ചണ്ഡീഗഡ്- കുടുംബത്തിന്റെ താല്പര്യത്തിനു വിരുദ്ധമായി 17 വയസ്സായ മുസ്ലിം പെണ്‍കുട്ടി 36 കാരനെ വിവാഹം ചെയ്തത് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ശരിവെച്ചു. 18 വയസ്സില്‍ താഴെയാണെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ആരേയും വിവാഹം ചെയ്യാന്‍ മുസ്ലിം വ്യക്തി നിയമം അനുമതി നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. പഞ്ചാബില്‍നിന്നുള്ള മുസ്ലിം ദമ്പതികളുടെ ഹരജിയില്‍ വാദം കേട്ടാണ് ജസ്റ്റിസ് അല്‍ക സരിന് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരി 21 നായിരുന്നു 17 കാരിയും 36 കാരനും വിവാഹിതരായത്. ഇവരുടെ കുടുംബാംഗങ്ങള്‍ അത് അംഗീകരിച്ചിരുന്നില്ല. ബന്ധുക്കളുടെ എതിര്‍പ്പില്‍ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാര്‍ കോടതിയെ സമീപിച്ചത്.
മുസ്ലീം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും അടിസ്ഥാനമാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
താല്‍പ്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേര്‍പ്പെടാന്‍ ഋതുമതിയായ പെണ്‍കുട്ടിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സര് ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ മുഹമ്മദീയന്‍ നിയമതത്വങ്ങള്‍ എന്ന പുസ്തകത്തിലെ 195ാം വകുപ്പ് പരാമര്‍ശിച്ച് കോടതി ചൂണ്ടിക്കാട്ടി.
സ്ഥിരബുദ്ധിയില്ലാത്തവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വിവാഹക്കരാര്‍ തടയാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായവരുടെ പൂര്‍ണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195ാം വകുപ്പില്‍ പറയുന്നു.
ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തില്‍ 15 വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
മുസ്ലിം വ്യക്തി നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായതായി കണക്കാക്കാമെന്നും പെണ്കുട്ടിക്കോ ആണ്‍കുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടല്‍ കൂടതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹരജിക്കാര്‍ വാദിച്ചു.
പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ള സ്വാതന്ത്ര്യം വ്യക്തിനിയമപരിധിയില്‍ പെടുന്നതാണെന്നും കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കുടുംബാംഗങ്ങളുടെ എതിര്‍പ്പുള്ളതു കൊണ്ടു മാത്രം ദമ്പതിമാര്‍ക്ക് നിയമം ഉറപ്പു നല്കുന്ന മൗലികാവകാശം നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.






