ദുബായ്- കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ നടന്ന രഹസ്യ വിരുന്നിനെതിരെ കടുത്ത നടപടി സ്വീകരിച്ച് ദുബായ് പോലീസ്. ടൂറിസം വിഭാഗവുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ പാര്‍ട്ടി നടത്തിയവര്‍ക്ക് 50,000 ദിര്‍ഹം പിഴ ഈടാക്കി. പാര്‍ട്ടിയില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും 15,000 ദിര്‍ഹമാണ് പിഴ. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ വിരുന്ന് നടത്തിയതും സാമൂഹ്യ അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതുമൊക്കെയാണ് പിഴയുടെ കാരണം.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദുബായ് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ ഇതുപോലെ പാര്‍ട്ടി നടത്തിയ ഹോട്ടലിലെത്തി 50,000 ദിര്‍ഹം പിഴയിട്ടിരുന്നു. ഒരു മാസത്തേക്ക് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. ഫെബ്രുവരി രണ്ട് മുതല്‍ ദുരന്ത നിവാരണ വിഭാഗവും സുപ്രീം കമ്മിറ്റിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി പരിശോധിച്ചു വരികയാണ്. ഏതെങ്കിലും വിധത്തില്‍ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 901 ലേക്ക് വിളിക്കണമെന്ന് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.