ദുബായ്- സൗദിയിലേക്ക് വരാൻ ദുബായിൽ എത്തി കുടുങ്ങിയ ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചത് യാത്രക്കാർക്ക് ഇരട്ടി പ്രഹരമായി. അടുത്ത ദിവസം തന്നെ അതിർത്തികൾ തുറക്കുമെന്നും സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്നുമായിരുന്നു ഭൂരിഭാഗം യാത്രക്കാരും കരുതിയിരുന്നത്. ഇതിനിടെയാണ് എംബസിയുടെ അറിയിപ്പുണ്ടായത്. അതേസമയം, പ്രശ്‌നത്തിൽ ഇതേവരെ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാടിൽ പ്രവാസികൾക്ക് കടുത്ത പ്രതിഷേധവുമുണ്ട്.
സൗദി, കുവൈറ്റ് യാത്രാവിലക്കിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഇന്ത്യൻ എംബസി പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈറ്റ് യാത്ര താത്കാലികമായി സാധിക്കില്ല. സൗദി അറേബ്യ കഴിഞ്ഞ ദിവസമാണ് ദുബായ് അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്.