ദുബായ്- യു.എ.ഇയുടെ പര്യവേക്ഷണ വാഹനം ചൊവ്വയിലേക്ക് പ്രവേശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, അറബ് ലോകത്തേയും രാജ്യത്തേയും അഭിസംബോധന ചെയ്ത് യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്. എന്തു സംഭവിക്കുന്നുവെന്നത് പ്രശ്‌നമല്ല, ചരിത്രം സൃഷ്ടിക്കപ്പെടുകയാണ്- വികാരഭരിതനായി അദ്ദേഹം പറഞ്ഞു.
ആകാംക്ഷയോടെ കണ്ണുനട്ടിരിക്കുകയാണ് യു.എ.ഇക്കൊപ്പം അറബ് ലോകവും. ഏഴു മാസത്തെ യാത്രക്കു ശേഷം ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വ രാത്രി 7.42ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പുള്ള നിമിഷങ്ങളും നിര്‍ണായകമാണ്.
ഭ്രമണപഥത്തിലേക്കുള്ള പ്രവേശനത്തെ മാര്‍സ് ഓര്‍ബിറ്റ് ഇന്‍സെര്‍ഷന്‍(എം.ഒ.ഐ) എന്നാണ് വിളിക്കുന്നത്. പേടകത്തെ വഹിച്ചു കൊണ്ടു പോകുന്ന വാഹനം തലതിരിയുകയും ഹോപ് പ്രോബിന്റെ ആറ് ത്രസ്റ്റുകളും പ്രവര്‍ത്തിക്കുകയും വേണം. പേടകത്തിന്റെ വേഗം കുറക്കാനാണിത്. 27 മിനിറ്റ് ത്രസ്റ്റുകള്‍ കത്തിതീരുമ്പോഴേക്കും 1,21,000 കി.മീ വേഗം18,000 കി.മീ ആകും. ഈ സമയങ്ങളില്‍ ഹോപ് പ്രോബുമായുള്ള സ്റ്റേഷന്റെ ബന്ധം വളരെ കുറവായിരിക്കും.
ചൊവ്വ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ പര്യവേക്ഷണ വാഹനത്തിന്റെ അമ്പതു ശതമാനവും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ശൈഖ് മുഹമ്മദിന്റെ സന്ദേശം. ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും നാം ചരിത്രത്തിലേക്ക് പ്രവേശിച്ചു എന്ന് ഞാന്‍ പറയും. യു.എ.ഇ എത്തിച്ചേര്‍ന്നിട്ടുള്ള പ്രപഞ്ചത്തിലെ ഏറ്റവും വിദൂരമായ കേന്ദ്രമാണതെന്നും അദ്ദേഹം പറഞ്ഞു.