ജിദ്ദ - നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറുടെ കണ്ണുവെട്ടിച്ച് യുവതി രണ്ടായിരം റിയാല്‍ കവര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തി. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ യുവതിയാണ് തട്ടിപ്പ് നടത്തിയത്.
കാഷ്യര്‍ക്കു സമീപത്തായി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിന് മറ്റൊരു ജീവനക്കാരനും നിലയുറപ്പിച്ചിരുന്നു. ഈ സമയത്ത് സാധനങ്ങളുടെ വില നല്‍കുന്നതിനിടെ കണക്കില്‍ പിഴവുണ്ടെന്ന് വാദിച്ച് യുവതി കാഷ്യറുമായി തര്‍ക്കിക്കുകയും ക്യാഷ് മെഷീനില്‍ കൈയിട്ട് പണം പിടിച്ചുവലിച്ച് കാഷ്യറുടെ മുന്നില്‍ വെച്ചു തന്നെ നോട്ടുകെട്ടുകള്‍ എണ്ണുകയും പണം തിരികെ നല്‍കുകയും ചെയ്തു.
ഇതിനിടെയാണ് അസാധാരണ മെയ്വഴക്കത്തോടെ യുവതി രണ്ടായിരം റിയാല്‍ അടിച്ചുമാറ്റിയത്. പണം കെക്ക് താഴെ ഒളിപ്പിച്ച യുവതി പിന്നീട് ഇത് ബാഗില്‍ വെക്കുകയുമായിരുന്നു. തട്ടിപ്പ് നടത്തിയ യുവതിക്കൊപ്പം മറ്റൊരു വനിത കൂടിയുണ്ടായിരുന്നു. പണം മോഷ്ടിച്ചയുടന്‍ ഇരുവരും ധിറുതിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തിറങ്ങി സ്ഥലം വിട്ടു. കാഷ്യറായ സൗദി വിദ്യാര്‍ഥിയാണ് കബളിപ്പിക്കലിന് ഇരയായത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കാഷ്യറുടെ മേല്‍ സ്ഥാപന അധികൃതര്‍ ചുമത്തുകയും മോഷണം പോയ 2,000 റിയാല്‍ യുവാവിന്റെ കണക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു.