കാണോ എന്നു പരിശോധിക്കേണ്ട ഒരു സംഭവമുണ്ടായി. 
ഉച്ചക്ക് നമസ്‌കാരത്തിനായുള്ള ഗ്യാപ്പിൽ റൂമിലേക്ക് ഓടി വന്നതായിരുന്നു ഹൈദ്രോസ്. മറ്റുള്ളവരൊക്കെ പള്ളിയിലേക്ക് പോകുമ്പോൾ ഹൈദ്രോസിന്റെ മുറിയിലേക്കുള്ള വരവ് ഒരു ചെറിയ ഇടത്തട്ടിനുള്ളതാണ്. മീനിന്റേയും ചോറിന്റേയും രുചി നോക്കാനെന്നാണ,് ആരെങ്കിലും വിമർശിച്ചാൽ ഹൈദ്രോസിന് അതിനുള്ള മറുപടി.
അങ്ങനെ ചാടിവന്ന ഹൈദ്രോസ് ഒന്നാം നിലയിലുള്ള ഫഌറ്റിലേക്ക് സ്റ്റപ്പ് കയറവേ തളർന്നുവീണു. ആ സമയത്ത് കുക്ക് ഡോർ തുറന്ന് പുറത്തിറങ്ങിയത് ഭാഗ്യം. ഹൈദ്രോസിനെ ഉടൻ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ പ്രഷറും ഷുഗറും ഹൈ. 
മൂക്കറ്റം തിന്നിട്ടും ഒരു ചുക്കും സംഭവിക്കാതിരുന്ന ഹൈദ്രോസിനും കിട്ടി അങ്ങനെ ജീവിത ശൈലീ രോഗങ്ങളിൽ രണ്ടെണ്ണം. മരുന്ന് കഴിക്കാതെ കയിച്ചിലാകാൻ മാക്‌സിമം നോക്കിയെങ്കിലും ഡോക്ടർമാർ വിട്ടില്ല. ഉടൻ ഗുളിക കഴിച്ചില്ലെങ്കിൽ ഇനിയും ബോധരഹിതനാകാമെന്നും പിന്നെ ഇൻസുലിൻ വേണ്ടിവരുമെന്നൊക്കെ അവർ ഭയപ്പെടുത്തി. 
ഹൈദ്രോസിനു വേറെ വഴി ഉണ്ടായിരുന്നില്ല; സമ്മതിച്ചു. മരുന്ന് കൊണ്ട് മാത്രം ഭേദമാകില്ലെന്നും ദിവസം മുക്കാൽ മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
ആശുപത്രിയിൽനിന്ന് നേരെ ഓഫീസിലേക്കായിരുന്നു ഹൈദ്രോസിന്റെ വരവ്. മരുന്നും കെട്ടും ഓഫീസിലേക്ക് കയറ്റി നാലാളറിയേണ്ടല്ലോ എന്നു കരുതി പുറത്ത് കളയാൻ വെച്ചിരുന്ന കാർപെറ്റിനിടയിൽ തിരുകി. നല്ല തീരുമാനമാണ്. അസുഖങ്ങൾ എന്തിനു മാലോകരെ അറിയിക്കണം. 
വൈകിട്ട് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അവിടെ ഉണ്ടായിരുന്ന കാർപെറ്റ് കാണാനില്ല. ഗുളിക സഞ്ചിയുമില്ല. 
ക്ലീനിംഗ് ചുമതലയുള്ള ബംഗാളിയെ കൈകൊട്ടി വിളിച്ചു. കാർപെറ്റ് എവിടെയെന്നു ചോദിച്ചപ്പോൾ മുഴുവൻ കളഞ്ഞുവെന്ന് മറുപടി. 
പനഡോൾ കണ്ടോ? ഗുളിക എന്നു പറഞ്ഞാൽ ബംഗാളിക്ക് പനഡോളാണ്. 
കളയാൻ വെച്ചതാണെന്ന് കരുതി അതും കൊണ്ടുപോയി വേസ്റ്റ് ബോക്‌സിൽ തള്ളിയെന്നു മറുപടി.  
ഇനിയും പോയി മരുന്ന് വാങ്ങുമ്പോൾ ഉണ്ടാകുന്ന ധനനഷ്ടം ഓർക്കുകയായിരുന്നു ഹൈദ്രോസ്. 
വീണ്ടും കാശ് ചെലവാക്കുന്നതിനു മുമ്പ് ആ മൊയ്തുവിന്റേയും മൽബുവിന്റേയും മാർഗം സ്വീകരിച്ച് രാവിലെ പോയി രണ്ട് റൗണ്ട് നടന്നൂടെ എന്ന് മുന്നിലുള്ള ബംഗാളി മലയാളത്തിൽ ചോദിക്കുന്നതായി  ഹൈദ്രോസിനു തോന്നി. അപ്പോൾ തന്നെ ഹൈദ്രോസ് ഒരു തീരുമാനമെടുത്തു. 
നാളെ മുതൽ അതിരാവിലെ മുക്കാൽ മണിക്കൂർ നടക്കണം. എന്നിട്ടും തീരുമാനമാകുന്നില്ലെങ്കിൽ മതി മരുന്ന് സേവ.
അടുത്ത ദിവസം ഗ്രൗണ്ടിനു ചുറ്റും വാക്കിംഗ് ടീം തമാശ പറഞ്ഞു നീങ്ങവെ മൊയ്തുവാണ് അക്കാര്യം ആദ്യം ശ്രദ്ധിച്ചത്. നമ്മുടെ ഹൈദ്രോസിനെ പോലൊരു തടിമാടൻ ചെരിപ്പൂരി കൈയിൽ പിടിച്ച് ആഞ്ഞു നടക്കുന്നു. പിറകിൽനിന്ന് നോക്കുമ്പോൾ ഹൈദ്രോസിന്റെ അതേ കട്ട്: മൽബു ശരിവെച്ചു.
ടീമംഗങ്ങൾ കുറച്ചുവേഗം കൂട്ടി നടന്ന് ടിയാന്റെ അടുത്തെത്തിയപ്പോഴാണ് അതു സാക്ഷാൽ ഹൈദ്രോസാണെന്ന് ബോധ്യപ്പെട്ടത്. 
ഹൈദ്രോസ്‌ക്കാ ഷൂ വാങ്ങിയിട്ട് നടത്തം തുടങ്ങിയാൽ പോരായിരുന്നോ? കാല് വേദനിക്കില്ലേ ? മൽബു ചോദിച്ചു.
മുറിയിൽ ഷൂ ഇല്ലാഞ്ഞിട്ടൊന്നുമല്ല. പ്രകൃതിയെ മറന്നുകൂടാ.. നടക്കുമ്പോൾ അതു പ്രകൃതിയിൽ ടച്ച് ചെയ്തു തന്നെ വേണം. നേപ്പാളികളെ കണ്ടിട്ടില്ലേ.. അവർ ഇതുപോലെ ചെരിപ്പൂരി കൈയിൽ പിടിച്ചാ നടക്കുക. 
പറഞ്ഞുതീരുന്നതിനു മുമ്പ് രണ്ട് നേപ്പാളികൾ അതുവഴി നടന്നുവന്നു. രണ്ടു പേരുടെയും കൈയിൽ ചെരിപ്പുകൾ. 
 

Latest News