പാലക്കാട് - മോഷണം കയ്യോടെ പിടിക്കപ്പെടുമ്പോൾ പിടിച്ചയാളെ കള്ളനാക്കുന്ന പതിവു കലാപരിപാടിയാണ് സി.പി.എം നേതാവ് എം.ബി.രാജേഷ് നടത്തുന്നത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാൻ മുൻഎം.പി ശ്രമിച്ചത് ഇടതുപക്ഷം എത്രമാത്രം ജീർണ്ണിച്ചുവെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രക്കിടയിൽ മണ്ണാർക്കാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന എം.വി.ഗോവിന്ദന്റെ തുറന്നു പറച്ചിൽ മൂലധനശക്തികളെ സംരക്ഷിക്കുന്ന പിണറായി വിജയൻ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.
കാലടി സർവ്വകലാശാലയിൽ എം.ബി.രാജേഷിന്റെ ഭാര്യക്ക് നിയമനം ലഭിക്കാൻ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചുവെന്ന് പറഞ്ഞത് പ്രതിപക്ഷമല്ല, ഇടതുപക്ഷ സഹയാത്രികരായ ഇന്റർവ്യൂ ബോർഡ് അംഗങ്ങളാണ്. സത്യം തുറന്നു പറഞ്ഞ അവരെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് സി.പി.എം നേതാവ് ശ്രമിച്ചത്. മോഷണം കയ്യോടെ പിടിക്കപ്പെടുമ്പോൾ എല്ലാ മോഷ്ടാക്കളും നടത്തുന്ന പതിവു കലാപരിപാടിയാണത്. ഉപജാപസിദ്ധാന്തമുയർത്തി രാേജഷ് സ്വയം അപഹാസ്യനാവുന്നു. മൂന്ന് വിഷയവിദഗ്ധരും കൂടി വൈസ്ചാൻസലർക്ക് സമർപ്പിച്ച കത്ത് അന്ന് തന്നെ തന്റെ ഭാര്യക്ക് അയച്ചു കൊടുത്തത് ഉപജാപത്തിന്റെ ഭാഗമായാണ് എന്നാണ് മുൻഎം.പിയുടെ ആരോപണം. നുണ പറയുമ്പോൾ വിശ്വസനീയമായി പറയാനെങ്കിലും കഴിയണം. വി.സിക്ക് അയച്ച കത്ത് എങ്ങനെ ചോർന്നുവെന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തു വരും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളുടേതുൾപ്പെടെയുള്ള എല്ലാ അനധികൃതനിയമനങ്ങളും റദ്ദാക്കും.
വൈരുദ്ധ്യാത്മകവാദം ഇന്ത്യയിൽ പ്രായോഗികമല്ല എന്ന ഗോവിന്ദൻ മാസ്റ്ററുടെ പ്രഖ്യാപനം കുറ്റസമ്മതമാണ്. ഭരണവർഗം മൂലധനശക്തികളുടെ താൽപര്യം സംരക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത് പിണറായി ഭരണത്തെക്കുറിച്ചാണ്. വിശ്വാസികളുടെ അഭിപ്രായം മാനിച്ചേ ശബരിമല പ്രശ്നം കൈകാര്യം ചെയ്യുകയുള്ളൂ എന്ന് പറയുന്ന സി.പി.എം നേതാക്കൾ ആത്മാർത്ഥതയുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവണം. ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് ഇടതു സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് വാക്കു പാലിക്കുകയാണ് വേണ്ടത്- ചെന്നിത്തല പറഞ്ഞു.
ഐശ്വര്യകേരള യാത്രയുടെ ജില്ലയിലെ പര്യടനം പൂർത്തിയായി. യാത്ര ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കും.